അച്ഛൻ മരിക്കുന്ന വേദന എനിക്കറിയാം, നമ്മൾ തുല്യ ദുഃഖിതരായല്ലേ.. എന്ന് ധ്യാൻ പറഞ്ഞു: അശ്വന്ത് കോക്ക്
Malayalam Cinema
അച്ഛൻ മരിക്കുന്ന വേദന എനിക്കറിയാം, നമ്മൾ തുല്യ ദുഃഖിതരായല്ലേ.. എന്ന് ധ്യാൻ പറഞ്ഞു: അശ്വന്ത് കോക്ക്
നന്ദന എം.സി
Thursday, 19th February 2026, 7:47 am

യൂട്യൂബ് മലയാളി മൂവി റിവ്യൂവേഴ്‌സിൽ വൈറൽ താരമാണ് അശ്വന്ത് കോക്ക്. തനിക്ക് മോശമെന്ന് തോന്നുന്ന സിനിമകളെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്നതാണ് അശ്വന്തിന്റെ ശൈലി. അതിനാൽത്തന്നെ സിനിമാമേഖലയിൽ ഉള്ളവർക്ക് അശ്വന്തിനോട് വിയോജിപ്പുമുണ്ട്.

തന്റെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങളും ദുഃഖങ്ങളും മറ്റുള്ളവർ അറിയുന്നത് ഇഷ്ടമില്ലാത്ത ഒരാളാണെന്ന് അശ്വന്ത് തുറന്ന് പറയുന്നു.

എന്നാൽ തന്റെ അച്ഛൻ മരിച്ച വിവരം വലിയ രീതിയിൽ ആളുകൾ അറിയാനിടയായത് തനിക്ക് വ്യക്തിപരമായി ഇഷ്ടമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അശ്വന്ത് കോക്ക്, Photo: YouTube/ Screengrab

മൂവീ വേൾഡ് മീഡിയ ഗ്ലോബൽ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അശ്വന്ത് കോക്ക് ഈ കാര്യങ്ങൾ പങ്കുവച്ചത്. അച്ഛൻ മരിച്ച വിവരം അറിഞ്ഞതോടെ നിരവധി താരങ്ങളും രാഷ്ട്രീയ പ്രവർത്തകരും തനിക്ക് മെസ്സേജുകൾ അയച്ചെന്നും അദ്ദേഹം പറഞ്ഞു.

‘എന്റെ പേർസണൽ കാര്യങ്ങൾ ആളുകൾ അറിയുന്നത് എനിക്ക് ഇഷ്ടമല്ല. അതെന്റെ സന്തോഷമാവട്ടെ സങ്കടമാവട്ടെ. അച്ഛൻ മരിച്ചതറിഞ്ഞ് അപ്രതീക്ഷിതമായി കുറെ പേർ എന്നെ വിളിച്ചു. ഞാൻ തന്നെ റിവ്യൂസിൽ ഊക്കി വിട്ട ആളുകൾ എന്നെ വിളിച്ചു.

ഇത്രയും പേർ നമ്മളെ അറിയുന്നുണ്ട്, നമ്മൾ ഓക്കേ അല്ലാത്ത സിറ്റുവേഷനിൽ നമ്മളെ വിളിച്ചും അന്വേഷിച്ചും, വരണോ എന്ന് ചോദിക്കുകയും എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ പറയാൻ പറയുകയും ചെയ്യുന്നവരാണ്. ഒന്നും രണ്ടും പേരല്ല, നൂറുകണക്കിന് ആളുകൾ മെസ്സേജ് അയച്ചു,’ അശ്വന്ത് പറഞ്ഞു.

ഷൈൻ ടോം ചാക്കോ , Photo: IMDb

അതിൽ ചില സന്ദേശങ്ങൾ അദ്ദേഹത്തെ അതീവമായി സ്പർശിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഷൈൻ ടോം ചാക്കോ മെസ്സേജ് അയച്ചു. ‘അച്ഛൻ മരിക്കുന്ന വേദന എനിക്ക് അറിയാം’ എന്ന് പറഞ്ഞൊരു മെസ്സേജ്.

പുള്ളി എനിക്കെതിരെ കുറെ ബൈറ്റ്സ് കൊടുത്തിട്ടുള്ള ഒരാളാണ്. അതുപോലെ വലിയ ഹയർ പൊസിഷനിലുള്ള മീഡിയ പേർസൺസും മെസ്സേജ് അയച്ചു. ഇവരൊക്കെ എന്നെ വാച്ച് ചെയ്യുന്നുണ്ടെന്നും എന്നെ അറിയാമെന്നു പോലും ഞാൻ ഇപ്പോഴാണ് അറിയുന്നത്,’ അദ്ദേഹം പറഞ്ഞു.

തന്നോട് ഉള്ള ദേഷ്യം തന്റെ അച്ഛന്റെ ഫോട്ടോയുടെ താഴെ വന്ന് കമന്റിൽ തെറി പറയുന്നതിനോട് തനിക്ക് യോജിച്ച് പോകാൻ സാധിക്കില്ലെന്നും അദ്ദേഹംകൂട്ടിച്ചേർത്തു.

അച്ഛൻ മരിച്ചതിന് ശേഷം താൻ ആദ്യമായി കണ്ട സിനിമ ‘സർവ്വം മായ’ ആണെന്നും, അച്ഛൻ മരിക്കുന്നതിന് മുൻപ് അവസാനമായി ചെയ്ത വീഡിയോ ശ്രീനിവാസൻ സാർ മരിച്ച സമയത്തായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതുപോലെ തന്നെ ധ്യാൻ ശ്രീനിവാസൻ അയച്ച സന്ദേശവും അശ്വന്ത് പ്രത്യേകമായി പരാമർശിച്ചു.

‘ധ്യാൻ എനിക്ക് മെസ്സേജ് അയച്ചിരുന്നു ‘നമ്മൾ തുല്യ ദുഃഖിതരായല്ലേ… ബ്രോ, സ്‌ട്രോങ്ങ് ആയിട്ട് നിൽക്കണം’ എന്ന് പറഞ്ഞിട്ട്. പുറമെ കാണുന്ന പോലെ ഒന്നുമല്ല ആളുകൾ, വളരെ സീരിയസ് ആയി എടുക്കുന്നവരും ഉണ്ട്, അശ്വന്ത് പറഞ്ഞു.

Content Highlight: YouTuber Ashwant Koke talks about his father’s death

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.