ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ വണ്‍ ഓഫ് ടെസ്റ്റിന് തുടക്കമായിരിക്കുകയാണ്. പഞ്ചാബിലെ മുല്ലന്‍പൂരില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. ഈ മത്സരത്തില്‍ ഓപ്പണറായി കളത്തിലിറങ്ങിയതോടെ ഒരു അപൂര്‍വ നേട്ടവും യശ്വസി ജെയ്സ്വാള്‍ സ്വന്തമാക്കി.
ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചതിന് ശേഷം വ്യത്യസ്തമായ സ്റ്റേഡിയങ്ങളില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന അപൂര്‍വം ചില ഇന്ത്യന്‍ താരങ്ങളില്‍ ഒരാളാണ് ജെയ്സ്വാള്‍. 2023ല്‍ റെഡ് ബോള്‍ ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചതിന് ശേഷമുള്ള തന്റെ 29ാം ടെസ്റ്റ് മത്സരമാണ് ജെയ്സ്വാള്‍ അഫ്ഗാനെതിരെ കളിക്കുന്നത്. ഈ 29 മത്സരങ്ങളും 29 സ്റ്റേഡിയങ്ങളിലായിരുന്നു.
മുല്ലന്‍പൂരിന് പുറമെ വിന്‍ഡ്‌സര്‍ പാര്‍ക്ക്, പോര്‍ട്ട് ഓഫ് സ്‌പെയിന്‍, സെഞ്ചൂറിയന്‍, കേപ്ടൗണ്‍, ഹൈദരാബാദ്, വിശാഖപട്ടണം, രാജ്‌കോട്ട്, റാഞ്ചി, ധര്‍മശാല, ചെന്നൈ, കാണ്‍പൂര്‍, ബെംഗളൂരു, പൂനെ, വാംഖഡെ, പെര്‍ത്ത്. അഡലെയ്ഡ്, ബ്രിസ്ബെയ്ന്‍, മെല്‍ബണ്‍, സിഡ്‌നി, ലീഡ്‌സ്, ബര്‍മിങ്ഹാം, ലോര്‍ഡ്‌സ്, മാഞ്ചസ്റ്റര്‍, ദി ഓവല്‍, അഹമ്മദാബാദ്, ദല്‍ഹി, ഈഡന്‍ ഗാര്‍ഡന്‍സ്, ഗുവാഹത്തി എന്നീ സ്റ്റേഡിയങ്ങളിലാണ് ജെയ്സ്വാള്‍ കളിച്ചത്.
യശ്വസി ജെയ്‌സ്വാൾ
റെഡ് ബോള്‍ ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചതിന് പിന്നാലെ ഏറ്റവും കൂടുതല്‍ തവണ വ്യത്യസ്ത സ്റ്റേഡിയങ്ങളില്‍ കളിച്ച ഇന്ത്യന്‍ താരങ്ങള്‍ സഞ്ജയ് മഞ്ജരേക്കക്കറും സച്ചിന്‍ ടെന്‍ഡുല്‍ക്കറുമാണ്.
മഞ്ജരേക്കര്‍ 33 വേദികളിലും സച്ചിന്‍ 32 വേദികളിലുമാണ് കളത്തിലിറങ്ങിയത്. വരാനിരിക്കുന്ന പരമ്പരയിലും ജെയ്സ്വാള്‍ ഇതുവരെ കളിക്കാതെ വേദികളില്‍ കളത്തിലിറങ്ങിയാല്‍ സച്ചിന്റെയും മഞ്ജരേക്കറിന്റെയും പേരിലുള്ള ഈ അപൂര്‍വ റെക്കോഡ് തകരാനും സാധ്യതയുണ്ട്.
അതേസമയം മത്സരത്തില്‍ 32 പന്തില്‍ അഞ്ച് ഫോറടക്കം 24 റണ്‍സ് നേടിയാണ് ജെയ്സ്വാള്‍ മടങ്ങിയത്. 12ാം ഓവറില്‍ മുഹമ്മദ് സലീമിന്റെ പന്തില്‍ അഫ്സര്‍ സസായ്ക്ക് ക്യാച്ച് നല്‍കിയാണ് താരം തിരികെ നടന്നത്. കെ.എല്‍ രാഹുലും സായ് സുദര്‍ശനുമാണ് നിലവില്‍ ക്രീസിലുള്ളത്.