ചരിത്രത്തില്‍ രണ്ടാമനായി ജെയ്സ്വാള്‍; രാജസ്ഥാനില്‍ ഇപ്പോഴും സഞ്ജു തന്നെ രാജാവ്
Cricket
ചരിത്രത്തില്‍ രണ്ടാമനായി ജെയ്സ്വാള്‍; രാജസ്ഥാനില്‍ ഇപ്പോഴും സഞ്ജു തന്നെ രാജാവ്
Sudev A
Wednesday, 29th April 2026, 9:26 am

ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്സിന്റെ അപരാജിത കുതിപ്പിന് അന്ത്യം കുറിച്ചിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. പഞ്ചാബിന്റെ തട്ടകമായ പി.സി.എ സ്റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് രാജസ്ഥാന്‍ വിജയിച്ചത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നാല് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സാണ് അടിച്ചെടുത്തത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു.

മത്സരത്തില്‍ രാജസ്ഥാന് വേണ്ടി ഡെണോവന്‍ ഫെരേര, യശ്വസി ജെയ്സ്വാള്‍ എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. അവസാന ഘട്ടത്തില്‍ 52 റണ്‍സ് നേടിയാണ് ഡെണോവന്‍ ഫെരേര ടീമിനെ വിജയത്തിലെത്തിച്ചത്. ജെയ്‌സ്വാള്‍ 27 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 51 റണ്‍സാണ് നേടിയത്.

ഓപ്പണിങ്ങില്‍ വെടിക്കെട്ട് പ്രകടനം നടത്തി വൈഭവ് സൂര്യവംശിയും തിളങ്ങി. 16 പന്തില്‍ അഞ്ച് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 43 റണ്‍സാണ് താരം അടിച്ചെടുത്തത്. 31 റണ്‍സ് നേടി ഇംപാക്ട് പ്ലെയര്‍ ശുഭം ദുബെയും രാജസ്ഥാന്റെ വിജയത്തില്‍ വലിയ പങ്കുവഹിച്ചു.

മത്സരത്തില്‍ മറ്റൊരു അര്‍ധ സെഞ്ച്വറി കൂടി സ്വന്തമാക്കിയതോടെ ഒരു സൂപ്പര്‍ നേട്ടവും ജെയ്‌സ്വാള്‍ കൈപ്പിടിയിലാക്കി. ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി ഏറ്റവും കൂടുതല്‍ 50+ സ്‌കോര്‍ നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് ജെയ്സ്വാള്‍ തന്റെ പേരില്‍ കുറിച്ചത്. 20 തവണയാണ് താരം ഇതുവരെ രാജസ്ഥാന് വേണ്ടി 50+ സ്‌കോര്‍ ചെയ്തത്.

നിലവിലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകനും മുന്‍ ആര്‍.ആര്‍ താരവുമായിരുന്നു അജിന്‍ക്യ രഹാനെയെ മറികടന്നാണ് ജെയ്‌സ്വാള്‍ രണ്ടാമനായത്. ഈ ലിസ്റ്റില്‍ മുന്നിലുള്ളത് സഞ്ജു സാംസണും ജോസ് ബട്ലറുമാണ്. ഇരുവരും 25 തവണയാണ് 50ന് മുകളില്‍ സ്‌കോര്‍ ചെയ്തത്.

ഐ.പി.എല്ലില്‍ ആര്‍.ആറിനായി ഏറ്റവും കൂടുതല്‍ 50+ നേടുന്ന താരങ്ങള്‍
(എണ്ണം – താരം – ഇന്നിങ്‌സ് എന്നീ ക്രമത്തില്‍)

25 – ജോസ് ബട്ലര്‍ – 82

25 – സഞ്ജു സാംസണ്‍ – 144

20 – യശസ്വി ജെയ്‌സ്വാള്‍ – 75

19 – അജിന്‍ക്യ രഹാനെ – 93

16 – ഷെയ്ന്‍ വാട്സണ്‍ – 76

അതേസമയം മത്സരത്തില്‍ പഞ്ചാബിന് വേണ്ടി വമ്പന്‍ ബാറ്റിങ് പ്രകടനം നടത്തിയത് മാര്‍കസ് സ്റ്റോയ്‌നിസും പ്രഭ്‌സിമ്രാന്‍ സിങ്ങുമാണ്. സ്റ്റോയ്‌നിസ് 22 പന്തില്‍ നിന്ന് പുറത്താകാതെ 62 റണ്‍സാണ് അടിച്ചെടുത്തത്. ആറ് സിക്‌സും നാല് ഫോറുമായിരുന്നു താരം നേടിയത്. 281.82 എന്ന സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു.

ഇന്നിങ്‌സിലെ അവസാന ഓവറില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയാണ് താരം പഞ്ചാബിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്. പ്രഭ്‌സിമ്രാന്‍ സിങ് 44 പന്തില്‍ ഒരു സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 59 റണ്‍സ് നേടിയാണ് മടങ്ങിയത്.

രാജസ്ഥാന് വേണ്ടി അരങ്ങേറ്റക്കാരന്‍ യാഷ് പുഞ്ച രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ജോഫ്ര ആര്‍ച്ചര്‍, നാന്ദ്രേ ബര്‍ഗര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Content Highlight: Yashasvi Jaiswal Create a Huge record for Rajasthan Royals in IPL

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.