ഈ ഒറ്റയാള്‍ പ്രകടനം കാണുമ്പോള്‍ 2023 ലോകകപ്പിന്റെ ഓര്‍മകളിലേക്ക് സഞ്ചരിച്ചെങ്കില്‍ മാക്‌സ്‌വെല്‍ മാജിക്കില്‍ നിങ്ങളും അകപ്പെട്ടു എന്ന് നിങ്ങള്‍ കരുതരുത്. കാരണം ഒരാള്‍ക്കും ആ പ്രകടനം മറക്കാന്‍ സാധിക്കില്ല. നൂറ്റാണ്ടിന്റെ തിരിച്ചുവരവ് എന്ന് നിസ്സംശയം വിശേഷിപ്പിക്കാന്‍ സാധിക്കുന്ന പ്രകടനമായിരുന്നു മാക്‌സ്‌വെല്‍ വാംഖഡെയില്‍ പുറത്തെടുത്തത്.
സാഹചര്യങ്ങള്‍ പ്രതീകൂലമാകുന്ന സന്ദര്‍ഭങ്ങളില്‍, സമ്മര്‍ദത്തിന്റെ അങ്ങേത്തലയ്ക്കല്‍ നില്‍ക്കുന്ന അവസ്ഥകളില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ ബാറ്റ് ചിലപ്പോള്‍ മൈതാനത്ത് ഇതിഹാസമെഴുതും. ആ പ്രകടനം ലൈവ് കണ്ടവര്‍ അത്രയും ഭാഗ്യവാന്‍മാര്‍! അത്രത്തോളം ചന്തമാണ് മാക്‌സ്‌വെല്ലിന്റെ ആ ബാറ്റിങ് കാണാന്‍. കാലങ്ങള്‍ കഴിഞ്ഞും കണ്ടുകൊണ്ടിരിക്കാന്‍.
ബിഗ് ബാഷ് ലീഗിലെ മെല്‍ബണ്‍ നാട്ടങ്കത്തില്‍ ഞായറാഴ്ച നടന്ന മെല്‍ബണ്‍ നാട്ടങ്കത്തില്‍ അത്തരമൊരു ഇതിഹാസ കാവ്യമാണ് മെല്‍ബണിലെ മാര്‍വെല്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ കുറിച്ചിട്ടത്. കാലങ്ങള്‍ കഴിഞ്ഞും ബിഗ് ബാഷ് ലീഗ് ആരാധകരും ക്രിക്കറ്റ് ആരാധകരും പാടിപ്പുകഴ്ത്താന്‍ പോകുന്ന ഇന്നിങ്‌സ്.
ക്യാപ്റ്റനടക്കം ആരാധകരെ നിരാശനാക്കി കൂടാരം കയറിയപ്പോള്‍ മിഡില്‍ ഓര്‍ഡറില്‍ മാക്‌സി ചെറുത്തുനിന്നു. പിന്നാലെയെത്തിയവരെ ഒരു വശത്ത് നിര്‍ത്തി അയാള്‍ സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ നല്‍കി.
55/5 എന്ന നിലയില്‍ നിന്നും മെല്‍ബണ്‍ സ്റ്റാര്‍സിനെ 165ലെത്തിച്ചതില്‍ ഈ വലംകയ്യന്‍ ബാറ്ററുടെ പങ്ക് ഏറെ വലുതായിരുന്നു. മാക്‌സ്‌വെല്ലിന് ശേഷമിറങ്ങിയ ഒരാള്‍ പോലും പത്ത് പന്ത് പോലും നേരിടുകയോ പത്ത് റണ്‍സ് തികച്ച് നേടുകയോ ചെയ്തിട്ടില്ല എന്നറിയുമ്പോഴാണ് മാക്‌സിയുടെ ചെറുത്തുനില്‍പ്പിന്റെ മൂല്യം മനസിലാവുക.
സ്റ്റാര്‍സ് ഇന്നിങ്‌സിന്റെ എട്ടാം വിക്കറ്റില്‍ ഒസാമ മിറിനെ ഒപ്പം കൂട്ടി ടീമിനെ താങ്ങി നിര്‍ത്തിയ കൂട്ടുകെട്ട് മാക്‌സ്‌വെല്‍ പടുത്തുയര്‍ത്തി. ടീം സ്‌കോര്‍ 75ല്‍ നില്‍ക്കവെ ഒന്നുചേര്‍ന്ന ഈ കൂട്ടുകെട്ട് പിരിയുന്നത് 156ല്‍ നില്‍ക്കവെയാണ്. 81 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് എട്ടാം വിക്കറ്റില്‍ പിറന്നത്.
