കോപ്പി റൈറ്റിന്റ പേരില്‍ ലക്ഷങ്ങള്‍ ചോദിച്ച് ഭീഷണി; വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐക്കെതിരെ പരാതിയുമായി യൂട്യൂബര്‍മാര്‍
national news
കോപ്പി റൈറ്റിന്റ പേരില്‍ ലക്ഷങ്ങള്‍ ചോദിച്ച് ഭീഷണി; വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐക്കെതിരെ പരാതിയുമായി യൂട്യൂബര്‍മാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th May 2025, 11:33 pm

ന്യൂദല്‍ഹി: വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ (ഏഷ്യന്‍ ന്യൂസ് ഇന്റര്‍നാഷണല്‍)ക്കെതിരെ ഗുരുതര ആരോപണവുമായി യൂട്യൂബര്‍മാര്‍. ഡിജിറ്റല്‍ ക്രിയേറ്റര്‍മാരില്‍ നിന്ന് പണം തട്ടാന്‍ എ.എന്‍.ഐ യൂട്യൂബിന്റെ കോപ്പി റൈറ്റ് നിയമങ്ങള്‍ ഉപയോഗിക്കുന്നതായാണ് പരാതി.

തന്റെ വീഡിയോകളിലെ പകര്‍പ്പവകാശ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പ്രതിവര്‍ഷം 30 മുതല്‍ 40 ലക്ഷം രൂപ വരെ നല്‍കാന്‍ എ.എന്‍.ഐ ആവശ്യപ്പെട്ടതായാണ് യൂട്യൂബര്‍ മോഹക് മംഗള്‍ ആരോപിച്ചിരിക്കുന്നത്. കോപ്പി റൈറ്റിന്റെ ഒരു സ്ട്രൈക്ക് പിന്‍വലിക്കാനും തന്റെ ചാനലിലേക്കുള്ള ആക്സസ് പുനസ്ഥാപിക്കാനും എ.എന്‍.ഐ 48 ലക്ഷം രൂപയും ജി.എസ്.ടിയും ആവശ്യപ്പെട്ടതായാണ് മോഹകിന്റെ പരാതി.

കറന്റ് അഫയേഴ്സ് വീഡിയോകള്‍ നിര്‍മിക്കുന്ന യൂട്യൂബില്‍ 4.18 മില്യണ്‍ സബ്‌ക്രൈബേഴ്‌സുള്ള യൂട്യൂബറാണ് മോഹക് മംഗള്‍. എ.എന്‍.ഐയുടെ നടപടി ബ്ലാക്ക്മെയിലാണെന്ന് മോഹക് ആരോപിച്ചു.

ലൈസന്‍സ് ഫീസ് നല്‍കാതെ തങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ ഉപയോഗിച്ച യൂട്യൂബര്‍മാരില്‍ നിന്ന് നഷ്ടപരിഹാരവും ലൈസന്‍സ് ഫീസും ഈടാക്കണമെന്ന് എ.എന്‍.ഐ ആവശ്യപ്പെട്ടിരിന്നു. നഷ്ടപരിഹാരത്തിനായുള്ള നടപടി ഉപേക്ഷിക്കാന്‍ വാര്‍ത്ത ഏജന്‍സി ആനുവല്‍ ലൈസന്‍സിന് 48 ലക്ഷവും ജി.എസ്.ടിയും ആവശ്യപ്പെട്ടതായാണ് മോഹക് മംഗള്‍ കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രി അശ്വിനി വൈഷ്ണവിന് അയച്ച കത്തില്‍ പറയുന്നത്.

ഇത് സംബന്ധിച്ച് മോഹക് പങ്കുവെച്ച വീഡിയോയില്‍ തെളിവായി തനിക്ക് ലഭിച്ച് ഇമെയില്‍, ഫോണ്‍ കോള്‍ റെക്കോര്‍ഡുകള്‍ എന്നിവ പങ്കുവെച്ചിട്ടുണ്ട്. പത്ത് സെക്കന്‍ഡില്‍ താഴെയുള്ള ചെറിയ വീഡിയോ ക്ലിപ്പുകള്‍ ഉപയോഗിക്കുന്നത് യൂട്യൂബിന്റെ അനുമതിയുണ്ടെന്നാണ് മോഹക് അവകാശപ്പെടുന്നത്. ന്യൂസ്, എജ്യുക്കേഷന്‍ വീഡിയോകള്‍ക്കാണ് ഇത് സാധിക്കുക.

മോഹക്കിന് പുറമെ മറ്റൊരു യൂട്യൂബറായ പൗരുഷ് ശര്‍മയും സമാനമായ പരാതി ഉന്നയിച്ചിട്ടുണ്ട്. തനിക്ക് എ.എന്‍.ഐയുടെ രണ്ട് കോപ്പി റൈറ്റ് സ്‌ട്രൈക്കുകള്‍ ലഭിച്ചതായും പണം നല്‍കുകയോ സബ്സ്‌ക്രിപ്ഷന്‍ ചെയ്യുകയോ ചെയ്തില്ലെങ്കില്‍ തന്റെ ചാനല്‍ നീക്കം ചെയ്യുമെന്ന് മുന്നറിയിപ്പ് ലഭിച്ചതായും പൗരുഷ് ശര്‍മ പറഞ്ഞു.

Content Highlight: YouTubers file complaint against news agency ANI, extortion over copyright infringement