യുവരാജ് സിങ്, ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഒരിക്കലും മറക്കാത്ത പേര്. ഇന്ത്യ പ്രൊഡ്യൂസ് ചെയ്ത എക്കാലത്തെയും മികച്ച ബാറ്റിങ് ഓള്‍ റൗണ്ടര്‍മാരില്‍ പ്രധാനിയായ യുവരാജിന്റെ പേര് ഇന്ത്യന്‍ ആരാധകര്‍ എന്നും ആവേശത്തോടെ മാത്രമേ പറഞ്ഞിട്ടുള്ളൂ.
യുവതാരമായിരുന്ന സ്റ്റുവര്‍ട്ട് ബ്രോഡിനെ ഓവറില്‍ ആറ് സിക്‌സറിന് പറത്തിയത് മുതല്‍ ചോര തുപ്പി വീണിട്ടും പൊരുതിയതടക്കുള്ള എത്രയോ മികച്ച ക്രിക്കറ്റ് മുഹൂര്‍ത്തങ്ങള്‍ യുവി ആരാധകര്‍ക്ക് സമ്മാനിച്ചു.
ഇന്ത്യ 2011 ലോകകപ്പ് ചൂടിയതില്‍ പ്രധാന പങ്ക് വഹിച്ചത് യുവരാജ് തന്നെയായിരുന്നു. കളിക്കളത്തില്‍ എതിരാളികളോട് മാത്രമല്ല, തന്റെ ശരീരത്തെ കാര്‍ന്നുതിന്ന അര്‍ബുദത്തോടും യുവരാജിന് പൊരുതേണ്ടി വന്നിരുന്നു. ആ പോരാട്ടത്തില്‍ എതിരാളികളും ക്യാന്‍സറും ഒരുപോലെ യുവിക്ക് മുമ്പില്‍ കീഴടങ്ങി.
ഇപ്പോള്‍ 2011 ലോകകപ്പില്‍ യുവരാജ് ചോര തുപ്പി താഴെ വീണപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് യുവരാജിന്റെ പിതാവും മുന്‍ താരവുമായ യോഗ്‌രാജ് സിങ്. അന്ന് യുവരാജ് മരണപ്പെടുകയും ഇന്ത്യ കിരീടം നേടുകയും ചെയ്തിരുന്നെങ്കില്‍ താന്‍ ഏറെ അഭിമാനിക്കുമായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകളെ ഉദ്ധരിച്ച് ക്രിക്ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
യോഗ്‌രാജ് സിങ്
‘യുവരാജ് ക്യാന്‍സറിനോട് പരാജയപ്പെട്ട് മരണമടയുകയും ഇന്ത്യ ലോകകപ്പ് നേടുകയും ചെയ്തിരുന്നെങ്കില്‍ എന്റെ മകനെ ഓര്‍ത്ത് ഏറെ അഭിമാനം തോന്നുമായിരുന്നു. ഇക്കാര്യം ഞാന്‍ അവനോട് പറയുകയും ചോര തുപ്പി പിച്ചില്‍ വീണപ്പോള്‍ അവനോട് മത്സരം തുടരാനുമാണ് ഞാന്‍ ആവശ്യപ്പെട്ടത്. ഞാന്‍ അവനോട് പറഞ്ഞു, നീയിപ്പോള്‍ മരിക്കില്ല, ഇന്ത്യക്കായി ലോകകപ്പ് നേടും,’
ടൂര്‍ണമെന്റില്‍ ബാറ്റെടുത്ത എട്ട് ഇന്നിങ്‌സില്‍ നിന്നും 90.50 ശരാശരിയില്‍ 362 റണ്‍സാണ് യുവരാജ് സ്വന്തമാക്കിയത്. ഒരു സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയും ലോകകപ്പില്‍ യുവി സ്വന്തമാക്കിയിരുന്നു.
ലോകകപ്പ് കീരടവുമായി
ബാറ്റിങ്ങില്‍ മാത്രമല്ല ബൗളിങ്ങിലും യുവി തിളങ്ങിയിരുന്നു. ഒമ്പത് മത്സരത്തില്‍ നിന്നും 25.13 ശരാശരിയിലും 30.00 സ്‌ട്രൈക്ക് റേറ്റിലും 15 വിക്കറ്റും താരം സ്വന്തമാക്കി. റണ്‍ വേട്ടയില്‍ എട്ടാം സ്ഥാനത്തെത്തിയ താരം വിക്കറ്റ് വേട്ടയില്‍ നാലാമനുമായിരുന്നു. ടൂര്‍ണമെന്റിലുടനീളം തുടര്‍ന്ന ഡോമിനന്‍സ് ലോകകപ്പിന്റെ താരമാക്കിയും യുവരാജിനെ മാറ്റി.
ടൂര്‍ണമെന്റിന്റെ താരമായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ
എന്നാല്‍ ക്യാന്‍സറിനെ തോല്‍പിച്ചെത്തിയ യുവരാജിന് ഇന്ത്യന്‍ ടീമില്‍ സ്ഥിരസാന്നിധ്യമാകാന്‍ സാധിച്ചിരുന്നില്ല. തുടര്‍ച്ചയായി ടീമില്‍ ഇടം നേടാന്‍ സാധിക്കാതെ വന്നതോടെ താരം 2019 ജൂണില്‍ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞു.
Content Highlight: Yograj Singh about Yuvraj Singh and 2011 world cup