ഇടിമിന്നലായി ജെയ്സ്വാള്‍; പറന്നത് കോഹ്‌ലിയും സഞ്ജുവും തലപ്പത്തുള്ള ലിസ്റ്റിലേക്ക്
Cricket
ഇടിമിന്നലായി ജെയ്സ്വാള്‍; പറന്നത് കോഹ്‌ലിയും സഞ്ജുവും തലപ്പത്തുള്ള ലിസ്റ്റിലേക്ക്
Sudev A
Wednesday, 29th April 2026, 11:42 am

ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ അപരാജിത കുതിപ്പിന് അന്ത്യം കുറിച്ചിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. പഞ്ചാബിന്റെ തട്ടകമായ പി.സി.എ സ്റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് രാജസ്ഥാന്‍ വിജയിച്ചത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നാല് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സാണ് അടിച്ചെടുത്തത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു.

മത്സരത്തില്‍ രാജസ്ഥാന് വേണ്ടി ഡെണോവന്‍ ഫെരേര, യശ്വസി ജെയ്‌സ്വാള്‍ എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. അവസാന ഘട്ടത്തില്‍ 52 റണ്‍സ് നേടിയാണ് ഡെണോവന്‍ ഫെരേര ടീമിനെ വിജയത്തിലെത്തിച്ചത്. ജെയ്സ്വാള്‍ 27 പന്തില്‍ ഏഴ് ഫോറും ഒരു സിക്സും ഉള്‍പ്പെടെ 51 റണ്‍സാണ് നേടിയത്.

ഓപ്പണിങ്ങില്‍ വെടിക്കെട്ട് പ്രകടനം നടത്തി വൈഭവ് സൂര്യവംശിയും തിളങ്ങി. 16 പന്തില്‍ അഞ്ച് സിക്സും മൂന്ന് ഫോറും ഉള്‍പ്പെടെ 43 റണ്‍സാണ് താരം അടിച്ചെടുത്തത്. 31 റണ്‍സ് നേടി ഇംപാക്ട് പ്ലെയര്‍ ശുഭം ദുബെയും രാജസ്ഥാന്റെ വിജയത്തില്‍ വലിയ പങ്കുവഹിച്ചു.

മത്സരത്തില്‍ വീണ്ടും 50+ റണ്‍സ് സ്‌കോര്‍ ചെയ്തതോടെ ഒരു വമ്പന്‍ ലിസ്റ്റിലേക്കാണ് ജെയ്സ്വാള്‍ ഇടം നേടിയത്. ഐ.പി.എല്ലില്‍ ടീം ടോട്ടല്‍ 200+ കടന്ന മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ 50+ റണ്‍സ് സ്‌കോര്‍ ചെയ്യുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ആറാമനായാണ് ജെയ്സ്വാള്‍ ഇടം പിടിച്ചത്. ഇത് ഒമ്പതാം തവണയാണ് ജെയ്സ്വാള്‍ 200+ ടീം ടോട്ടല്‍ മത്സരങ്ങളില്‍ 50നുമുകളില്‍ സ്‌കോര്‍ ചെയ്യുന്നത്.

നിലവില്‍ ഈ റെക്കോഡില്‍ ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ശുഭ്മന്‍ ഗില്ലിനൊപ്പമാണ് രാജസ്ഥാന്‍ ഓപ്പണര്‍. വിരാട് കോഹ്‌ലിയും മലയാളി താരം സഞ്ജു സാംസണുമാണ് ഈ പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്.

ഐ.പി.എല്ലില്‍ ടീം ടോട്ടല്‍ 200+ കടന്ന മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ 50+ റണ്‍സ് സ്‌കോര്‍ ചെയ്ത ഇന്ത്യന്‍ താരങ്ങള്‍

വിരാട് കോഹ്‌ലി – 21

സഞ്ജു സാംസണ്‍ – 13

ശ്രേയസ് അയ്യര്‍ – 12

സായ് സുദര്‍ശന്‍ – 11

ഇഷാന്‍ കിഷന്‍ – 10

യശ്വസി ജെയ്സ്വാള്‍ – 9

ശുഭ്മന്‍ ഗില്‍ – 9

അതേസമയം നിലവില്‍ ഐ.പി.എല്‍ പോയിന്റ് പട്ടികയില്‍ 12 പോയിന്റുമായി രാജസ്ഥാന്‍ മൂന്നാം സ്ഥാനത്താണ്. മെയ് ഒന്നിന് നടക്കുന്ന മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെയാണ് രാജസ്ഥാന്‍ നേരിടുക. രാജസ്ഥാന്റെ തട്ടകമായ സവായ് മാന്‍സിങ് സ്റ്റേഡിയമാണ് വേദി.

Content Highlight: Yashasvi Jaiswal set a huge record in IPL

 

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.