79 റണ്‍സാണ് മാക്‌സ്‌വെല്‍ ഈ കൂട്ടുകെട്ടിലേക്ക് ചേര്‍ത്തുവെച്ചത്. രണ്ട് റണ്‍സ് എക്‌സ്ട്രാ ഇനത്തില്‍ ലഭിച്ചപ്പോള്‍ പൂജ്യത്തിനാണ് മിര്‍ പുറത്തായത്. കൂടുതല്‍ പന്തുകള്‍ നേരിട്ടും സ്‌ട്രൈക്ക് നിലനിര്‍ത്തിയും മാക്‌സ്‌വെല്‍ സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ നല്‍കി. എട്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേരിട്ടത് 45 പന്തുകളാണ്. ഇതില്‍ 40 പന്തും മാക്‌സ്‌വെല്‍ ഒറ്റയ്ക്ക് നേരിട്ടു. ഒസാമ മിര്‍ അഞ്ച് പന്ത് നേരിട്ടെങ്കിലും റണ്‍സൊന്നും നേടാന്‍ സാധിച്ചില്ല.
ഒടുവില്‍ വ്യക്തിഗത സ്‌കോര്‍ 90ല്‍ നില്‍ക്കവെ കെയ്ന്‍ റിച്ചാര്‍ഡ്‌സണ് വിക്കറ്റ് നല്‍കി മാക്‌സി തിരിച്ചുനടന്നു. എന്നാല്‍ പുറത്താകും മുമ്പ് ടീമിനെ സുരക്ഷിത സ്ഥാനത്തെത്തിച്ച ശേഷമാണ് അദ്ദേഹം വിക്കറ്റ് കൈവിട്ടത്. മാക്‌സിയുടെ ഒറ്റയാള്‍ പ്രകടനത്തില്‍ മെല്‍ബണ്‍ നാട്ടങ്കത്തില്‍ സ്റ്റാര്‍സ് വിജയിക്കുകയും ചെയ്തു.
ഈ ഒറ്റയാള്‍ പ്രകടനം കാണുമ്പോള്‍ 2023 ലോകകപ്പിന്റെ ഓര്‍മകളിലേക്ക് സഞ്ചരിച്ചെങ്കില്‍ മാക്‌സ്‌വെല്‍ മാജിക്കില്‍ നിങ്ങളും അകപ്പെട്ടു എന്ന് നിങ്ങള്‍ കരുതരുത്. കാരണം ഒരാള്‍ക്കും ആ പ്രകടനം മറക്കാന്‍ സാധിക്കില്ല. നൂറ്റാണ്ടിന്റെ തിരിച്ചുവരവ് എന്ന് നിസ്സംശയം വിശേഷിപ്പിക്കാന്‍ സാധിക്കുന്ന പ്രകടനമായിരുന്നു മാക്‌സ്‌വെല്‍ വാംഖഡെയില്‍ പുറത്തെടുത്തത്.
292 റണ്‍സ് ചെയ്‌സ് ചെയ്തിറങ്ങവെ 91/7 എന്ന നിലയില്‍ വീണ ഓസ്‌ട്രേലിയയെ 293/7 എന്ന നിലയിലേക്ക് കൈപിടിച്ചുയര്‍ത്തിയത് മാക്‌സ്‌വെല്ലിന്റെ ഒറ്റയാള്‍ പ്രകടനം തന്നെയാണ്. പരിക്കേറ്റ് ഒറ്റക്കാലില്‍ വേച്ചു വേച്ചു നടന്ന അയാള്‍ ഇരട്ട സെഞ്ച്വറിയടിച്ചാണ് അട്ടിമറിക്കായി കാത്തുനിന്ന അഫ്ഗാന് ചരമഗീതം പാടിയത്.
