16 വയസുണ്ടായിരുന്ന ജസ്പ്രീത് ബുംറയെ നെറ്റ്‌സില്‍ നേരിട്ട അനുഭവം തുറന്നുപറഞ്ഞ് യുവരാജ് സിങ്. നെറ്റ്‌സില്‍ വളരെ വേഗത്തില്‍ ബുംറ പന്തെറിഞ്ഞിരുന്നുവെന്നാണ് യുവി പറയുന്നത്. കാന്‍സറിനോട് പൊരുതി 2013ല്‍ കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ സാഹചര്യത്തിലാണ് യുവരാജ് ബുംറയെ നെറ്റ്‌സില്‍ നേരിട്ടത്.
ബുംറ വളരെ മികച്ച രീതിയില്‍, വേഗതയില്‍ പന്തെറിഞ്ഞുവെന്നും ഒടുവില്‍ തനിക്കെതിരെ പന്തെറിയുന്നത് അവസാനിപ്പിക്കാന്‍ താന്‍ ആവശ്യപ്പെടുന്ന സ്ഥിതിയുണ്ടായെന്നും യുവി പറഞ്ഞു.
യുവരാജ് സിങ്
മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ വോണുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാന്‍ കാന്‍സറിനോട് പൊരുതി ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താന്‍ ശ്രമിക്കുന്ന സമയമായിരുന്നു അത്. ആ സാഹചര്യത്തില്‍ എനിക്ക് നെറ്റ്‌സില്‍ ബുംറയെ നേരിടേണ്ടതായി വന്നിരുന്നു. അന്ന് അവന് 16 വയസ് മാത്രമായിരുന്നു പ്രായം. അവനെ നെറ്റ്‌സില്‍ നിന്ന് പുറത്താക്കൂ, എനിക്കെതിരെ പന്തെറിയാതിരിക്കൂ എന്നെല്ലാം പറയുന്ന അവസ്ഥയിലായിരുന്നു കാര്യങ്ങള്‍.
നീ ആര് തന്നെയായാലും ഒന്ന് നിര്‍ത്തൂ എന്നെനിക്ക് പറയേണ്ടി വന്നു. കാരണം ഞാന്‍ കാന്‍സറിന് ശേഷം ഒരു തിരിച്ചുവരവിന് ശ്രമിക്കുകയായിരുന്നു ഞാന്‍ താളം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍ ഈ ചെറുക്കന്‍ അതിവേഗത്തില്‍ പന്തെറിയുകയാണ്.
ജസ്പ്രീത് ബുംറ
അവനോട് പന്തെറിയുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ട കാര്യം പിന്നീട് ബുംറ തന്നെയാണ് എന്നോട് പറഞ്ഞത്. നിന്റെ പന്തുകള്‍ക്ക് അത്രയേറെ വേഗതയുണ്ടായിരുന്നു എന്നാണ് അപ്പോള്‍ ഞാന്‍ മറുപടി നല്‍കിയത്,’ യുവരാജ് പറഞ്ഞു.
ഇന്നത്തെ കളി രീതികള്‍ നോക്കുകയാണെങ്കില്‍ അവന്‍ തന്നെയാണ് ഏറ്റവും മികച്ച ബൗളര്‍. കാരണം ബാറ്റര്‍മാര്‍ അവനെ അക്രമിച്ചു കളിക്കാന്‍ മുതിരുന്നില്ല. അവനെ നേരിടാന്‍ അവര്‍ക്ക് പേടിയാണ്; പകരം സിംഗിള്‍ എടുത്ത് സ്‌ട്രൈക്ക് കൈമാറാനും മറ്റ് ബൗളര്‍മാരെ അടിക്കാനുമാണ് അവര്‍ ശ്രമിക്കുന്നത്.
ഇനി ആരെങ്കിലും അവനെ അടിച്ചുപറത്താന്‍ ശ്രമിച്ചാലോ അവന്‍ അതിന് അനുവദിക്കുകയുമില്ല. അവന്‍ അത്രയ്ക്ക് ബുദ്ധിശാലിയാണ്. മികച്ച കഴിവിനൊപ്പം ബാറ്റര്‍മാരെ കബളിപ്പിക്കുന്ന ബൗളിങ് ആക്ഷനും അവനുണ്ട്. അവന്റെ കൈയില്‍ നിന്നുള്ള ‘സ്ലോവര്‍ ബോളുകള്‍’ തിരിച്ചറിയുക എന്നത് വളരെ പ്രയാസകരമാണ്,’യുവി കൂട്ടിച്ചേര്‍ത്തു.
Content Highlight: Yuvraj Singh shares his experience of facing 16-year-old Bumrah in the nets