തൃശൂര്‍: പ്രശസ്ത ഗാന രചയിതാവും കവിയും സംവിധായകനുമായ യൂസഫലി കേച്ചേരി(81) അന്തരിച്ചു. ഏറെ നാളായി രോഗ ബാധിതനായിരുന്ന ഇദ്ദേഹം ന്യുമോണിയ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. മൂന്ന് ചിത്രങ്ങളുടെ സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.
മലയാള സിനിമയില്‍ അറുന്നൂറിലേറെ മനോഹരഗാനങ്ങളാണ് ഇദ്ദേഹത്തിന്റെ തൂലികതയില്‍ പിറന്നത്. സിനിമക്ക് വേണ്ടിയല്ലാതെയും നിരവധി ഗാനങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഓടക്കുഴല്‍ അവാര്‍ഡ്, വള്ളത്തോള്‍ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. മികച്ച ഗാനരചനയ്ക്കുള്ള ദേശീയ അവാര്‍ഡ് ഒരു തവണയും സംസ്ഥാന അവാര്‍ഡ് മൂന്ന് തവണയും ലഭിച്ചിട്ടുണ്ട്.
പതിനാലാം രാവുദിച്ചത്, സ്വര്‍ണം താണിറങ്ങിവന്നതോ, വെണ്ണയോ വെണ്ണിലാവുറഞ്ഞതോ, തമ്പ്രാന്‍ കൊടുത്തത് മലരമ്പ്, അനുരാഗഗാനം പോലെ, കൃഷ്ണകൃപാ സാഗരം, ഇന്നെന്റെ ഖല്‍ബിലെ, ഇശല്‍ തേന്‍കണം, അഞ്ചു ശരങ്ങളും, മറന്നോ നീ നിലാവില്‍, ആലില കണ്ണാ, കണ്ണീര്‍ മഴയത്ത് തുടങ്ങി മലയാളം ഇന്നും നെഞ്ചേറ്റുന്ന നിരവധി ഗാനങ്ങള്‍ ഇദ്ദേഹം രചിച്ചതാണ്.
1934 മെയില്‍ തൃശൂരിലെ കേച്ചേരിയില്‍ ജനനം, ആര്‍ടസിലും നിയമത്തിലും ബിരുദം നേടി. അഭിഭാഷകനായി ആദ്യകാല ജീവിതം. പിന്നീട് കവിതാ രചനയിലേക്ക് കടന്നു നിരവധി കവിതകളാണ് അദ്ദേഹത്തിന്റെ തൂലികയില്‍ പിറന്നത്. സൈനബ, സ്തന്യ ബ്രഹ്മം, ആയിരം നാവുള്ള മൗനം (കവിതാ സമാഹാരം), അഞ്ചു കന്യകകള്‍, നാദബ്രഹ്മം, അമൃത്, മുഖപടമില്ലാതെ, കേച്ചേരിപ്പുഴ, ആലില, കഥയെ പ്രേമിച്ച കവിത, ഹജ്ജിന്റെ മതേതര ദര്‍ശനം, പേരറിയാത്ത നൊമ്പരം എന്നിവ കൃതികളാണ്. നീലത്താമര (1979), വനദേവത (1976), മരം (1972) എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍. മഴ എന്ന ചിത്രത്തിലെ ഗാനത്തി ല്‍ ദേശീയ പുരസ്‌കാരത്തിനര്‍ഹനായി.
നാളെ വൈകീട്ട് കേച്ചേരി പട്ടിക്കര ജുമാ മസ്്ജിദിലാണ് സംസ്‌കാരം. നാളെ രാവിലെ 11 മുതല്‍ ഒരുമണിവരെ തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ പൊതുദര്‍ശനത്തിനു വെക്കും
