ഇന്ത്യന്‍ യുവ താരം സായ് സുദര്‍ശന് പരിക്ക്. വിജയ് ഹസാരെ ട്രോഫിയില്‍ ഡിസംബര്‍ 26ന് കഴിഞ്ഞ മത്സരത്തില്‍ തമിഴ്നാടിന് വേണ്ടി ഫീല്‍ഡ് ചെയ്യുന്നതിനിടയിലാണ് താരത്തിന് പരിക്ക് പറ്റിയത്. സെന്‍ട്രല്‍ ഓഫ് എക്സലന്‍സില്‍ പ്രവേശിച്ച താരത്തിന് വാരിയെല്ലിന് പൊട്ടലുണ്ടെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്.
നേരത്തെ പരിശീലനത്തിനിടയിലും താരത്തിന് വാരിയെല്ലില്‍ ചെറിയ പരിക്ക് സംഭവിച്ചിരുന്നു. ഇതോടെ ഏഴ് ആഴ്ചയോളം താരത്തിന് വിശ്രമം അനിവാര്യമാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഇതോടെ വിജയ് ഹസാരെ ട്രോഫിയിലെ അവശേഷിക്കുന്ന എല്ലാ മത്സരങ്ങളും താരത്തിന് നഷ്ടമാകും.
മാത്രമല്ല 2026ലെ ഐ.പി.എല്‍ മുന്നിലുള്ളപ്പോഴാണ് സായിക്ക് പരിക്ക് പറ്റിയിരിക്കുന്നത്. നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ മിന്നും ഓപ്പണറാണ് സായ്. 2025ലെ ഐ.പി.എല്ലില്‍ റണ്‍വേട്ടക്കാരുടെ ലിസ്റ്റില്‍ ഒന്നാമനായ സായിയുടെ പരിക്ക് ശുഭ്മന്‍ ഗില്‍ നയിക്കുന്ന ഗുജറാത്തിന് വലിയ തിരിച്ചടിയാകും.
ഐ.പി.എല്ലില്‍ കഴിഞ്ഞ സീസണില്‍ 15 മത്സരങ്ങളില്‍ നിന്ന് 759 റണ്‍സോടെയാണ് സായ് ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത്. 108* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിന് ഉണ്ടായിരുന്നു.
അതേസമയം താരത്തിന്റെ വാരിയെല്ലിന്റെ ഒടിവ് ശസ്ത്രക്രിയ കൂടാതെ തന്നെ സുഖപ്പെടുത്താമെന്നാണ് റിപ്പോര്‍ട്ടുകളിലുള്ളത്. പുനരധിവാസ കാലയളവില്‍ സുദര്‍ശന്‍ വളരെ ശ്രദ്ധാലുവായിരിക്കണമെന്നും നിര്‍ദേശമുണ്ട്.
വിജയ് ഹസാരെ ട്രോഫിയില്‍ പരിക്കേല്‍ക്കുന്നതിന് മുമ്പ് രണ്ട് മത്സരങ്ങളില്‍ നിന്ന് 99 റണ്‍സ് നേടാന്‍ സായിക്ക് സാധിച്ചിരുന്നു. മാത്രമല്ല കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ആറ് മത്സരങ്ങളില്‍ നിന്ന് 192 റണ്‍സ് നേടാനും താരത്തിന് കഴിഞ്ഞു. കൂടാതെ ഇന്ത്യയ്ക്ക് വേണ്ടി ആറ് ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച സായ് 27.45 ശരാശരിയില്‍ 302 റണ്‍സ് നേടിയിട്ടുണ്ട്.
Content Highlight: Young Indian player Sai Sudarshan seriously injured