ചെന്നൈ: എം.എസ് സുബ്ബലക്ഷ്മി, കലൈ മാമണി പുരസ്‌കാരങ്ങള്‍ തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 2021, 2022, 2023 വര്‍ഷങ്ങള്‍ക്കുള്ള കലൈമാമണി പുരസ്‌കാരങ്ങളാണ് ഇന്ന് പ്രഖ്യാപിച്ചത്. എം.എസ് സുബ്ബലക്ഷ്മി പുരസ്‌കാരത്തിന് കെ.ജെ യേശുദാസ് അര്‍ഹനായി.
സംഗീത മേഖലക്ക് യേശുദാസ് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുന്നത്. 1986ല്‍ കലൈമാമണി പുരസ്‌കാരവും യേശുദാസിനെ തേടിയെത്തിയിരുന്നു.
ഗായിക ശ്വേത മോഹന്‍, നടി സായ് പല്ലവി എന്നിവര്‍ കലൈമാമണി പുരസ്‌കാരത്തിനും അര്‍ഹരായി.
2021 ലെ കലൈമാമണി പുരസ്‌കാരം അഭിനേതാക്കളായ എസ്. ജെ സൂര്യ, സംവിധായകന്‍ ലിംഗുസാമി, സെറ്റ് ഡിസൈനര്‍ എം. ജയകുമാര്‍, സ്റ്റണ്ട് കൊറിയോഗ്രാഫര്‍ സൂപ്പര്‍ സുബ്ബരായന്‍, ടെലിവിഷന്‍ താരം പി. കെ കമലേഷിനും സമ്മാനിക്കും.
2022 ലെ കലൈമാമണി പുരസ്‌കാരം നടന്‍ വിക്രം പ്രഭു, ജയ വി.സി ഗുഹനാഥന്‍, ഗാനരചയിതാവ് വിവേക, പി.ആര്‍.ഒ ഡയമണ്ട് ബാബു, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ലക്ഷ്മികാന്തന്‍, ടെലിവിഷന്‍ താരം മേട്ടി ഒലി ഗായത്രി എന്നിവര്‍ക്കും ലഭിച്ചു.