യു.പിയില്‍ 5000 സര്‍ക്കാര്‍ സ്‌കൂളുകള്‍ പൂട്ടാനൊരുങ്ങി യോഗി ആദിത്യനാഥ്
national news
യു.പിയില്‍ 5000 സര്‍ക്കാര്‍ സ്‌കൂളുകള്‍ പൂട്ടാനൊരുങ്ങി യോഗി ആദിത്യനാഥ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 6th July 2025, 10:37 am

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ 5000 സര്‍ക്കാര്‍ സ്‌കൂളുകള്‍ പൂട്ടാനൊരുങ്ങി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍. 50ല്‍ താഴെ വിദ്യാര്‍ഥികളുള്ള യു.പി സ്‌കൂളുകളെ മറ്റ് സ്‌കൂളുകളുമായി സംയോജിപ്പിക്കാനാണ് സര്‍ക്കാറിന്റെ നീക്കം.

യു.പിയിലെ 1.40 ലക്ഷത്തോളം സര്‍ക്കാര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി സ്‌കൂളുകളില്‍ 29,000ലും അമ്പതോ അതില്‍ താഴെയോ വിദ്യാര്‍ഥികളാണുള്ളത്. ഏകദേശം 89,000 അധ്യാപകര്‍ ഈ സ്‌കൂളുകളിലുണ്ട്.

ലഖ്നൗവില്‍ മാത്രം 1,618 സ്‌കൂളുകളില്‍ 300ല്‍ അധികം സ്‌കൂളുകളെയാണ് ലയിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതോടെ വിദ്യാര്‍ഥിയും സ്‌കൂളും തമ്മിലുള്ള അകലം ഗണ്യമായി വര്‍ധിക്കും.

സാധാരണക്കാരായ ജനങ്ങളുടെ വിദ്യാഭ്യാസത്തെ ബാധിക്കുന്ന നയത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. അടിസ്ഥാന വിദ്യാഭ്യാസം ഉറപ്പാക്കുന്നതില്‍ ബി.ജെ.പി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി അംഗം സര്‍ബനി സര്‍ക്കാര്‍ പറഞ്ഞു.

ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ബി.ജെ.പി സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖല സ്വകാര്യവല്‍ക്കരിച്ചെന്നും സംയോജിപ്പിക്കുന്നതിന്റെ പേരില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടുകയാണെന്നും അവര്‍ പറഞ്ഞു.

വിദ്യാഭ്യാസം തങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തിന് കരുത്താകുമെന്ന് മുന്നില്‍ കണ്ടാണ് സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നതെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് എം.പി പറഞ്ഞു. ബി.ജെ.പിക്ക് വോട്ട് കുറഞ്ഞ ബൂത്തുകള്‍ പ്രവര്‍ത്തിച്ച സ്‌കൂളുകളാണ് നടപടി നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി സര്‍ക്കാര്‍ ഈ 5000 സ്‌കൂളുകള്‍ അടച്ചുപൂട്ടിയാല്‍ അവിടെ പഠിക്കുന്ന പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് എങ്ങനെ വിദ്യാഭ്യാസം ലഭിക്കുമെന്നും കൊച്ചു പെണ്‍കുട്ടികള്‍ അവരുടെ ഗ്രാമങ്ങളില്‍ നിന്ന് കൂടുതല്‍ അകലെയുള്ള മറ്റ് സ്‌കൂളുകളില്‍ എങ്ങനെ എത്തിച്ചേരുമെന്നും അഖിലേഷ് യാദവ് ചോദിച്ചു.

Content Highlight: Yogi Adityanath government plans to close 5000 government schools in UP