അഫ്ഗാനിസ്ഥാനെതിരെ പരിക്കേറ്റ് വീണ മാക്‌സ്‌വെല്‍
തന്റെ പരിക്കിനേക്കാളും ആരാധകരുടെ പ്രത്യാശയും ടീമിന്റെ സെമി ഫൈനല്‍ മോഹവുമാണ് മാക്സ്‌വെല്ലിനെ ക്രീസില്‍ തുടരാന്‍ പ്രേരിപ്പിച്ചത്. വേദന തിന്നുമ്പോഴും ടീമിന്റെ വിജയവും ആരാധകരുടെ മുഖത്തെ പുഞ്ചിരിയും മാത്രമാണ് അവന്‍ മുമ്പില്‍ കണ്ടത്.
തനിക്ക് ബാറ്റ് ചെയ്യാന്‍ സാധിക്കില്ലെന്ന് കരുതി പാഡണിഞ്ഞ് ക്രീസിലെത്താനൊരുങ്ങിയ ആദം സാംപയെ തടഞ്ഞുനിര്‍ത്തിയാണ് മാക്‌സ് വെല്‍ ബാറ്റിങ് തുടര്‍ന്നത്.
ഒറ്റക്കാലില്‍ ചെറുത്തുനിന്ന ആ പോരാട്ടവീര്യത്തിന് ലോകം കയ്യടിച്ചപ്പോള്‍ ഏകദിന ക്രിക്കറ്റിലെ വേഗതയേറിയ രണ്ടാമത് ഇരട്ട സെഞ്ച്വറിയും ലോകകപ്പിലെ വേഗമേറിയ ഇരട്ട സെഞ്ച്വറിയും വാംഖഡെയില്‍ പിറന്നു. ലോകകപ്പില്‍ ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന മൂന്നാമത് ബാറ്ററായും ഇതോടെ മാക്‌സ് വെല്ലിന്റെ പേര് ചരിത്ര പുസ്‌കരത്തില്‍ എഴുതപ്പെട്ടു.
വിജയം മാത്രം ലക്ഷ്യമിട്ട ഷോട്ടുകള്‍
91ന് ഏഴ് എന്ന നിലയില്‍ തകര്‍ന്ന ടീമിനെ 293ന് ഏഴ് എന്ന നിലയിലെത്തിച്ച പോരാട്ട വീര്യത്തിന്റെ പേരാണ് ഗ്ലെന്‍ മാക്സ്‌വെല്‍. 21 ബൗണ്ടറിയും പത്ത് സിക്സറുമായി കളം നിറഞ്ഞാടിയ മാക്സ്‌വെല്‍ കളിക്കളത്തിലെ ഓരോ നിമിഷവും ആസ്വദിക്കുകയായിരുന്നു. വേദന തിന്നുമ്പോഴും അത് മറക്കാന്‍ അവന് വേണ്ടിയിരുന്നത് ടീമിന്റെ വിജയം മാത്രമായിരുന്നു. അതവന്‍ നേടിയെടുക്കുകയും ചെയ്തു.
ഒരുവശത്ത് മാക്സി അടിച്ചുതകര്‍ക്കുമ്പോള്‍ മറുവശത്ത് മികച്ച പിന്തുണ നല്‍കിയ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനെയും ഒരിക്കലും മറക്കാന്‍ സാധിക്കില്ല. 68 പന്ത് നേരിട്ട്, ഒറ്റ ഫോര്‍ മാത്രമടിച്ച് 12 റണ്‍സാണ് കമ്മിന്‍സ് നേടിയത്. കമ്മിന്‍സ് നേടിയ റണ്‍സല്ല, മാക്‌സിക്ക് കൂട്ടായി അദ്ദേഹം നേരിട്ട 68 പന്തുകളാണ് ഓസ്‌ട്രേലിയയുടെ വിജയത്തിന് കാരണമായത്.
കമ്മിന്‍സിനൊപ്പം വിജയം ആഘോഷിക്കുന്നു
2023 ലോകകപ്പിലേതെന്ന പോലെ 2025ലും മാക്‌സ്‌വെല്‍ ആബ്‌സല്യൂട്ട് ക്രൈസിസ് മാനായി മാറിയിരിക്കുകയാണ്. സമ്മര്‍ദ ഘട്ടങ്ങളെ ഇത്രയും കൂളായി ഇയാള്‍ എങ്ങനെ നേരിടുന്നു എന്നത് ആരെയും അത്ഭുതപ്പെടുത്തുന്ന വസ്തുതയാണ്. അതെ ഇയാള്‍ നമ്മളെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.
Content Highlight: BBL, Melbourne Stars vs Melbourne Renegades: Glenn Maxwell recalls performance against Afghanistan in 2023 World Cup