ജോര്‍ജിയ: ഗസയിലെയും ഇറാനിലെയും ജനതയ്‌ക്കെതിരെ ഇസ്രഈല്‍ നടത്തുന്ന യുദ്ധത്തിന് ട്രംപ് ഭരണകൂടം നല്‍കുന്ന പിന്തുണയില്‍ യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന് നേരെ പ്രതിഷേധം.
ജോര്‍ജിയ സ്റ്റേറ്റില്‍ ‘ടേണിങ് പോയിന്റ് യു.എസ്.എ’ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് വാന്‍സിനെതിരെ സദസ്സില്‍ നിന്നും തുടര്‍ച്ചയായി പ്രതിഷേധമുയര്‍ന്നത്.
ഏഥന്‍സിലെ ജോര്‍ജിയ സര്‍വ്വകലാശാലയ്ക്ക് സമീപം നടന്ന പരിപാടിയില്‍ കുടിയേറ്റ നയങ്ങളെക്കുറിച്ചും പോപ്പ് ലിയോ പതിനാലാമനുമായുള്ള തന്റെ അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ചും വാന്‍സ് സംസാരിക്കവേയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
സദസ്സിലുണ്ടായിരുന്ന ഒരാള്‍ എഴുന്നേറ്റു നിന്ന് ‘ക്രിസ്തു വംശഹത്യയെ പിന്തുണയ്ക്കുന്നില്ല!’ എന്ന് ഉച്ചത്തില്‍ വിളിച്ചുപറയുകയായിരുന്നു.
‘അത് ഞാന്‍ സമ്മതിക്കുന്നു എന്നായിരുന്നു ഇതിന് വാന്‍സിന്റെ മറുപടി. ഇരുട്ടില്‍ നിന്ന് ആര് അങ്ങനെ പറഞ്ഞാലും, ക്രിസ്തു തീര്‍ച്ചയായും വംശഹത്യയെ പിന്തുണയ്ക്കുന്നില്ല. അത് വളരെ വ്യക്തമാണ്.’എന്ന് വാന്‍സ് പറഞ്ഞു.
എന്നാല്‍ വാന്‍സിന്റെ ഈ മറുപടി സദസ്സിലെ പ്രതിഷേധം തണുപ്പിച്ചില്ല. ‘നിങ്ങള്‍ കുട്ടികളെ കൊല്ലുകയാണ്!’ എന്നു പറഞ്ഞുകൊണ്ട് വീണ്ടും സദസിലുള്ള ചിലര്‍ പ്രതിഷേധിച്ചതായി അമേരിക്കന്‍ വാര്‍ത്താ വെബ്‌സൈറ്റായ ‘കോമണ്‍ ഡ്രീംസ്’ റിപ്പോര്‍ട്ട് ചെയ്തു.
ഇറാനിലും ഗസയിലും ഇസ്രഈലും യു.എസും തുടരുന്ന യുദ്ധത്തില്‍ സാധാരണക്കാരും കുട്ടികള്‍ വന്‍തോതില്‍ കൊല്ലപ്പെടുന്നതാണ് പ്രതിഷേധത്തിന് കാരണമായത്.
ഫെബ്രുവരി 28ന് മിനാബിലെ ഗേള്‍സ് സ്‌കൂളിന് നേരെ യു.എസ് നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 168 വിദ്യാര്‍ത്ഥിനികളും ജീവനക്കാരും കൊല്ലപ്പെട്ട സംഭവം അന്താരാഷ്ട്ര തലത്തില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന യുദ്ധത്തിലും ഉപരോധത്തിലും ഇതുവരെ 20,000-ത്തിലധികം ഫലസ്തീന്‍ കുട്ടികള്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര സംഘടനകളും പ്രാദേശിക ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുത്തുന്നു.
ട്രംപ് ഭരണകൂടത്തിന്റെ ‘യുദ്ധസമാനമായ സമീപനം’ സ്വന്തം അണികള്‍ക്കിടയില്‍ പോലും വിള്ളലുകള്‍ ഉണ്ടാക്കുന്നു എന്നാണ് ജോര്‍ജിയയിലെ ഈ സംഭവം വ്യക്തമാക്കുന്നത്.
അമേരിക്കയുടെ വിദേശനയങ്ങളിലും സമാധാന വാഗ്ദാനങ്ങള്‍ ലംഘിക്കപ്പെടുന്നതിലും ‘മാഗ’ (Make America Great Again) അനുകൂലികള്‍ക്കിടയില്‍ തന്നെ അതൃപ്തി വര്‍ദ്ധിച്ചുവരുന്നയാണ് റിപ്പോര്‍ട്ടുകള്‍.
Content Highlight: You are killing children” chants disrupt US vice president at right-wing event over Gaza, Iran