ദിലീപിന്റെ സിനിമയ്ക്ക് യുവതാരങ്ങളുടെ ആശംസ; പല വന്‍ പ്രോജക്ടുകളും അവസാനിപ്പിക്കേണ്ടി വരുമെന്ന് സിനിമ പ്രവര്‍ത്തകര്‍; സിനിമ മേഖലയിലും പ്രതിഷേധം പുകയുന്നു
Social Tracker
ദിലീപിന്റെ സിനിമയ്ക്ക് യുവതാരങ്ങളുടെ ആശംസ; പല വന്‍ പ്രോജക്ടുകളും അവസാനിപ്പിക്കേണ്ടി വരുമെന്ന് സിനിമ പ്രവര്‍ത്തകര്‍; സിനിമ മേഖലയിലും പ്രതിഷേധം പുകയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 28th December 2018, 10:16 pm

നടിയെ ആക്രമിച്ച കേസില്‍ ആരോപണ വിധേയനായ നടന്‍ ദിലീപിന്റെ പുതിയ സിനിമയ്ക്ക് ആശംസകളുമായി യുവതാരങ്ങള്‍ എത്തിയതിന് പിന്നാലെ പ്രതിഷേധം ശക്തമാവുന്നു. നടന്‍മാരായ നിവിന്‍ പോളി, സണ്ണി വെയ്ന്‍,ടൊവിനോ തോമസ്, തുടങ്ങി നിരവധി പേരാണ് ദിലീപിന്റെ പുതിയ ചിത്രമായ “കോടതി സമക്ഷം ബാലന്‍ വക്കീല്‍” എന്ന സിനിമയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ ആശംസകളുമായി രംഗത്തെത്തിയത്.

ഫെഫ്ക്കയുടെ ജനറല്‍ സെക്രട്ടറിയായ ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിനെതിരെ തുടക്കം മുതലെ പ്രതിഷേധമുയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവന്നത് .

ഇതിന് തൊട്ട് പിന്നാലെ വ്യാപക പ്രതിഷേധവും വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നു. സിനിമ മേഖലയില്‍ നിന്നും നിന്ന് പോലും താരങ്ങള്‍ക്ക് എതിരെ പ്രതിഷേധം ഉയരുന്നുണ്ട്.

Also Read  ‘ഒരു സൂപ്പര്‍ സ്റ്റാറെ ഉള്ളു അന്നും ഇന്നും എന്നും’; തകര്‍ത്തടുക്കി സ്റ്റൈല്‍ മന്നന്റെ പേട്ടയുടെ ട്രെയ്‌ലര്‍

സഹപ്രവര്‍ത്തകയെ ആക്രമിച്ച കേസില്‍ ആരോപണ വിധേയനായ താരത്തിന് ആശംസകളുമായി എത്തുന്ന താരങ്ങള്‍ പരസ്യമായി തങ്ങള്‍ ഇരയ്‌ക്കൊപ്പമല്ലെന്ന് പ്രഖ്യാപിക്കുകയാണെന്നാണ് പ്രധാന വിമര്‍ശനം. സിനിമകള്‍ താരങ്ങള്‍ പരസ്പരം പ്രെമോട്ട് ചെയ്യാറുണ്ടെങ്കിലും ഈ അവസരത്തില്‍ വേണ്ടിയിരുന്നില്ലെന്നാണ് സിനിമാ മേഖലയിലെ ഒരു പ്രമുഖ വ്യക്തിത്വം പ്രതികരിച്ചത്.

ടൊവിനോയും സണ്ണിവെയ്‌നുമെല്ലാം ചിത്രത്തിന് ആശംസകള്‍ അറിയിച്ചപ്പോള്‍ നിവിന്‍ പോളി ദിലീപിന് തന്നെ നേരിട്ട് ആശംസകള്‍ ആണ് അര്‍പ്പിച്ചത്. ഇതിനെതിരെയും പ്രതിഷേധം ശക്തമാകുന്നുണ്ട്. ഇത്തരത്തിലാണ് യുവ താരങ്ങളുടെ നിലപാടെങ്കില്‍ അണിയറയിലെ പല ബിഗ് ബഡ്ജറ്റ് സിനിമകളും അവസാനിപ്പിക്കേണ്ടി വരുമെന്നും ഇത്തരത്തില്‍ പെരുമാറുന്ന താരങ്ങളുമായി പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നും ചില സിനിമ പ്രവര്‍ത്തകര്‍ പറയുന്നത്.

എല്ലാ അര്‍ത്ഥത്തിലും പ്രവിലേജ്ഡ് ആയ ആരോപണ വിധേയനായ നടനെ പിന്തുണയ്ക്കുന്നതിലൂടെ സഹപ്രവര്‍ത്തകയോട് തന്നെ ഏറ്റവും വലിയ ക്രൂരതയാണ് കാണിക്കുന്നതെന്ന് നടിയുമായി അടുത്ത ഒരു വ്യക്തി പറഞ്ഞു. കേസില്‍ നടന്റെ വിചാരണ ആരംഭിക്കാനിരിക്കെ തന്നെ ഇത്തരത്തില്‍ യുവതാരങ്ങളുടെ നീക്കം തെറ്റാണെന്നും ഇവര്‍ പറയുന്നു.

എന്നാല്‍ താരങ്ങള്‍ ചെയ്തത് തെറ്റല്ലെന്നും നിവിന്‍ പോളിയെ സിനിമയിലേക്ക് തന്നെ കൊണ്ട് വന്നയാളാണ് ദിലീപ് എന്നും അത് കൊണ്ടാണ് ആശംസകള്‍ അറിയിച്ചതെന്നും സോഷ്യല്‍ മീഡിയയില്‍ മറുവാദവും ഉയരുന്നുണ്ട്.

അതേസമയം താരങ്ങളുടെ പേജ് കൈകാര്യം ചെയ്യുന്ന അഡ്മിന്‍മാര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാനുള്ള ലിങ്ക് ലഭിക്കുകയായിരുന്നെന്നും യുവ താരങ്ങളില്‍ പലരും ട്രെയ്‌ലര്‍ പോസ്റ്റ് ചെയ്ത വിവരം അറിഞ്ഞിട്ട് കൂടിയില്ലെന്നും താരങ്ങളില്‍ ഒരാളുടെ അടുത്ത വൃത്തം പറഞ്ഞു.

 

എതായാലും സിനിമ മേഖലയുമായി പുതിയ വിവാദത്തിനാണ് ദിലീപിന്റെ പുതിയ ചിത്രമായ “കോടതി സമക്ഷം ബാലന്‍ വക്കീല്‍” വഴി വെച്ചിരിക്കുന്നത്.