അവനോടൊപ്പം ബാറ്റ് ചെയ്യുന്നത് ഞാന്‍ ശരിക്കും ആസ്വദിക്കാറുണ്ട്: ജെയ്സ്വാള്‍
Cricket
അവനോടൊപ്പം ബാറ്റ് ചെയ്യുന്നത് ഞാന്‍ ശരിക്കും ആസ്വദിക്കാറുണ്ട്: ജെയ്സ്വാള്‍
Sudev A
Wednesday, 29th April 2026, 10:38 am

ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്സിന്റെ അപരാജിത കുതിപ്പിന് അന്ത്യം കുറിച്ചിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. പഞ്ചാബിന്റെ തട്ടകമായ പി.സി.എ സ്റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് രാജസ്ഥാന്‍ വിജയിച്ചത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നാല് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സാണ് അടിച്ചെടുത്തത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു.

മത്സരശേഷം യുവതാരം വൈഭവ് സൂര്യവംശിക്കൊപ്പം ബാറ്റ് ചെയ്യുമ്പോഴുള്ള അനുഭവത്തെക്കുറിച്ച് യശ്വസി ജെയ്സ്വാള്‍ തുറന്നു പറഞ്ഞിരുന്നു. വൈഭവിനൊപ്പം ബാറ്റ് ചെയ്യുന്നത് വളരെയധികം ആസ്വദിക്കുന്നുവെന്നാണ് ജെയ്സ്വാള്‍ പറഞ്ഞത്. വൈഭവ് വളരെ അത്ഭുതകരമായി കളിക്കുന്നതെന്നും ജെയ്സ്വാള്‍ പ്രശംസിച്ചു.

‘തീര്‍ച്ചയായും അവന്‍ വളരെ ചെറുപ്പമാണ്. അവനോടൊപ്പം ബാറ്റ് ചെയ്യുന്നത് ഞാന്‍ ശരിക്കും ആസ്വദിച്ചു. അവന്‍ അത്ഭുതകരമായാണ് കളിക്കുന്നത്. മറുഭാഗത്ത് നിന്നും അവന്‍ ബാറ്റ് ചെയ്യുന്ന രീതി കാണുമ്പോള്‍ എനിക്ക് എപ്പോഴും സന്തോഷമുണ്ട്’, ജെയ്സ്വാള്‍ മത്സരശേഷം പറഞ്ഞു.

പഞ്ചാബിനെതിരെ ഓപ്പണിങ്ങില്‍ വെടിക്കെട്ട് പ്രകടനമാണ് വൈഭവ് സൂര്യവംശി നടത്തിയത്. 16 പന്തില്‍ അഞ്ച് സിക്സും മൂന്ന് ഫോറും ഉള്‍പ്പെടെ 43 റണ്‍സാണ് താരം അടിച്ചെടുത്തത്. 268.75 എന്ന കിടിലന്‍ സ്ട്രൈക്ക് റേറ്റും വൈഭവിനുണ്ടായിരുന്നു. അര്‍ഷ്ദീപ് സിങ്ങും ലോക്കി ഫര്‍ഗൂസണും മാര്‍ക്കോ യാന്‍സനുമടങ്ങുന്ന വമ്പന്‍മാര്‍ പന്തെറിഞ്ഞിട്ടും കൂറ്റനടികൊണ്ട് 15 വയസുകാരന്‍ ഞെട്ടിക്കുകയായിരുന്നു. ഐ.പി.എല്ലില്‍ ഈ സീസണില്‍ പവര്‍ പ്ലേയില്‍ ഏറ്റവും കൂടുതല്‍ സിക്സര്‍ നേടുന്ന താരവും വൈഭവ് തന്നെയാണ്. 29 സിക്‌സുകളാണ് ഇതുവരെ വൈഭവ് നേടിയിട്ടുള്ളത്.

അതേസമയം മത്സരത്തില്‍ രാജസ്ഥാന് വേണ്ടി ഡെണോവന്‍ ഫെരേര, യശ്വസി ജെയ്‌സ്വാള്‍ എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. അവസാന ഘട്ടത്തില്‍ 52 റണ്‍സ് നേടിയാണ് ഡെണോവന്‍ ഫെരേര ടീമിനെ വിജയത്തിലെത്തിച്ചത്. ജെയ്സ്വാള്‍ 27 പന്തില്‍ ഏഴ് ഫോറും ഒരു സിക്സും ഉള്‍പ്പെടെ 51 റണ്‍സാണ് നേടിയത്. 31 റണ്‍സ് നേടി ഇംപാക്ട് പ്ലെയര്‍ ശുഭം ദുബെയും രാജസ്ഥാന്റെ വിജയത്തില്‍ വലിയ പങ്കുവഹിച്ചു.

മത്സരത്തില്‍ പഞ്ചാബിന് വേണ്ടി വമ്പന്‍ ബാറ്റിങ് പ്രകടനം നടത്തിയത് മാര്‍കസ് സ്റ്റോയ്നിസും പ്രഭ്സിമ്രാന്‍ സിങ്ങുമാണ്. സ്റ്റോയ്നിസ് 22 പന്തില്‍ നിന്ന് പുറത്താകാതെ 62 റണ്‍സാണ് അടിച്ചെടുത്തത്. ആറ് സിക്സും നാല് ഫോറുമായിരുന്നു താരം നേടിയത്. 281.82 എന്ന സ്ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു.

ഇന്നിങ്സിലെ അവസാന ഓവറില്‍ രണ്ട് സിക്സും മൂന്ന് ഫോറും ഉള്‍പ്പെടെ വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയാണ് താരം പഞ്ചാബിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്. പ്രഭ്സിമ്രാന്‍ സിങ് 44 പന്തില്‍ ഒരു സിക്സും ആറ് ഫോറും ഉള്‍പ്പെടെ 59 റണ്‍സ് നേടിയാണ് മടങ്ങിയത്.

Content Highlight: Yashasvi Jaiswal Talks About Vaibhav Suryavanshi Batting Skill

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.