കോ- ആക്ടറുടെ കണ്ണുകളിലേക്ക് നോക്കുമ്പോൾ പ്രണയം കാണണം; അത് പ്രതിഭയുടെ അടയാളം: രാജ്കുമാർ റാവു
Malayalam Cinema
കോ- ആക്ടറുടെ കണ്ണുകളിലേക്ക് നോക്കുമ്പോൾ പ്രണയം കാണണം; അത് പ്രതിഭയുടെ അടയാളം: രാജ്കുമാർ റാവു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 8th September 2025, 11:12 am

ഹിന്ദിയിലെ പ്രശസ്ത അഭിനേതാവാണ് രാജ്കുമാർ റാവു. ലവ് സെക്‌സ് ഓർ ധോഖ എന്ന ആന്തോളജി ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയ രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചു.

ദേശീയ ചലച്ചിത്ര അവാർഡ്, ഫിലിം ഫെയർ അവാർഡ് എന്നിവയുൾപ്പെടെ നിരവധി അവാർഡുകൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ബാദായി ദോ എന്ന ചിത്രത്തിലെ സ്വവർഗാനുരാഗിയുടെ കഥാപാത്രത്തിന് മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡ് അദ്ദേഹത്തിന് ലഭിച്ചു. ഇപ്പോൾ ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് രാജ്കുമാർ റാവു.

‘പ്രണയത്തെക്കുറിച്ചുള്ള ഒരു കഥയായിരുന്നു ബദായ് ദോയിലേക്ക് എന്നെ ആകർഷിച്ചത്. സംവിധായകൻ ഹർഷവർദ്ധൻ കുൽക്കർണി എന്റെ കഥാപാത്രത്തെ അദ്ദേഹത്തിന്റേതായ രീതിയിൽ രൂപപ്പെടുത്തി സമർത്ഥമായ തെരഞ്ഞെടുപ്പ് നടത്തി.

അദ്ദേഹം എന്നെ ഒരു പോലീസുകാരനാക്കി, ഒരു ബോഡി ബിൽഡർ ആക്കി. എല്ലാം സ്വവർഗാനുരാഗിയായ വ്യക്തികളുടെ സ്റ്റീരിയോടൈപ്പിക്കൽ ഇമേജിനെ വെല്ലുവിളിക്കുന്നതായിരുന്നു.

എന്നെ സംബന്ധിച്ച് കോ- ആക്ടറുടെ കണ്ണുകളിലേക്ക് നോക്കുമ്പോൾ അവിടെ പ്രണയം കാണണം. അതൊരു പ്രതിഭയുടെ അടയാളമാണ്. അതുകൊണ്ടാണ് സിനിമ ഇത്രയധികം ആളുകളിൽ പ്രതിധ്വനിച്ചത് എന്ന് ഞാൻ കരുതുന്നു. ആ വിഷയം അതേ ഗൗരവത്തോടെ കൈകാര്യം ചെയ്യാൻ നമുക്ക് സാധിച്ചു,’ രാജ്കുമാർ റാവു പറയുന്നു.

തനിക്ക് ഏറ്റവും പ്രത്യേകമായി തോന്നിയത് ക്ലൈമാക്‌സായിരുന്നുവെന്നും ക്ലൈമാക്‌സിലെ ആ രംഗം ഒറ്റ ഷോട്ടിൽ ചിത്രീകരിച്ചതെന്നും രാജ്കുമാർ പറഞ്ഞു. താൻ ആ കഥാപാത്രത്തിനെ ആഴത്തിൽ വിശ്വസിച്ചുവെന്നും അത് എന്നിലൂടെ കടന്നുപോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബദായി ദോ

ഹർഷവർധൻ കുൽക്കർണി സംവിധാനം ചെയ്ത് 2022ൽ പുറത്തിറങ്ങിയ ചിത്രമാണ് ബദായ് ദോ. ചിത്രത്തിൽ രാജ്കുമാർ റാവുവും ഭൂമി പെഡ്‌നേക്കറുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വാണിജ്യപരമായി ചിത്രം പരാജയപ്പെട്ടെങ്കിലും ചിത്രം നിരൂപക പ്രശംസയും അംഗീകാരങ്ങളും നേടി. ചിത്രം മികച്ച ചിത്രം, മികച്ച നടി, മികച്ച സഹനടി, മികച്ച കഥ, മികച്ച തിരക്കഥ എന്നീ അവാർഡഡുകൾ നേടി.

Content Highlight: You should see love when you look into your co-actor’s eyes says Rajkumar Rao