ബസില്‍ ലൈംഗികാതിക്രമണമെന്ന വീഡിയോക്ക് പിന്നാലെ യുവാവിന്റെ മരണം; യുവതിക്കെതിരെ മുഖ്യമന്ത്രിക്കടക്കം പരാതി പ്രവാഹം
Kerala News
ബസില്‍ ലൈംഗികാതിക്രമണമെന്ന വീഡിയോക്ക് പിന്നാലെ യുവാവിന്റെ മരണം; യുവതിക്കെതിരെ മുഖ്യമന്ത്രിക്കടക്കം പരാതി പ്രവാഹം
ആദര്‍ശ് എം.കെ.
Monday, 19th January 2026, 8:13 am

കോഴിക്കോട്: ബസില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ യുവതിക്കെതിരെ പരാതി.

മുഖ്യമന്ത്രിക്കും ഡി.ജി.പി റവാഡ ചന്ദ്രശേഖറിനും കോഴിക്കോട് സിറ്റി പൊലീസിനും ഇതിനോടകം തന്നെ നിരവധി പരാതികളാണ് ലഭിച്ചിരിക്കുന്നത്.

വിഡിയോ പ്രചരിച്ചതിനും സോഷ്യല്‍ മീഡിയ വിചാരണയ്ക്കും പിന്നാലെ അപമാനവും മാനസിക സംഘര്‍ഷവുമാണ് കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ ദീപക് ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് പരാതികളില്‍ പറയുന്നത്. പരാതികളില്‍ പൊലീസ് അന്വേഷണം നടത്താനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.

യുവതി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ മനം നൊന്താണ് ദീപക് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിക്കക്കുന്നു.

ദീപക്കിന്റെ മരണത്തിന് പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് യുവതിക്ക് നേരെ ഉയരുന്നത്.

ഹൈക്കോടതി അഭിഭാഷകന്‍ കുളത്തൂര്‍ ജയ്‌സിങ്ങും യുവതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ബസില്‍വെച്ച് ദീപക് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് സമൂഹമാധ്യമങ്ങളില്‍ യുവതി വീഡിയോ പങ്കുവെച്ചത്.

വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ദീപക് കടുത്ത മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു. പിന്നാലെ ഞായറാഴ്ച രാവിലെ ഗോവിന്ദപുരത്തെ വീട്ടില്‍ ദീപക്കിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

 

Content Highlight: Youth dies after video of alleged sexual assault on bus; Complaint filed against woman, including to CM

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.