കരിയറിന്റെ ഏറ്റവും മോശം ഘട്ടത്തില്‍ സഞ്ജു സാംസണുമായുള്ള സംഭാഷണം എങ്ങനെ അവനില്‍ സ്വാധീനം ചെലുത്തിയെന്നതിനെ കുറിച്ച് ഇന്ത്യന്‍ ലെജന്‍ഡ് യുവരാജ് സിങ്. സഞ്ജുവിന്റെ ബാറ്റിങ്ങിലെ പോരായ്മകളെ കുറിച്ചും അവന്‍ നേരിട്ട വെല്ലുവിളികളെ കുറിച്ചും സ്‌പോര്‍ട്‌സ് തക്കിന് നല്‍കിയ അഭിമുഖത്തില്‍ യുവരാജ് സിങ് പറഞ്ഞു.
ടി-20 ലോകകപ്പിന് മുന്നോടിയായി സഞ്ജു സാംസണ്‍ യുവരാജ് സിങ്ങിന് കീഴില്‍ പരിശീലകനം നടത്തിയിരുന്നു. തുടര്‍ച്ചയായി പരാജയപ്പെട്ട സാഹചര്യത്തില്‍ ബാറ്റിങ്ങിനോടുള്ള തന്റെ സമീപനത്തെ കുറിച്ച് മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘സഞ്ജു സാംസണെ കുറിച്ച് സംസാരിക്കുമ്പോള്‍, തുടര്‍ച്ചയായി 8-10 മത്സരങ്ങളില്‍ തിളങ്ങാന്‍ സാധിക്കാതെ അവന്‍ ഒരു മോശം സാഹചര്യത്തിലൂടെ കടന്നുപോവുകയായിരുന്നു. ഞാന്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെന്ന് സ്വയം ചിന്തിക്കേണ്ട സമയമാണിത്. പ്ലെയിങ് ഇലവനില്‍ തനിക്ക് സ്ഥാനമുണ്ടാകില്ല എന്ന് ചിന്തിക്കുന്ന തലത്തേലിക്ക് സഞ്ജു എത്തിയിരുന്നു.
സൗത്ത് ആഫ്രിക്കയില്‍ രണ്ട് സെഞ്ച്വറി നേടിയിരുന്നു. ഇന്ത്യ 2024ല്‍ ലോകകപ്പ് നേടിയപ്പോഴാണ് ഞാന്‍ അവനുമായി സംസാരിച്ചത്. ആ ലോകകപ്പില്‍ സഞ്ജുവിന് കളിക്കാന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ രണ്ട് – മൂന്ന് ഐ.പി.എല്‍ സീസണുകളിലായി ഞാന്‍ അവന്റെ ബാറ്റിങ് നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. സമയം കിട്ടുമ്പോഴെല്ലാം സംസാരിക്കാമെന്ന് ഞാന്‍ അവനോട് പറഞ്ഞു,’ യുവി പറഞ്ഞു.
ലോകകപ്പുമായി
ബാറ്റിങ്ങില്‍ താരത്തിന്റെ പ്രധാന പോരായ്മയെ കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘സഞ്ജുവിനോടുള്ള എന്റെ പ്രധാന പ്രശ്‌നം ഫൂട്‌വര്‍ക്കിലെ പോരായ്മകളായിരുന്നു. അവന്‍ ഫൂട്‌വര്‍ക്ക് മെച്ചപ്പെടുത്തണം. ഫൂട്‌വര്‍ക്ക് മെച്ചപ്പെടുത്തിയില്ലെങ്കില്‍ നിരന്തരം കുഴപ്പത്തില്‍ ചെന്നുചാടേണ്ടി വരും. റണ്‍സ് നേടുന്നതും നേടാതിരിക്കുന്നതും തീര്‍ത്തും വ്യത്യസ്തമാണ്, എന്നാല്‍ തീര്‍ച്ചയായും നിങ്ങള്‍ ഫൂട്‌വര്‍ക്ക് മെച്ചപ്പെടുത്തണം. അതിനായി ഞാന്‍ അവന് ചില നിര്‍ദേശങ്ങള്‍ നല്‍കി.
അതിന് ശേഷവും അവന്‍ കളിച്ചു. എന്നാല്‍ തുടക്കത്തിലേ വമ്പന്‍ പ്രകടനങ്ങളുണ്ടായില്ല. എന്നാല്‍ വീണ്ടും അവസരം ലഭിച്ചു. ക്വാര്‍ട്ടര്‍, സെമി ഫൈനല്‍, ഫൈനല്‍ എന്നീ മത്സരങ്ങളില്‍ അവന്‍ കൂടുതല്‍ പന്തുകള്‍ നേരിടുമ്പോഴും അവന്റെ ഫൂട്‌വര്‍ക്ക് മെച്ചപ്പെട്ടുകൊണ്ടേയിരുന്നു. ക്രീസില്‍ കൂടുതല്‍ സമയം ചെലവഴിച്ചപ്പോള്‍ അവന്റെ ഫൂട്‌വര്‍ക് മെച്ചപ്പെട്ടതായി,’ യുവരാജ് സിങ് കൂട്ടിച്ചേര്‍ത്തു.
സഞ്ജു സാംസൺ
2026 ടി-20 ലോകകപ്പില്‍ അഞ്ച് ഇന്നിങ്‌സുകളില്‍ മാത്രമാണ് സഞ്ജു ബാറ്റെടുത്തത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ വിര്‍ച്വല്‍ ക്വാര്‍ട്ടര്‍ ഫൈനലിലും ഇംഗ്ലണ്ടിനെതിരായ നിര്‍ണായക സെമിയിലും കലാശപ്പോരാട്ടത്തിലും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് താരം ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്.
ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച റണ്‍ ഗെറ്ററായ സഞ്ജുവിനെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും തേടിയെത്തി.
എന്നാല്‍ ലോകകപ്പിന് ശേഷം ഐ.പി.എല്ലില്‍ കളത്തിലിറങ്ങിയ സഞ്ജുവിന് കാലിടറിയിരിക്കുകയാണ്. ചെന്നൈ സൂപ്പര്‍ കങ്‌സിനൊപ്പം കളിച്ച രണ്ട് മത്സരത്തില്‍ നിന്നും ആകെ നേടാന്‍ സാധിച്ചത് 7.0 ശരാശരിയില്‍ 14 റണ്‍സ് മാത്രമാണ്.
വരും മത്സരങ്ങളില്‍ താരം തിരിച്ചുവരുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
Content Highlight: Yuvraj Singh about Sanju Samson