ട്രാവല്‍ വ്‌ളോഗിന്റെ മറവില്‍ പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തി നടത്തിയ യൂട്യൂബര്‍ അറസ്റ്റില്‍
national news
ട്രാവല്‍ വ്‌ളോഗിന്റെ മറവില്‍ പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തി നടത്തിയ യൂട്യൂബര്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th May 2025, 6:11 pm

ന്യൂദല്‍ഹി: ഇന്ത്യയുടെ പ്രതിരോധ വിവരങ്ങള്‍ പാകിസ്ഥാന്‍ ചാരസംഘടനയ്ക്ക് ചോര്‍ത്തി നല്‍കിയ യൂട്യൂബര്‍ അറസ്റ്റില്‍. ഹരിയാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രാവല്‍ ബ്ലോഗറായ ജ്യോതി മല്‍ഹോത്ര ഉള്‍പ്പെടെ ആറ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹരിയാനയിലെ ഹിസാര്‍ പൊലീസാണ് ജ്യോതി മല്‍ഹോത്രയെ അറസ്റ്റ് ചെയ്തത്.

യാത്രയുമായി ബന്ധപ്പെട്ട ട്രാവല്‍ വ്‌ളോഗുകള്‍ ചെയ്യുന്ന ആളാണ് അറസ്റ്റിലായ ജ്യോതി മല്‍ഹോത്ര. ഇവര്‍ പാകിസ്ഥാനുമായി രഹസ്യ സൈനിക വിവരങ്ങള്‍ പങ്കുവെച്ചതായാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്. യൂട്യൂബര്‍ക്ക് പുറമെ പാകിസ്ഥാന് വേണ്ടി സാമ്പത്തിക സഹായികളായി പ്രവര്‍ത്തിച്ച ഏജന്റുമാരെയടക്കം ആറ് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

അറസ്റ്റിലായവരില്‍ കമ്മീഷന്‍ ഏജന്റുമാരായി പ്രവര്‍ത്തിച്ചവര്‍ 2023ല്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇവര്‍ക്ക് പാകിസ്ഥാനിലേക്കുള്ള യാത്രയ്ക്ക് സൗകര്യമൊരുക്കിയതായി ആരോപിക്കപ്പെടുന്ന ഡാനിഷ് എന്ന പാക്കിസ്ഥാന്‍ ഹൈക്കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥനുമായി ഇവര്‍ ബന്ധപ്പെട്ടതായും അന്വേഷണ ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നുണ്ട്.

വാട്ട്സ്ആപ്പ്, ടെലിഗ്രാം, സ്നാപ്ചാറ്റ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ ജ്യോതി ഇവരുമായി ആശയവിനിമയം നടത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇന്ത്യയിലെ പല സെന്‍സിറ്റീവ് പ്രദേശങ്ങളുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ഇവര്‍ പാകിസ്ഥാന് കൈമാറിയതായും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പാകിസ്ഥാന്‍ അനുകൂല ഉള്ളടക്കം പ്രചരിപ്പിച്ചതായും ആരോപണമുണ്ട്.

ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 152, 1923 ലെ ഔദ്യോഗിക രഹസ്യ നിയമത്തിലെ സെക്ഷന്‍ 3, 4, 5 എന്നിവ പ്രകാരമാണ് ജ്യോതിക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. ഇവര്‍ കുറ്റസമ്മതം നടത്തിയതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Content Highlight: YouTuber arrested for spying for Pakistan under the guise of a travel vlog