ന്യൂ ദല്‍ഹി: കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെയുള്ള സുപ്രീം കോടതിയുടെ വിമര്‍ശനത്തിൽ മറുപടിയുമായി പ്രിയങ്ക ഗാന്ധി. ജഡ്ജിമാരോടുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ട് തന്നെ, യഥാര്‍ത്ഥ ഇന്ത്യക്കാരന്‍ ആരാണെന്ന് തീരുമാനിക്കുന്നത് നിങ്ങളല്ലെന്നും രാഹുല്‍ ഗാന്ധി ഒരിക്കലും സൈന്യത്തിനെതിരെ സംസാരിച്ചിട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു.
‘ജഡ്ജിമാരോടുള്ള ബഹുമാനം നിലനിര്‍ത്തി തന്നെ പറയട്ടെ, യഥാര്‍ത്ഥ ഇന്ത്യക്കാരന്‍ ആരാണെന്ന് തീരുമാനിക്കുന്നത് നിങ്ങളല്ല. എന്റെ സഹോദരന്‍ ഒരിക്കലും സൈന്യത്തിനെതിരെ സംസാരിച്ചിട്ടില്ല’ പ്രിയങ്ക ഗാന്ധി പറഞ്ഞു.
ചൈന ഇന്ത്യന്‍ പ്രദേശം കൈവശപ്പെടുത്തിയെന്ന പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ സുപ്രീം കോടതി രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. 2000 ചതുരശ്ര കിലോമീറ്റര്‍ ഭൂമി ചൈനക്കാര്‍ കൈവശപ്പെടുത്തിയെന്ന് നിങ്ങള്‍ക്കെങ്ങനെ അറിയാമെന്നും യഥാര്‍ത്ഥ ഇന്ത്യക്കാരന്‍ ആണെങ്കില്‍ നിങ്ങള്‍ ഇങ്ങനെ പറയില്ലായിരുന്നുവെന്നുമാണ് രാഹുല്‍ ഗാന്ധിയുടെ വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസുമാരായ ദീപങ്കര്‍ ദത്ത, അഗസ്റ്റിന്‍ ജോര്‍ജ്ജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് വിമര്‍ശിച്ചത്.
തന്റെ സഹോദരന്‍ സൈന്യത്തെ ബഹുമാനിക്കുന്നുവെന്നും ഇന്ന് (ചൊവ്വ) പാര്‍ലമെന്റില്‍ എത്തിയ പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാരിനെ ചോദ്യം ചെയ്യേണ്ടത് പ്രതിപക്ഷ നേതാവിന്റെ കടമയാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
രാഹുലിനെ പിന്തുണച്ച ഇന്ത്യ ബ്ലോക്കിലെ നേതാക്കള്‍ സുപ്രീം കോടതിയുടെ നിരീക്ഷണം അനാവശ്യം എന്ന് വിശേഷിപ്പിച്ചുവെന്ന് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ മേധാവി സുപ്രിയ ശ്രീനേറ്റ് പറഞ്ഞു. നമ്മുടെ അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുമ്പോള്‍ അതിനെതിരെ സംസാരിക്കേണ്ടത് ഓരോ പൗരന്റെയും ധാര്‍മികമായ കടമയാണെന്നും അവര്‍ എക്‌സില്‍ കുറിച്ചു.
2022 ഡിസംബറില്‍ അരുണാചല്‍ പ്രദേശില്‍ ഉണ്ടായ അതിര്‍ത്തി സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈന്യത്തെ ചൈനീസ് സൈന്യം ‘ആക്രമിച്ചു’ എന്ന പ്രസ്താവനക്കെതിരെ ആയിരുന്നു രാഹുല്‍ ഗാന്ധിക്കെതിരെ കേസ് ഫയല്‍ ചെയ്തത്. കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രക്കിടെ ആയിരുന്നു രാഹുല്‍ ഗാന്ധി പ്രസ്താവന നടത്തിയത്.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി ഹൈക്കോടതിയെ സമീപിച്ചെങ്കിലും മെയ് 29 ന് അലഹബാദ് ഹൈക്കോടതി അദ്ദേഹത്തിന്റെ ഹരജി തള്ളിയിരുന്നു. തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.
ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി സൈന്യത്തിനെതിരെ നിരവധി അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് ബോർഡർ റോഡ്സ് ഓർഗനൈസേഷൻ്റെ മുൻ ഡയറക്ടർ ഉദയ് ശങ്കര്‍ ശ്രീവാസ്തവയാണ് കേസ് ഫയല്‍ ചെയ്തത്.
Content Highlight: You don’t decide who is a real Indian says Priyanka Gandhi