രാജ്യം ഭരിക്കേണ്ടത് ഭരണഘടന പ്രകാരമാണ്; ആര്‍.എസ്.എസ് ആസ്ഥാനത്തിന് മുന്നില്‍ മനുസ്മൃതി കത്തിച്ച് യൂത്ത് കോണ്‍ഗ്രസ്
India
രാജ്യം ഭരിക്കേണ്ടത് ഭരണഘടന പ്രകാരമാണ്; ആര്‍.എസ്.എസ് ആസ്ഥാനത്തിന് മുന്നില്‍ മനുസ്മൃതി കത്തിച്ച് യൂത്ത് കോണ്‍ഗ്രസ്
റെന്വര്‍ പി
Sunday, 30th August 2026, 8:35 pm

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ആര്‍.എസ്.എസ് ആസ്ഥാനത്തിന് മുന്നില്‍ യുത്ത് കോണ്‍ഗ്രസ് മനുസ്മൃതി കത്തിച്ച് പ്രതിഷേധിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുത്ത റാലിക്ക് ശേഷം ‘ശുദ്ധീകരണം,’ നടത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതിഷേധം.

യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഉദയ് ഭാനു ചിബിന്റെ നേതൃത്വത്തിലായിരുന്നു ആര്‍.എസ്.എസ് ആസ്ഥാനത്തിന് മുന്നില്‍ മനുസ്മൃതിയുടെ പകര്‍പ്പുകള്‍ കത്തിച്ചത്. ഭരണഘടനയുടെ ആമുഖത്തിന്റെ പകര്‍പ്പുകള്‍ പ്രതിഷേധക്കാര്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു.

ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും പ്രത്യയ ശാസ്ത്രം വിവേചനത്തില്‍ അധിഷ്ഠിതമായതും ജാതീയവുമാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. മനുസ്മൃതിക്കെതിരെ പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കുകയും ചെയ്തു.

‘മനുസ്മൃതി തള്ളിക്കളയുക,’ എന്നതടക്കമുള്ള മുദ്രാവാക്യങ്ങളെഴുതിയ പോസ്റ്ററുകളാമായാണ് പ്രതിഷേധക്കാര്‍ ആര്‍.എസ്.എസ് ആസ്ഥാനത്തിന് മുന്നിലെത്തിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്ത് ഭരണഘടനയും ആര്‍.എസ്.എസ് – ബി.ജെ.പി പ്രത്യയ ശാസ്ത്രവും തമ്മിലുള്ള പോരാട്ടം നടക്കുകയാണെന്ന് ഉദയ് ഭാനു ചിബിന്‍ പറഞ്ഞു. മനുസ്മൃതിയില്‍ നിന്നാണ് ആര്‍.എസ്.എസ്-ബി.ജെ.പി പ്രത്യയശാസ്ത്രത്തിന് പ്രചോദനം ലഭിച്ചത്. അത് ദളിത് വിരുദ്ധമാണെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

ഈ രാജ്യം ഭരണഘടന പ്രകാരമാണ് ഭരിക്കേണ്ടത്. അല്ലാതെ മനുസ്മൃതി പ്രകാരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഖാര്‍ഗെ സംസാരിച്ച വേദിയില്‍ ശുദ്ധീകരണം നടത്തിയ സംഭവം ദളിതരെയും രാജ്യത്തിന്റെ ഭരണഘടനയെയും അപമാനിക്കലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിഷേധത്തിനിടെ ഉദയ് ഭാനു ചിബിനെയും മറ്റ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവരെ പഹാഡ്ഗഞ്ച് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയതായി യൂത്ത് കോണ്‍ഗ്രസ് അറിയിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഉത്തരാഘണ്ഡിലെ ഹല്‍ദ്വാനിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രസംഗിച്ച വേദിയില്‍ ശുദ്ധികലശം നടത്തിയ സംഭവത്തില്‍ എസ്.സി എസ്.ടി നിയമം പ്രകാരം കേസെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറാവണമെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ് ആസ്ഥാനത്തിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിക്കുന്നത്.

ഖാര്‍ഗെക്കെതിരെ നടന്നത് ഇന്ത്യന്‍ ഭരണ പ്രകാരം കുറ്റകൃത്യമായ തൊട്ടുകൂടായ്മയാണെന്നും രാഹുല്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ബി.ജെ.പി നേതാക്കളാണ് തൊട്ടുകൂടായ്മ പ്രകാരമുള്ള കുറ്റകൃത്യങ്ങളില്‍ പങ്കാളികളാവുന്നതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടിയിരുന്നു.

രാജ്യത്ത് ഇന്ത്യന്‍ ഭരണഘടനയും ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും പ്രത്യയശാസ്ത്രവും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നതെന്നും രാഹുല്‍ പറഞ്ഞിരുന്നു. ഇന്ത്യന്‍ ഭരണഘടനയുടെയും മനുസ്മൃതിയുടെയും ദൃശ്യങ്ങളും സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു രാഹുല്‍ ഈ കാര്യം പറഞ്ഞത്.

‘ഉത്തരാഖണ്ഡില്‍ നിന്നുള്ള ഒരു പ്രധാന ബി.ജെ.പി നേതാവും പാര്‍ട്ടി ചുമതലയുള്ളയാളും ഈ ശുദ്ധീകരണം നടത്തിയെന്നും അതില്‍ ഒരു പ്രശ്നവും കാണുന്നില്ലെന്നും പരസ്യമായി പ്രസ്താവിച്ചു. 20 ദിവസമായി ഈ സംഭവം നടന്നിട്ട്. എന്നിട്ടും എസ്.സി-എസ്.ടി നിയമം ലംഘിക്കുന്ന ഈ പ്രവൃത്തി ശിക്ഷിക്കപ്പെടാതെ തുടരുന്നു.

അത്തരമൊരു ശുദ്ധീകരണ ചടങ്ങ് നടത്തുന്നത് ഒരു കുറ്റകൃത്യമാണ്. എന്നിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഉത്തരാഖണ്ഡില്‍ ഈ ശുദ്ധീകരണം നടത്തിയവര്‍ക്കെതിരെ ഉടന്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു,’ എന്നും രാഹുല്‍ ഇന്നലെ (ഓഗസ്റ്റ് 29, ശനി) പറഞ്ഞിരുന്നു.

ഈ സംഭവം ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും മാനസികാവസ്ഥ വെളിപ്പെടുത്തുന്നുവെന്നും ഖാര്‍ഗെ സംസാരിച്ച വേദി ശുദ്ധീകരിച്ച സംഭവത്തെക്കുറിച്ച് രാഹുല്‍ പറഞ്ഞിരുന്നു. ‘ഈ രാജ്യത്തെ ദളിതര്‍ പുരോഗമിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നില്ല. അവര്‍ അന്തസ്സോടെ ജീവിക്കണമെന്നും വിജയം നേടണമെന്നും അവര്‍ ആഗ്രഹിക്കുന്നില്ല. ഇത് യഥാര്‍ത്ഥത്തില്‍ അവരുടെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നു. താമസിയാതെ ഉത്തരാഖണ്ഡില്‍ ഒരു എ.ഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണം,’ എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Content Highlight:  Youth Congress workers protest outside RSS office in Delhi, burn Manusmriti copies

 

 

റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.