കണക്കുകള്‍ പറയുന്നു, സഞ്ജുവിനേക്കാളും ഗില്ലിനേക്കാളും അര്‍ഹത അവന്; അനീതിയവസാനിക്കുമോ?
Sports News
കണക്കുകള്‍ പറയുന്നു, സഞ്ജുവിനേക്കാളും ഗില്ലിനേക്കാളും അര്‍ഹത അവന്; അനീതിയവസാനിക്കുമോ?
ആദര്‍ശ് എം.കെ.
Thursday, 29th January 2026, 12:53 pm

സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ മോശം പ്രകടനങ്ങള്‍ക്കാണ് ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 മത്സരങ്ങള്‍ സാക്ഷ്യം വഹിക്കുന്നത്. തന്റെ നാച്ചുറല്‍ പൊസിഷനായ ഓപ്പണിങ്ങിലേക്ക് മടങ്ങിയെത്തിയിട്ടും മികച്ച രീതിയില്‍ സ്‌കോര്‍ കണ്ടെത്താനോ ക്രീസില്‍ നിലയുറപ്പിക്കാനോ താരത്തിന് സാധിക്കുന്നില്ല.

വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ സ്‌ക്വാഡില്‍ നിന്നുതന്നെ പുറത്താവുകയും ഗില്‍ കളിച്ച ഓപ്പണിങ് സ്ലോട്ടിലേക്ക് വന്നതിന്റെയും ഒരു വശത്ത് അഭിഷേക് ശര്‍മ വെടിക്കെട്ട് നടത്തുമ്പോള്‍ അതിനൊത്ത് സ്‌ട്രൈക് റേറ്റ് ഉയര്‍ത്താന്‍ സാധിക്കുമോ എന്ന ചിന്തകളും താരത്തെ വലിയ സമ്മര്‍ദത്തിലാക്കുന്നുണ്ട്. ഈ സമ്മര്‍ദമാണ് സഞ്ജുവിനെ പടുകുഴിയിലേക്ക് തള്ളിയിടുന്നതും.

നാലാം മത്സരത്തില്‍ പുറത്താകുന്ന സഞ്ജു സാംസണ്‍. Photo: Arshy/X.com

സഞ്ജു സാംസണ്‍ ലഭിച്ച അവസരങ്ങള്‍ മുതലാക്കാതെ തുടര്‍ച്ചയായി പരാജയപ്പെടുമ്പോള്‍ ആരാധകര്‍ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു വസ്തുതയുണ്ട്, മികച്ച താരങ്ങളില്‍ പലരും സ്‌ക്വാഡില്‍ പോലും ഇടം ലഭിക്കാതെ പുറത്തുനില്‍ക്കുന്നു എന്നത് തന്നെ.

അര്‍ഹതയുണ്ടായിട്ടും ഇന്ത്യന്‍ പ്രതിഭാ ധാരാളിത്തമാണ് ഇക്കൂട്ടര്‍ക്ക് അവസരങ്ങള്‍ നിഷേധിക്കപ്പെടാന്‍ കാരണം. ഇക്കൂട്ടത്തില്‍ പ്രധാനിയാണ് യുവതാരം യശസ്വി ജെയ്‌സ്വാള്‍.

യശസ്വി ജെയ്‌സ്വാള്‍. Photo: BCCI/x.com

2024ലെ ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലാണ് ജെയ്‌സ്വാള്‍ ഒടുവില്‍ ഇന്ത്യന്‍ ടി-20 ടീമിന്റെ ഭാഗമായത്. ജൂലൈ 30ന് അവസാന അന്താരാഷ്ട്ര ടി-20 കളിച്ച താരം ഒന്നര വര്‍ഷത്തിലേറെയായി ടി-20 റഡാറിന് പുറത്താണ്. ടി-20യില്‍ മികച്ച സ്റ്റാറ്റുകളാണ് ജെയ്‌സ്വാളിന്റേത് എന്നതും ഇതോടൊപ്പം ചേര്‍ത്തുവെക്കണം.

സഞ്ജു സാംസണ്‍, ശുഭ്മന്‍ ഗില്‍, യശസ്വി ജെയ്‌സ്വാള്‍ എന്നിവരുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ മറ്റ് രണ്ട് താരങ്ങളേക്കാള്‍ ബഹുദൂരം മുമ്പിലാണെന്ന് കാണാം.

യശസ്വി ജെയ്‌സ്വാള്‍. Photo: BCCI/x.com

അവസാന 15 അന്താരാഷ്ട്ര ടി-20കളില്‍,

സഞ്ജു സാംസണ്‍

റണ്‍സ്: 262
സ്‌ട്രൈക് റേറ്റ്: 129.06
ശരാശരി: 17.46

ശുഭ്മന്‍ ഗില്‍

റണ്‍സ്: 291
സ്‌ട്രൈക് റേറ്റ്: 137.26
ശരാശരി: 24.25

യശസ്വി ജെയ്‌സ്വാള്‍

റണ്‍സ്: 491
സ്‌ട്രൈക് റേറ്റ്: 165.87
ശരാശരി: 35.07

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്നതാണ് ശുഭ്മന്‍ ഗില്ലിനെ അപേക്ഷിച്ച് സഞ്ജുവിനുള്ള പ്ലസ് പോയിന്റ്. എന്നാല്‍ വിക്കറ്റ് കീപ്പറായി ലോകകപ്പ് സ്‌ക്വാഡില്‍ ഇടം നേടിയ ഇഷാന്‍ കിഷന്‍ സഞ്ജുവിനെ കടത്തിവെട്ടുന്ന ബാറ്റിങ് പ്രകടനമാണ് ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ പുറത്തെടുക്കുന്നത്. ഇന്ത്യ – ന്യൂസിലാന്‍ഡ് പരമ്പരയിലും ആഭ്യന്തര തലത്തിലും തിളങ്ങിയാണ് ഇഷാന്‍ സഞ്ജുവിന്റെ സ്ഥാനത്തിന് ഭീഷണി ഉയര്‍ത്തുന്നത്.

ഇഷാന്‍ കിഷന്‍. Photo: BCCI/x.com

അതേസമയം, ഇടംകയ്യന്‍ ബാറ്ററാണ് എന്നതാണ് ജെയ്‌സ്വാളിനും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തലത്തില്‍ തിരിച്ചടിയായിരിക്കുന്നത്.

ഓപ്പണിങ്ങില്‍ തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ച അഭിഷേക് ശര്‍മ ഇടംകയ്യന്‍ ബാറ്ററാണ്. രണ്ട് ഇടംകയ്യന്‍ ബാറ്റര്‍മാരെ ഓപ്പണിങ്ങില്‍ കളത്തിലിറക്കാന്‍ ഇന്ത്യയ്ക്ക് താത്പര്യമുണ്ടാകില്ല. ഇടംകൈ – വലംകൈ കോമ്പിനേഷന്‍ ആവശ്യപ്പെടുന്ന ഇന്ത്യന്‍ ടീമിന്റെ രീതിയും ജെയ്‌സ്വാളിന് വെല്ലുവിളിയാണ്.

 

Content Highlight: Yashasvi Jaiswal has better stats in last 15 T20Is than Sanju Samson and Shubman Gill

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.