തിരുവനന്തപുരം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരില്‍ നിന്നും മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കിയതിനെതിരായ പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്.
കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് പ്രതിഷേധിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചു. 2026 ജനുവരി മൂന്നിന് കോഴിക്കോട് വെച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലി നടക്കും.
ന്യൂയര്‍ ദിനത്തില്‍ സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളില്‍ നരേന്ദ്ര മോദിയുടെ കോലം കത്തിച്ചുള്ള പ്രതിഷേധവും ഉണ്ടാകും. ഡിസംബര്‍ 30ന് മുഴുവന്‍ ജില്ലാ കേന്ദ്രങ്ങളിലെയും കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്ക് മാര്‍ച്ചും നടത്തുമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒ.ജെ. ജനീഷ് അറിയിച്ചു.
രാജ്യത്താകമാനം പാവപ്പെട്ടവരും സാധാരണക്കാരുമായ ജനങ്ങളുടെ പട്ടിണി തുടച്ചുമാറ്റിയ തൊഴിലുറപ്പ് പദ്ധതി ലോകത്തിന് തന്നെ മാതൃകയാണ്. മോദി സര്‍ക്കാര്‍ ഈ പദ്ധതിയെ അട്ടിമറിക്കുകയും കൊലപ്പെടുത്തിയെന്നും ഒ.ജെ. ജനീഷ് പറഞ്ഞു.
ഇപ്പോള്‍ വിബിജി റാംജി എന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ള പുതിയ പദ്ധതി തൊഴിലുറപ്പ് പദ്ധതിയുടെ അടിസ്ഥാന സ്വഭാവത്തെ ഇല്ലാതാക്കിയിരിക്കുകയാണെന്നും ജനീഷ് ഫേസ്ബുക്കില്‍ കുറിച്ചു.
പുതിയ നിയമം അനുസരിച്ച് പദ്ധതിയുടെ ബഡ്ജറ്റും തൊഴില്‍ ദിനങ്ങളും മറ്റ് അനുബന്ധകാര്യങ്ങളും കേന്ദ്ര സര്‍ക്കാരാണ് തീരുമാനിക്കുക. എന്നാല്‍ കൂലിയുടെ 40 ശതമാനം സംസ്ഥാന സര്‍ക്കാരുകളുടെ തലയില്‍ അടിച്ചേല്‍പ്പിച്ചുവെന്നും ജനീഷ് ചൂണ്ടിക്കാട്ടി.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും അദ്ദേഹത്തിന്റെ പേര് നീക്കം ചെയ്യുന്നത് രാഷ്ട്ര പിതാവിനോടുള്ള അവഹേളനമാണ്. കൊന്നിട്ടും തീരാത്ത പകയുമായി സംഘപരിവാര്‍ ഇന്നും ഗാന്ധിയെ ഭയപ്പെട്ട് ജീവിക്കുകയാണെന്നും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.
Content Highlight: Youth Congress to hold protest rally in January against central action in Thozhilurappu project