എന്നോടൊപ്പമുള്ള ആ സീന്‍ ചെയ്യാന്‍ നയന്‍താര വിസമ്മതിച്ചു; അങ്ങനെയൊരു നടിയാണ് അവര്‍: യോഗി ബാബു
Entertainment news
എന്നോടൊപ്പമുള്ള ആ സീന്‍ ചെയ്യാന്‍ നയന്‍താര വിസമ്മതിച്ചു; അങ്ങനെയൊരു നടിയാണ് അവര്‍: യോഗി ബാബു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 22nd June 2025, 8:33 am

തമിഴിലെ മികച്ച നടന്മാരില്‍ ഒരാളാണ് യോഗി ബാബു. അമീര്‍ സംവിധാനം ചെയ്ത യോഗി എന്ന ചിത്രത്തിലൂടെയാണ് താരം സിനിമാലോകത്തേക്ക് കടന്നുവന്നത്. കരിയറിന്റെ തുടക്കത്തില്‍ ചെറിയ വേഷങ്ങള്‍ മാത്രം ചെയ്തുകൊണ്ടിരുന്ന യോഗി ബാബു 2018ല്‍ പുറത്തിറങ്ങിയ കോലമാവ് കോകില എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.

നയന്‍താരയെ കുറിച്ച് സംസാരിക്കുകയാണ് യോഗി ബാബു. ഇരുവരുമൊന്നിച്ച് കോലമാവ് കോകിലയില്‍ അഭിനയിച്ചിരുന്നു. ആ സിനിമയില്‍ വണ്ടി ഇടിക്കുമ്പോള്‍ നയന്‍താരയുടെ കാല്‍ തന്റെ മുഖത്ത് വന്ന് ചവിട്ടുന്ന ഒരു സീന്‍ ഉണ്ടെന്നും അത് എടുക്കാന്‍ നയന്‍താര ആദ്യം തയ്യാറായില്ലെന്നും യോഗി ബാബു പറയുന്നു.

ആ സീന്‍ കുറേവട്ടം എടുത്തുവെന്നും എന്നാല്‍ ഓരോ ടേക്ക് കഴിയുമ്പോഴും നയന്‍താര കാലില്‍ മണ്ണാകാതെ ഇരിക്കാന്‍ നിലത്ത് ചവിട്ടിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റുള്ളവരെക്കുറിച്ച് അത്രയും ചിന്തിക്കുന്ന നടിയാണ് നയന്‍താരയെന്നും യോഗി ബാബു വ്യക്തമാക്കി. സിനിമ വികടന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നയന്‍താര തീര്‍ച്ചയായും ഒരു ലേഡി സൂപ്പര്‍സ്റ്റാറാണ്. എന്നെപ്പോലുള്ള ഒരു കോമഡി നടനോടൊപ്പം അഭിനയിക്കുന്നത് തന്നെ വലിയ കാര്യമാണ്. ചിത്രത്തില്‍ ഒരു കാര്‍ സ്പീഡ് ബ്രേക്കറില്‍ ഇടിക്കുകയും നയന്‍താരയുടെ കാല്‍ പാദം എന്റെ മുഖത്ത് വന്ന് ചവിട്ടുകയും ചെയ്യുന്ന ഒരു രംഗമുണ്ട്. ആ രംഗം ചെയ്യാന്‍ നയന്‍താര തയ്യാറായിരുന്നില്ല.

സംവിധായകന്‍ നെല്‍സണും എനിക്കും അതൊരു നല്ല രംഗമായിരിക്കുമെന്ന് തോന്നി. എന്നാല്‍ സീനിയര്‍ നടി ശരണ്യ മാഡവും നയന്‍താരയും ആ സീന്‍ ആവശ്യമില്ലാത്തതാണെന്ന് പറഞ്ഞുകൊണ്ടിരുന്നു. ആ സീന്‍ ഏഴോ എട്ടോ ടേക്കുകള്‍ എടുത്തു. പക്ഷേ ഒരിക്കല്‍ പോലും നയന്‍താര കാല്‍ നിലത്ത് വെച്ചില്ല. കാരണം കാല്‍ നിലത്ത് വെച്ചാല്‍ അതില്‍ പൊടിയാകുമല്ലോ. എന്റെ മുഖത്ത് ഒരു പൊടി പോലും ആകാതിരിക്കാന്‍ അത്രയേറെ ശ്രദ്ധിച്ചു. കാലില്‍ വാസ്ലിന്‍ എല്ലാം പുരട്ടി നിലത്ത് ചവിട്ടാതെ വൃത്തിയായിത്തന്നെ വെച്ചു. മറ്റൊരാളെ കുറിച്ച് അത്രയും ചിന്തിക്കുന്ന നടിയാണ് അവര്‍,’ യോഗി ബാബു പറയുന്നു.

കോലമാവ് കോകില

നെല്‍സണ്‍ ദിലീപ്കുമാര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 2018ല്‍ പുറത്തിറങ്ങിയ ചിത്രമാണിത്. കോലമാവ് കോകിലയായി നയന്‍താരയാണ് ചിത്രത്തിലെത്തിയത്. യോഗി ബാബു, ശരണ്യ പൊന്‍വണ്ണന്‍, വിജെ ജാക്വലിന്‍, ആര്‍ എസ് ശിവജി, ചാള്‍സ് വിനോദ്, ഹരീഷ് പേരടി എന്നിവരാണ് കോലമാവ് കോകിലയിലെ മറ്റ് പ്രധാന താരങ്ങള്‍.

Content Highlight: Yogi Babu Talks About Nayanthara