രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രിയങ്ക ഗാന്ധിക്ക് പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് സജന ബി. സാജന്‍
Kerala
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രിയങ്ക ഗാന്ധിക്ക് പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് സജന ബി. സാജന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th November 2025, 12:51 pm

തിരുവനന്തപുരം: ലൈംഗികാരോപണം നേരിടുന്ന പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സജന ബി.സാജന്‍. എ.ഐസി.സിക്കും പ്രിയങ്കഗാന്ധിക്കുമാണ് സജനയുടെ പരാതി.

വനിതാ നേതാക്കളെ ഉള്‍പ്പെടുത്തി കമ്മീഷന്‍ വേണമെന്നും രാഹുലിനെതിരെ ആരോപണങ്ങളുന്നയിച്ച ഇരകളെ നേരിട്ട് കണ്ട് ഗൗരവത്തോടെ വിഷയം ചര്‍ച്ച ചെയ്യണമെന്നും സജന പരാതിയില്‍ പറയുന്നു.

നേരത്തെ, രാഹുലിനെതിരെ പരാതി ഉയര്‍ത്തിയ പെണ്‍കുട്ടി കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ടതോടെ നടപടി ആവശ്യപ്പെട്ട് സജന രംഗത്തെത്തിയിരുന്നു.

രാഹുലിനെ കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കണമെന്നും രാഹുലിനെ പോലുള്ളവരെ ഞരമ്പന്മാരെന്ന് രാഷ്ട്രീയ ഏതിരാളികള്‍ വിളിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കലല്ല കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ജോലിയെന്നും സജന പറഞ്ഞിരുന്നു.

ആത്മാഭിമാനം പണയം വെയ്ക്കാത്ത പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വേണ്ടി രാഹുലിനെ പടിയടച്ച് പിണ്ഡം വയ്ക്കണം. എത്ര കിട്ടിയാലും പഠിക്കില്ല എന്നാണേല്‍ ഇനി പഠിക്കാന്‍ പാര്‍ട്ടി ഉണ്ടാകില്ല. രാഹുലിനെ സംരക്ഷിക്കുന്നവര്‍ ആരുതന്നെ ആണെങ്കിലും അത് തുടരരുതെന്നും സജന ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടിരുന്നു.

പിന്നാലെ സജനയുടെ പോസ്റ്റിന് താഴെ സൈബര്‍ ആക്രമണം നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. ഇതിനെതിരെയും സജന പ്രതികരിച്ചിരിക്കുകയാണ്. ഈ വിഷയത്തില്‍ തനിക്കിനി നെല്ലും പതിരും തിരിച്ചിട്ടേ വിശ്രമമുള്ളൂ. രണ്ട് ദിവസമായി തുടരുന്ന സന്ദേശങ്ങള്‍ക്കും ഭീഷണികള്‍ക്കും പുല്ലുവില മാത്രമെ നല്‍കുന്നുള്ളൂവെന്നും സജന മറ്റൊരു ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഇരയാക്കപ്പെട്ടവള്‍ ഓടി നടന്ന് എന്നെ ചതിച്ചു എന്ന് പറയുന്ന നീതിയല്ല, അവളെ തേടി നീതി അവിടേക്ക് ചെല്ലുന്ന സമൂഹമാണ് നമുക്ക് വേണ്ടത്. പാര്‍ട്ടിയെ താന്‍ പ്രതിരോധത്തില്‍ ആക്കുന്നതല്ല. പാര്‍ട്ടിയുടെ വിശ്വാസ്യത കൂട്ടാനാണ് ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു.

പാര്‍ട്ടി രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ യ്ക്ക് എതിരെ നടപടി എടുത്തത് എന്തിന്?, യൂത്ത് കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ നിന്നും രാഹുല്‍ രാജി വച്ചത് എന്തിന്?, ഈ ആരോപണങ്ങള്‍ ശരിയല്ല എങ്കില്‍, ശബ്ദം തന്റേത് അല്ല എങ്കില്‍ എന്ത് കൊണ്ട് നിഷേധിക്കാനോ നിയമനടപടിക്കോ രാഹുല്‍ തയ്യാറാകുന്നില്ല?,

ഒരു പെണ്‍കുട്ടിയുടെ ശബ്ദരേഖ ഒഴിച്ച് ബാക്കി വന്ന ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ ആ വാര്‍ത്തകള്‍ പറയുന്ന മാധ്യങ്ങള്‍ക്ക് എതിരെയെങ്കിലും നിയമ നടപടികള്‍ സ്വീകരിക്കാത്തത് എന്ത് കൊണ്ട്?, ഒരു ബന്ധം ഉണ്ടായി എന്നിരിക്കട്ടെ അതില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായി പിന്നീട് അത് പരിഹരിക്കപ്പെട്ടു എന്നാകില്‍ ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാമല്ലോ. അത് എന്ത് കൊണ്ട് ചെയ്യുന്നില്ല. തുടങ്ങിയ അഞ്ച് ചോദ്യങ്ങളും രാഹുലിനോടായി സജന ബി. സാജന്‍ ഉന്നയിക്കുന്നു.

ഈ ചോദ്യങ്ങള്‍ക്ക് രാഹുല്‍ തന്നെ മറുപടി പറയണം. എന്നാല്‍ ഈ പ്രശ്‌നം നാളെകളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെയും അദ്ദേഹത്തെയും വേട്ടയാടില്ലല്ലോയെന്നും സജന കുറിച്ചു.

Content Highlight: Youth Congress leader Sajana B. Sajan complains to Priyanka Gandhi against Rahul Mamkootathil