'ചിറക് യൂത്ത് ക്ലബ്' യുവാക്കളെ ലക്ഷ്യമിട്ട് മുസ്‌ലിം യൂത്ത് ലീഗിന്റെ പുതിയ സംഘടന
Kerala
'ചിറക് യൂത്ത് ക്ലബ്' യുവാക്കളെ ലക്ഷ്യമിട്ട് മുസ്‌ലിം യൂത്ത് ലീഗിന്റെ പുതിയ സംഘടന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th September 2025, 1:05 pm

കോഴിക്കോട്: യുവാക്കളെ ലക്ഷ്യമിട്ട് ‘ചിറക് യൂത്ത് ക്ലബ്’ എന്ന പേരില്‍ പുതിയ സംഘടന രൂപീകരിക്കാനൊരുങ്ങി മുസ്‌ലിം യൂത്ത് ലീഗ്. മലപ്പുറം ജില്ലാ കമ്മിറ്റിയാണ് പുതിയ സംഘടന രൂപീകരിക്കുന്നത്. നിലവില്‍ ജില്ലാ തലത്തില്‍ സംഘടനയുടെ പ്രത്യേക സമിതി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. മുന്‍ ഫുട്ബോള്‍ താരം അനസ് എടത്തൊടികയാണ് സമിതിയുടെ ചെയര്‍മാന്‍.

കലാ-കായിക-സാംസ്‌കാരിക മേഖലയില്‍ ശ്രദ്ധിക്കപ്പെട്ട വ്യക്തികളുടെ നേതൃത്വത്തിലാണ് സംഘടനയ്ക്ക് രൂപം നല്‍കുന്നത്.

ഒളിമ്പ്യന്‍ കെ.ടി. ഇര്‍ഫാനാണ് ചിറക് യൂത്ത് ക്ലബിന്റെ അംബാസിഡര്‍. സൂഫി ഗായകന്‍ സമീര്‍ ബിന്‍സി, എ.ഐ വിദഗ്ധന്‍ ഉമര്‍ അബ്ദുസലാം തുടങ്ങിയവര്‍ യൂത്ത് ലീഗിന്റെ പുതിയ നീക്കത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

സെപ്റ്റംബര്‍ 23ന് മലപ്പുറത്ത് വെച്ചാണ് ക്ലബിന്റെ ലോഞ്ചിങ്. ഇത് നിലവിലുള്ള മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി മലപ്പുറത്തിന് നല്‍കുന്ന ഒരു സമ്മാനമാണെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ശരീഫ് കുറ്റൂര്‍ പറഞ്ഞു.

ജില്ലയിലെ ചെറുപ്പക്കാരുടെ ആരോഗ്യവും പ്രതിഭാശേഷിയും സര്‍ഗാത്മകതയുമെല്ലാം പരിപോഷിപ്പിക്കുന്നതിനായാണ് പുതിയ സംഘടനയ്ക്ക് രൂപം നല്‍കുന്നതെന്നും ശരീഫ് കുറ്റൂര്‍ അറിയിച്ചു. ലഹരിക്കെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ചിതമാക്കാനും യുവജന കൂട്ടായ്മകളുമായി ചേര്‍ന്നുമായിരിക്കും സംഘടനയുടെ പ്രവര്‍ത്തനം.

പുതിയ സംഘടനയിലൂടെ യുവാക്കളെ കൂടുതല്‍ സജീവമാക്കുക എന്നതാണ് യൂത്ത് ലീഗിന്റെ ലക്ഷ്യം. അതേസമയം ഫുട്‌ബോള്‍ താരമായ അനസ് എടത്തൊടിക മെയ് മാസത്തില്‍ മുസ്‌ലിം യൂത്ത് ലീഗില്‍ ചേര്‍ന്നിരുന്നു. കൊണ്ടോട്ടി നിയോജക മണ്ഡലം യൂത്ത് ലീഗ് മെമ്പര്‍ഷിപ്പ് ക്യാമ്പയിനിലാണ് അനസ് അംഗത്വമെടുത്തത്.

ഇതിനുമുന്നോടിയായി അനസിന് സ്‌പോര്‍ട്‌സ് ക്വാട്ട നിയമനത്തിലൂടെയുള്ള ജോലി പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു. നിലവിലെ മാനദണ്ഡമനുസരിച്ച് അനസിന് ജോലിക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ലെന്ന് സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു.

2021ലെ വിജ്ഞാപനം അനുസരിച്ച്, 2015 മുതല്‍ 2019 വരെയുള്ള കാലയളവില്‍ സ്പോട്സ് ക്വാട്ട നിയമനത്തിന് സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചിരുന്നു. ഇക്കാലയളവില്‍ കായികനേട്ടങ്ങള്‍ കൈവരിച്ചവര്‍ക്ക് മാത്രമേ അപേക്ഷ നല്‍കാന്‍ വിജ്ഞാപനം അനുവദിക്കുന്നുള്ളു.

എന്നാൽ വിജ്ഞാപനം അനുസരിച്ചുള്ള നേട്ടങ്ങൾ അനസ് കൈവരിച്ചിരുന്നില്ല. ഇക്കാരണത്താലാണ് അനസിന് നിയമനം നിഷേധിക്കപ്പെട്ടത്. പിന്നാലെ സംഭവം വിവാദമാകുകയും അനസ് ലീഗില്‍ അംഗത്വമെടുക്കുകയുമായിരുന്നു.

Content Highlight: Youth League started a new organization ‘Chirak Youth Club’ targeting youth