ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 230 റണ്‍സ് വിജയലക്ഷ്യം. രാജസ്ഥാന്റെ തട്ടകമായ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നാല് വിക്കറ്റ് നഷ്ടത്തിലാണ് 229 റണ്‍സ് അടിച്ചെടുത്തത്.
മത്സരത്തില്‍ റിയാന്‍ പരാഗിന് പകരം യശ്വസി ജെയ്‌സ്വാളാണ് രാജസ്ഥാനെ നയിക്കുന്നത്. പരാഗിന് പരിക്കേറ്റതിനാലാണ് ജെയ്‌സ്വാള്‍ രാജസ്ഥാന്റെ ക്യാപ്റ്റന്‍സി കുപ്പായമണിഞ്ഞത്. പരാഗിന് പരുക്കേറ്റുവെന്നും താരം ഉടന്‍ തന്നെ തിരിച്ചെത്തുമെന്നും ജെയ്‌സ്വാള്‍ ടോസ് സമയത്ത് വ്യക്തമാക്കി.
രാജസ്ഥാന്റെ ക്യാപ്റ്റനായി കളത്തിലിറങ്ങിയതോടെ ഐ.പി.എല്ലില്‍ ഒരു ടീമിനെ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റന്മാരുടെ ലിസ്റ്റിലും ജെയ്സ്വാള്‍ ഇടം നേടി. 24 വയസും 132 ദിവസവും പ്രായമുള്ളപ്പോഴാണ് ജെയ്സ്വാളിനെ തേടി ഈ നേട്ടമെത്തുന്നത്. ഈ ലിസ്റ്റില്‍ എട്ടാം സ്ഥാനത്താണ് ജെയ്സ്വാള്‍.
ഗുജറാത്ത് ടൈറ്റന്‍സിന്റെയും ഇന്ത്യന്‍ ടീമിന്റെയും നായകനായ ശുഭ്മന്‍ ഗില്ലിനെ മറികടന്നാണ് ജെയ്സ്വാളിന്റെ കുതിപ്പ്. 24 വയസും 198 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു ഗില്‍ ക്യാപ്റ്റനായി കളത്തിലിറങ്ങിയത്. ഈ പട്ടികയില്‍ ഒന്നാമതുള്ളത് വിരാട് കോഹ്ലിയാണ് 22 വയസും 187 ദിവസവും പ്രായമുള്ളപ്പോളാണ് വിരാട് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നയിച്ചത്. സ്റ്റീവ് സ്മിത്ത്, സുരേഷ് റെയ്‌ന, റിയാന്‍ പരാഗ്, ശ്രേയസ് അയ്യര്‍, റിഷബ് പന്ത്, റാഷിദ് ഖാന്‍ എന്നിവരാണ് ജെയ്സ്വാളിന് മുന്നിലുള്ള ക്യാപ്റ്റന്‍മാര്‍.
അതേസമയം ഗുജറാത്തിന് വേണ്ടി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍, സായ് സുദര്‍ശന്‍ എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി തിളങ്ങി. 44 പന്തില്‍ 84 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. ഒമ്പത് ഫോറുകളും മൂന്ന് സിക്‌സുകളും അടങ്ങുന്നതാണ് ഗുജറാത്ത് ക്യാപ്റ്റന്റെ ഇന്നിങ്സ്. 36 പന്തില്‍ ആറ് ഫോറുകളും രണ്ട് സിക്‌സുകളും അടക്കം 55 റണ്‍സാണ് സായ് നേടിയത്. ഗില്ലും സുദര്‍ശനും ചേര്‍ന്ന് 118 റണ്‍സിന്റെ കൂറ്റന്‍ കൂട്ടുക്കെട്ടാണ് സൃഷ്ടിച്ചത്.
വാഷിങ്ങ്ടണ്‍ സുന്ദര്‍ 20 പന്തില്‍ പുറത്താവാതെ 37 റണ്‍സും നേടി ടീമിന് കൂറ്റന്‍ ടോട്ടല്‍ നല്‍കുന്നതില്‍ നിര്‍ണായകമായി. രണ്ട് ഫോറുകളും മൂന്ന് ഫോറുകളുമാണ് താരം നേടിയത്. രാജസ്ഥാന്‍ ബൗളിങ്ങില്‍ ബ്രിജേഷ് ശര്‍മ രണ്ട് വിക്കറ്റും യാഷ് പുഞ്ച, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
Content Highlight: Yashasvi Jaiswal Create a Historical Captaincy Record in IPL