നിമിഷ പ്രിയക്ക് മാപ്പ് നല്‍കണമെന്ന് യെമന്‍ മനുഷ്യാവകാശ പ്രവര്‍ത്തക
Trending
നിമിഷ പ്രിയക്ക് മാപ്പ് നല്‍കണമെന്ന് യെമന്‍ മനുഷ്യാവകാശ പ്രവര്‍ത്തക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th July 2025, 11:14 am

സന: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ തടവില്‍ കഴിയുന്ന നിമിഷ പ്രിയക്ക് മാപ്പ് നല്‍കണമെന്ന് യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തക. തലാലിന്റെ സഹോദരന്റെ പോസ്റ്റിന് കമന്റായിട്ടാണ് മനുഷ്യാവകാശ പ്രവര്‍ത്തകയായ ശൈഖ സോണിയ സ്വാലിഹ് ഈ കാര്യം കുറിച്ചത്.

നിമിഷ പ്രിയയെയും കൂടെ ഉണ്ടായിരുന്ന നഴ്‌സ് ഹനാനെയും താന്‍ ജയിലില്‍ ചെന്ന് സന്ദര്‍ശിച്ചെന്നും അവരുടെ കഥ പൂര്‍ണമായും കേട്ടെന്നുമാണ് സോണിയ സ്വാലിഹ് പറയുന്നത്. വധശിക്ഷയിലൂടെ തലാലിനെ തിരിച്ചു കൊണ്ടുവരാന്‍ പറ്റില്ലെന്നും നിമിഷ പ്രിയയുടെ ഭര്‍ത്താവിനെയും കുട്ടികളെയും പരിഗണിച്ചെങ്കിലും മാപ്പ് നല്‍കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

അതേസമയം നിമിഷ പ്രിയക്ക് മാപ്പ് നല്‍കില്ലെന്ന ഉറച്ച നിലപാടിലാണ് കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാല്‍ അബ്ദോ മഹ്ദിയുടെ സഹോദരന്‍ ഫത്താഹ് മഹ്ദി. ഒരു ഒത്തു തീര്‍പ്പിനുമില്ലെന്നും ദയാധനം വേണ്ടെന്നും തലാലിന്റെ സഹോദരന്‍ നേരത്തെ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം ധനസഹായം വേണ്ടെന്നും നിമിഷ പ്രിയയുടെ വധശിക്ഷയാണ് ഏറ്റവും വലിയ നഷ്ടപരിഹാരമെന്നും ഫത്താഹ് മഹ്ദി ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു.

വധശിക്ഷ മാറ്റിവെക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിച്ചില്ലെന്നുംതലാലിന് നീതി ലഭിക്കുന്നത് വരെ കേസില്‍ നിന്ന് പിന്മാറില്ലെന്നുമായിരുന്നു ഫത്താഹ് പറഞ്ഞത്. സമ്മര്‍ദങ്ങള്‍ തങ്ങളെ പ്രകോപിപ്പിക്കുകയില്ലെന്നും ഏറെ നാളായി ആഗ്രഹിച്ചിരുന്ന ഒരു നിമിഷത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നുമാണ് മഹ്ദി പറഞ്ഞത്.

നേരത്തെ തലാലിന്റെ കുടുംബവുമായി ബന്ധപ്പെടാന്‍ നിമിഷ പ്രിയയുടെ ആക്ഷന്‍ കൗണ്‍സിലിന് സാധിച്ചിരുന്നില്ല. എന്നാല്‍ കാന്തപുരത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് യെമനിലെ സൂഫി പണ്ഡിതര്‍ കുടുംബവുമായി നേരിട്ട് സംസാരിക്കുകയായിരുന്നു. സൂഫി പണ്ഡിതന്‍ ഹബീബ് ഉമറാണ് നിമിഷയുടെ മോചനത്തിനായുള്ള യെമനിലെ ഇടപെടലുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള ചര്‍ച്ചകള്‍ യെമനില്‍ തുടരുകയാണ്. ചര്‍ച്ചകള്‍ക്ക് പിന്നാലെ നിമിഷ പ്രിയക്ക് മാപ്പ് നല്‍കാന്‍ സാധിക്കില്ല എന്ന തലാലിന്റെ കുടുംബത്തിന്റെ നിലപാടില്‍ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഉത്തര യെമനുമായി ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങള്‍ അത്രകണ്ട് ശക്തമല്ല എന്നതിനാല്‍ തന്നെ നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് സാധ്യതകള്‍ തീരെ കുറവാണ്. അനൗദ്യോഗിക രീതിയില്‍ മാത്രമേ ചര്‍ച്ചകളും മറ്റും സാധ്യമാവുകയുള്ളൂ.

Content Highlight: Yemeni human rights activist Sheikha Sonia Saleh demands pardon for Nimisha Priya