യുംനാം ഖേംചന്ദ് സിങ് മണിപ്പൂര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; രണ്ട് ഉപമുഖ്യമന്ത്രിമാരും അധികാരത്തിലേക്ക്
India
യുംനാം ഖേംചന്ദ് സിങ് മണിപ്പൂര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; രണ്ട് ഉപമുഖ്യമന്ത്രിമാരും അധികാരത്തിലേക്ക്
അനിത സി
Wednesday, 4th February 2026, 6:35 pm

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചു. മുഖ്യമന്ത്രിയായി യുംനാം ഖേംചന്ദ് സിങ് സത്യപ്രതിജ്ഞ ചെയ്തു. ഒപ്പം രണ്ട് ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി.

കുക്കി ബി.ജെ.പി എം.എല്‍.എയായ നെംച കിപ്ജെനും നാഗാ പീപ്പിള്‍സ് ഫ്രണ്ട് (എന്‍.പി.എഫ്) എം.എല്‍.എ ലോസി ദിഖോയുമാണ് മണിപ്പൂരിന്റെ ഉപമുഖ്യമന്ത്രിമാര്‍.

ഗോവിന്ദസ് കന്തൗജം (ബി.ജെ.പി), യിലെ കെ. ലോകെന്‍ സിങ് (എന്‍.പി.പി)എന്നിവര്‍ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു.

വംശീയ കലാപത്തെ തുടര്‍ന്ന് രാജി വെച്ച ബി.ജെ.പി നേതൃത്വത്തിലെ മന്ത്രിസഭ ഒരു വര്‍ഷത്തിന് ശേഷമാണ് വീണ്ടും അധികാരത്തിലേറുന്നത്.

മണിപ്പൂരില്‍ ഒരു വര്‍ഷം നീണ്ടു നിന്ന രാഷ്ട്രപതി ഭരണം കഴിഞ്ഞദിവസം അവസാനിപ്പിച്ചിരുന്നു. ചൊവ്വാഴ്ച ദല്‍ഹിയില്‍ നടന്ന മണിപ്പൂര്‍ നിയമസഭാ പാര്‍ട്ടി യോഗത്തില്‍ വെച്ച് ഖേംചന്ദ് സിങ്ങിനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കുയും ചെയ്തിരുന്നു.

മണിപ്പൂരിലെ മെയ്തെയ്,കുക്കി വിഭാഗങ്ങള്‍ക്കിടയിലെ വംശീയ കലാപം രൂക്ഷമായതോടെയാണ് ബി.ജെ.പി നേതൃത്വം നല്‍കിയിരുന്ന മുഖ്യമന്ത്രി ബീരേന്‍ സിങ്ങിന്റെ കീഴിലുള്ള മന്ത്രിസഭ 2025 ഫെബ്രുവരി ഒമ്പതിന് രാജിവെച്ചത്. തുടര്‍ന്ന് ഫെബ്രുവരി 13ന് മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം നിലവില്‍ വരികയായിരുന്നു.

രാഷ്ട്രപതി ഭരണത്തിനും കേന്ദ്രസര്‍ക്കാരിനും മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കാനോ കുറ്റകൃത്യങ്ങള്‍ തടയാനോ സാധിച്ചിരുന്നില്ല. ഒരു വര്‍ഷത്തിനിപ്പുറവും ഈ ആക്ഷേപങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇതിനിടെയാണ് ബി.ജെ.പി വീണ്ടും ഭരണത്തിലേറിയിരിക്കുന്നത്.

Content Highlight: Yumnam Khemchand Singh sworn in as Manipur Chief Minister; two deputy chief ministers also take charge

അനിത സി
ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