സൂര്യകുമാര്‍ ആറാം നമ്പറില്‍ ബാറ്റ് ചെയ്യണമായിരുന്നു; ഫൈനല്‍ തോല്‍വിയില്‍ വിമര്‍ശനവുമായി അനില്‍ കുംബ്ലെ
Cricket
സൂര്യകുമാര്‍ ആറാം നമ്പറില്‍ ബാറ്റ് ചെയ്യണമായിരുന്നു; ഫൈനല്‍ തോല്‍വിയില്‍ വിമര്‍ശനവുമായി അനില്‍ കുംബ്ലെ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 21st November 2023, 11:34 am

ഐ.സി.സി ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ആറ് വിക്കറ്റുകള്‍ക്ക് തോല്‍പ്പിച്ച് ഓസ്‌ട്രേലിയ ആറാം ലോകകിരീടം ചൂടിയിരുന്നു. തുടര്‍ച്ചയായ പതിനൊന്ന് മത്സരങ്ങളും വിജയിച്ചു വന്ന ഇന്ത്യന്‍ ടീം ഫൈനലില്‍ കാലിടറുകയായിരുന്നു.

ഫൈനലിലെ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീമിനെ വിമര്‍ശിച്ചിച്ച് രംഗത്തെത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ അനില്‍ കുംബ്ലെ.

മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ ആറാം നമ്പറില്‍ സൂര്യകുമാര്‍ യാദവ് ബാറ്റ് ചെയ്യണമെന്നായിരുന്നുവെന്നാണ് കുംബ്ലെ പറഞ്ഞത്.

‘മത്സരത്തില്‍ സൂര്യകുമാര്‍ യാദവ് പുറത്താകുമോ എന്ന ആശങ്ക ഉണ്ടാവരുത്. വലിയ ലക്ഷ്യം മുന്നിലുണ്ടാകുമ്പോള്‍ ഇത്തരം ആശങ്കകള്‍ ആവശ്യമില്ല. ഓരോ സാഹചര്യത്തിലും മികച്ച താരങ്ങള്‍ക്ക് അവസരം നല്‍കണം. ഫൈനലില്‍ ജഡേജക്ക് മുന്‍പായി സൂര്യകുമാര്‍ ബാറ്റ് ചെയ്യണമായിരുന്നു. കാരണം സൂര്യകുമാര്‍ മികച്ച ബാറ്ററാണ്. മത്സരത്തില്‍ അദ്ദേഹം ആ സ്ഥാനങ്ങളില്‍ ഇറങ്ങിയിരുന്നുവെങ്കില്‍ നന്നായി ബാറ്റ് ചെയ്യുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു,’ അനില്‍ കുംബ്ലെ ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയോട് പറഞ്ഞു.

ഫൈനലില്‍ ബാറ്റ് ചെയ്യുമ്പോള്‍ സമ്മര്‍ദത്തിലായ ഇന്ത്യന്‍ ടീമിനെ വലിയ ടോട്ടലിലേക്ക് എത്തിക്കുന്നതില്‍ സൂര്യകുമാര്‍ പരാജയപ്പെട്ടു. 28 പന്തില്‍ 18 റണ്‍സ് മാത്രമാണ് സ്‌കൈക്ക് നേടാനായത്.

ഒടുവില്‍ ഇന്ത്യ 240 റണ്‍സിന് പുറത്താവുകയായിരുന്നു. ഓസീസ് ബൗളിങ് നിരയില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റും പാറ്റ് കമ്മിന്‍സ് ഹേസല്‍വുഡ് എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തിയപ്പോള്‍ ഇന്ത്യന്‍ ബാറ്റിങ് 240ല്‍ അവസാനിക്കുകയായിരുന്നു.

ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ നായകന്‍ രോഹിത് ശര്‍മ 47 റണ്‍സും വിരാട് കോഹ്ലി 54 റണ്‍സും കെ.എല്‍ രാഹുല്‍ 66 റണ്‍സും നേടി മികച്ച പ്രകടനം കാഴ്ചവെച്ചു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയ 43 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. ഓസീസ് ബാറ്റിങ്ങില്‍ ട്രെവിസ് ഹെഡ് 137 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ ഓസ്‌ട്രേലിയ തങ്ങളുടെ ആറാം കിരീടം സ്വന്തമാക്കുകയായിരുന്നു.

നവംബര്‍ 23 മുതല്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള അഞ്ച് ടി-20 പരമ്പര നടക്കും.

Content Highlight: Anil kumble criticize Indian batting order in ICC World cup final.