ലൈവ് സ്ട്രീമിങ് ശ്രദ്ധിക്കാതെ സംവരണത്തെ പരിഹസിച്ച് പട്ന ഹൈക്കോടതി ജഡ്ജി; വീഡിയോ വിവാദത്തില്‍
national news
ലൈവ് സ്ട്രീമിങ് ശ്രദ്ധിക്കാതെ സംവരണത്തെ പരിഹസിച്ച് പട്ന ഹൈക്കോടതി ജഡ്ജി; വീഡിയോ വിവാദത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th December 2022, 10:22 pm

പട്‌ന: സംവരണത്തിലൂടെ ജോലി നേടിയ സര്‍ക്കാര്‍ ഉദ്യോസ്ഥനെ പരിഹസിച്ച് പട്‌ന ഹൈക്കോടതി ജഡ്ജി.

ജസ്റ്റിസ് സന്ദീപ് കുമാര്‍ നവംബര്‍ 23ന് നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. കോടതി നടപടികള്‍ക്കിടെ നടന്ന പരാമര്‍ശം ലൈവ് സ്ട്രീമിങ്ങിലൂടെയാണ് പുറത്തായത്.

ബിഹാറിലെ ജില്ലാ ലാന്‍ഡ് അക്വിസിഷന്‍ ഓഫീസര്‍ അരവിന്ദ് കുമാര്‍ ഭാരതിയുടെ കേസുമായി ബന്ധപ്പെട്ട കോടതി നടപടികളുടെ വീഡിയോ ആണ് വിവാദമായത്.

സ്വത്ത് വിഭജന തര്‍ക്കം നില നില്‍ക്കുന്ന ഭൂമി ഏറ്റെടുത്ത് നഷ്ടപരിഹാരം വിതരണം ചെയ്ത സംഭവത്തില്‍ കോടതി ഉദ്യോഗസ്ഥനോട് വിശദീകരണം ചോദിച്ചിരുന്നു. കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കാനായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതിയില്‍ ഹാജരായതായിരുന്നു ഉദ്യോഗസ്ഥനായ അരവിന്ദ് കുമാര്‍ ഭാരതി.

കേസില്‍ കോടതിയുമായുള്ള ആശയ വിനമയത്തിനിടെ ഈ ഉദ്യോഗസ്ഥന്‍ നേരത്തെ വിജിലന്‍സ് കേസുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായ വിവരം കോടതി അറിഞ്ഞിരുന്നു.

ഇതിന് പിന്നാലെ കക്ഷികള്‍ക്ക് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം അനുവദിച്ച ശേഷം അരവിന്ദ് കുമാര്‍ ഭാരതിയോട് സംവരണത്തിലൂടെയാണോ ജോലിയില്‍ എത്തിയതെന്ന് ജഡ്ജി സന്ദീപ് കുമാര്‍ ചോദിക്കുകയായിരുന്നു.

ജഡ്ജിന്റെ ചോദ്യത്തിന് മറുപടിയായി ജോലി ലഭിച്ചത് സംവരണത്തിലൂടെയാണെന്ന് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. പിന്നാലെ ഉദ്യോഗസ്ഥന്‍ കോടതി മുറി വിടുകയായിരുന്നു.

എന്നാല്‍ ഉദ്യോഗസ്ഥന്‍ കോടതി മുറി വിട്ടതിന് പിന്നാലെ കോടതിയിലുണ്ടായിരുന്ന ചില അഭിഭാഷകര്‍ ചിരിക്കാന്‍ തുടങ്ങി. ഇപ്പോ കോടതിക്ക് കാര്യം മനസിലായിക്കാണുമെന്ന് പറഞ്ഞായിരുന്നു ഒരു അഭിഭാഷകന്‍ പരിഹസിച്ചത്. രണ്ട് ജോലിയില്‍ നിന്നുള്ള സ്വത്ത് ഉദ്യോഗസ്ഥന്‍ ഉണ്ടാക്കി കാണുമെന്നും മറ്റൊരു അഭിഭാഷകന്‍ പറയുന്നതായും വീഡിയോയിലുണ്ട്.

അഭിഭാഷകരുടെ പരിഹാസത്തിന് തുടര്‍ച്ചയെന്നോണം ജഡ്ജും ഉദ്യോഗസ്ഥനെ പരിഹസിക്കുന്നുണ്ട്.

‘ഇക്കൂട്ടര്‍ക്ക് ഒന്നും സംഭവിക്കില്ല, പാവം, ഇതുവരെ സമ്പാദിച്ചതെല്ലാം അവന്‍ ഇതിനോടകം തന്നെ ചെലവാക്കിക്കാണും,’ എന്ന് ജഡ്ജിയും കൂടി പറഞ്ഞതോടെ കോടതി മുറിയില്‍ മുഴുവന്‍ ചിരി പടരുകയായിരുന്നു.

എന്നാല്‍ സംഭവങ്ങള്‍ ലൈവ് സ്ട്രീമിങ്ങിലൂടെ ഇതെല്ലാം സംപ്രേക്ഷണം ചെയ്യുന്നത് അഭിഭാഷകരും ജഡ്ജും ശ്രദ്ധിച്ചിരുന്നില്ല. ജഡ്ജിയുടെയും അഭിഭാഷകരുടെയും വിദ്വേഷം നിറഞ്ഞ പരാമര്‍ശങ്ങള്‍ പുറത്തായതോടെ വലിയ വിവാദമാണ് ഉണ്ടായത്.

Content highlight: You Got Job Through Reservation?: Patna HC Judge Kicks Up Row With Mocking Comments; Live Streaming Video out’