ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമയെന്ന് സ്വയം അവകാശപ്പെടുന്ന പ്രൊജക്ടാണ് രാമായണ. നാലായിരം കോടിക്കടുത്ത് ചെലവഴിച്ച് രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റിന് ഗംഭീര വരവേല്പായിരുന്നു ലഭിച്ചത്. എന്നാല്‍ പിന്നീട് വന്ന അപ്‌ഡേറ്റുകള്‍ക്ക് പ്രേക്ഷകരില്‍ വലിയ ഇംപാക്ടുണ്ടാക്കാന്‍ സാധിച്ചില്ല.

ഏറ്റവുമൊടുവില്‍ പുറത്തുവന്ന ട്രെയ്‌ലര്‍ മാത്രമാണ് കുറച്ചെങ്കിലും ക്വാളിറ്റിയുള്ളത്. പ്രാക്ടിക്കല്‍ എഫക്ടുകള്‍ ഒട്ടുമില്ലാതെ പൂര്‍ണമായും വി.എഫ്.എക്‌സിനെ ആശ്രയിച്ചുകൊണ്ടാണ് അണിയറപ്രവര്‍ത്തകര്‍ രാമായണ ഒരുക്കിയത്. വി.എഫ്.എക്‌സിന്റെ അമിതമായ ഉപയോഗം പലരിലും നിരാശയുണ്ടാക്കിയിട്ടുണ്ട്. വന്‍ ബജറ്റിലൊരുങ്ങുന്ന സിനിമക്ക് വേണ്ടി വലിയ രീതിയിലുള്ള പ്രൊമോഷനാണ് അണിയറപ്രവര്‍ത്തകര്‍ നടത്തുന്നത്.

രാമായണ Photo: Screen grab/ Youtube

കഴിഞ്ഞദിവസം ഹൈദരബാദില്‍ നടന്ന പ്രീ റിലീസ് ഇവന്റില്‍ യഷ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. ചിത്രത്തിന്റെ നിര്‍മാണ പങ്കാളി കൂടിയായ യഷ് രാമായണയുടെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ സിനിമയാണ് പ്രേക്ഷകര്‍ക്ക് നല്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘നിങ്ങളോട് എനിക്ക് ഒരു റിക്വസ്റ്റ് മാത്രമേയുള്ളൂ. ഈ സിനിമയിലെ വി.എഫ്.എക്‌സിലെ ചെറിയ തെറ്റുകള്‍ കണ്ടുപിടിക്കാന്‍ നില്ക്കരുത്. അങ്ങനെ ഓരോന്ന് കണ്ടുപിടിച്ചാല്‍ ഇങ്ങനെയൊന്ന് ഇനിയൊരിക്കലും ഉണ്ടാകില്ല. നമിത്തിനെപ്പോലെ ഒരാളെ ഇപ്പോള്‍ നമ്മള്‍ കൈവിട്ടാല്‍ ഒരുപാട് വര്‍ഷം പിന്നോട്ട് പോകേണ്ടി വരും. തിരിച്ചുവരാന്‍ ഒരുപാട് സമയമെടുക്കുകയും ചെയ്യും.

യഷ് Photo: Screen grab/ Youtube

അതുകൊണ്ട്, തുറന്ന മനസോടുകൂടി നമുക്ക് ഈ സിനിമയെ സമീപിക്കാം. എല്ലാതരം വിമര്‍ശനങ്ങളും തിരുത്തലുകളും ഞങ്ങള്‍ സ്വീകരിക്കും. കുറച്ചുകൂടി മെച്ചപ്പെടുത്താനും ഞങ്ങള്‍ ശ്രമിക്കാം. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഇന്‍ഡസ്ട്രിയിലെ എല്ലാവരോടും എന്റെ ഭാഗത്ത് നിന്ന് ഒരൊറ്റ അഭ്യര്‍ത്ഥന മാത്രമേയുള്ളൂ. നമുക്ക് ഒരുമിച്ച് ഈ സിനിമ കാണാം. ഇഷ്ടപ്പെടുകയാണെങ്കില്‍ അത് ലോകത്തെയും കാണിക്കാം,’ യഷ് പറഞ്ഞു.

രണ്ട് ഭാഗങ്ങളിലായൊരുങ്ങുന്ന രാമായണയില്‍ രണ്‍ബീര്‍ കപൂറാണ് രാമനായി വേഷമിടുന്നത്. രാവണനായി യഷ് എത്തുമ്പോള്‍ സായ് പല്ലവിയാണ് സീതയെ അവതരിപ്പിക്കുന്നത്. ഹോളിവുഡിലെ മുന്‍നിര വി.എഫ്.എക്‌സ് ടീമായ ഡി.എന്‍.ഇ.ജിയാണ് രാമായണയുടെ പിന്നില്‍. ദംഗല്‍, ചിച്ചോരെ തുടങ്ങിയ ക്ലാസിക്കുകള്‍ ഒരുക്കിയ നിതീഷ് തിവാരിയാണ് ചിത്രത്തിന്റെ സംഗീതം. നവംബര്‍ അഞ്ചിന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Yash saying don’t find small fault in Ramayana VFX