'ഐ ലവ് മുഹമ്മദ്' സ്റ്റിക്കർ ബൈക്കിൽ പതിപ്പിച്ചതിന് യുവാവിന് പിഴ; ജയ് ശ്രീറാം എന്നെഴുതിയാൽ തടയുമോയെന്ന് സോഷ്യൽ മീഡിയ
India
'ഐ ലവ് മുഹമ്മദ്' സ്റ്റിക്കർ ബൈക്കിൽ പതിപ്പിച്ചതിന് യുവാവിന് പിഴ; ജയ് ശ്രീറാം എന്നെഴുതിയാൽ തടയുമോയെന്ന് സോഷ്യൽ മീഡിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th October 2025, 4:29 pm

ലഖ്‌നൗ: ബൈക്കിൽ ‘ഐ ലവ് മുഹമ്മദ്’ സ്റ്റിക്കർ പതിപ്പിച്ചതിന് മുസ്‌ലിം യുവാവിന് പിഴ ചുമത്തി യു.പി പൊലീസ്.


ബൈക്കിൽ ‘ഐ ലവ് മുഹമ്മദ്’ സ്റ്റിക്കർ പതിപ്പിച്ചതിന് പെലീസ് ഉദ്യോഗസ്ഥർ തന്നെ തടഞ്ഞുനിർത്തിയെന്നും ആക്ഷേപിച്ചുവെന്നും യുവാവ് പറഞ്ഞു. എന്നാൽ വിഷയം വിവാദമായതോടെ വിശദീകരണവുമായി ബഗ്പത് പൊലീസ് രംഗത്തെത്തി.

എന്നാൽ, ആരോപണങ്ങൾ അസത്യമാണെന്നും ഗതാഗത നിമയലംഘനത്തിനാണ് യുവാവിന് 7500 രൂപ പിഴ ചുമത്തിയതെന്നുമാണ് ട്രാഫിക് പൊലീസ് പറഞ്ഞത്.

‘അനധികൃത പാർക്കിങ് (സെക്ഷൻ 122/ 126r/w 177 mv ആക്ട്) നമ്പർ പ്ലേറ്റ് തെറ്റായി പ്രദർശിപ്പിച്ചതിന് (സെക്ഷൻ 192 r/w റൂൾ 51 CMV റൂൾസ് 1989), ഗതാഗത നിയമങ്ങളുടെ ലംഘനം (സെക്ഷൻ 179(1) MV ആക്ട്) എന്നിവയ്ക്കാണ് ചലാൻ നൽകിയത്’ പൊലീസ് വ്യക്തമാക്കി. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.

അതേസമയം, പൊലീസ് ഇയാളുടെ വാഹനം തടയുന്ന വീഡിയോ വൈറലായതിന് പിന്നാലെ നിരവധി ആളുകൾ പ്രതിഷേധവുമായി രംഗത്ത് എത്തി. ‘ജയ് ശ്രീറാം’ പോലുള്ള മത ചിഹ്നങ്ങളുള്ള വാഹനങ്ങൾക്ക് പിഴ ചുമത്തുന്നില്ലെന്നും ജയ് ശ്രീറാം മുദ്രാവാക്യങ്ങൾ ഗതാഗത നിയമങ്ങളുടെ ലംഘനമല്ലെങ്കിൽ എങ്ങനെയാണ് ഐ ലവ് മുഹമ്മദ് ലംഘനമാകുകയെന്നും സോഷ്യൽ മീഡിയയിൽ ചോദ്യം ഉയരുന്നുണ്ട്.

നിയമങ്ങൾ എല്ലാ പൗരൻമാർക്കും ഒരുപോലെയായിരിക്കണമെന്നും പൊലീസുകാർ വർഗീയ സംഘർഷം സൃഷ്ടിക്കുന്നുവെന്നും ഇവർക്കെതിരെ അച്ചടക്ക നടപടി വേണമെന്നും ആവശ്യമുയരുന്നുണ്ട്.

‘ഐ ലവ് മുഹമ്മദ്’ എന്ന മുദ്രാവാക്യം ആദ്യമായി ഉയർന്നത് കാൺപൂരിലാണ്. മിലാദ്-ഉൻ-നബി ഘോഷയാത്രകളിൽ ഐ ലവ് മുഹമ്മദ് വാചകം എഴുതിയ ബാനറുകൾ പ്രദർശിപ്പിച്ചതിന് യു.പി പൊലീസ് മുസ്‌ലിം യുവാക്കൾക്കെതിരെ കേസ് എടുത്തിരുന്നു. ബോർഡ് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു.

ഇതിൽ പ്രതിഷേധിച്ച് കോട്‌വാലിയിൽ നടത്താനിരുന്ന പ്രതിഷേധ പരിപാടി പൊലീസ് ഇടപെട്ട് വിലക്കിയതിന് പിന്നാലെ സെപ്റ്റംബർ 26ന് വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം കോട്‌വാലിയിലെ പള്ളിക്ക് പുറത്ത് വെച്ച് രണ്ടായിരത്തോളം വിശ്വാസികളും പൊലീസും തമ്മിൽ സംഘർഷമുണ്ടാകുകയും ചെയ്തിരുന്നു.

Content Highlight:  Young man fined for putting ‘I Love Muhammad’ sticker on bike