തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ പീഡിപ്പിച്ചുവന്ന് ഭാര്യ യാമിനി തങ്കച്ചി. കഴിഞ്ഞ 16 വര്‍ഷമായി തന്നെ നിരന്തരമായി ഗണേഷ്‌കുമാര്‍ പീഡിപ്പിക്കുന്നുവെന്നും യാമിനി തങ്കച്ചി വ്യക്തമാക്കി. പരാതിയുമായി രേഖാമൂലം മുഖ്യമന്ത്രിയെ സമീപിച്ചപ്പോള്‍ അദ്ദേഹവും തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും യാമിനി പറഞ്ഞു.[]
ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കാനായിരുന്നു താന്‍ മുഖ്യമന്ത്രിയെ കണ്ടത്. എന്നാല്‍ അദ്ദേഹം പരാതി സ്വീകരിക്കാന്‍ തയാറായില്ല. പ്രശ്‌ന പരിഹാരത്തിന് ഒരു അവസരം കൂടി നല്‍കാനാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. അച്ഛനും സഹോദരന്‍മാരും ഇല്ലാത്ത താന്‍ പിതാവിന്റെ സ്ഥാനത്താണ് ഉമ്മന്‍ ചാണ്ടിയെ കണ്ടത്. എന്നാല്‍ മധ്യസ്ഥം നിന്ന മുഖ്യമന്ത്രിയും മന്ത്രി ഷിബു ബേബി ജോണും ടി. ബാലകൃഷ്ണന്‍ ഐ.എ.സും തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും യാമിനി തങ്കച്ചി വ്യക്തമാക്കി.
ഗണേഷിനെതിരെ പരാതി നല്‍കിയില്ലെന്ന് എഴുതി നല്‍കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടപ്പോള്‍ താന്‍ അതിനും തയാറായി. എന്നിട്ടും അദ്ദേഹം തന്നോട് വിശ്വാസ വഞ്ചന കാട്ടുകയായിരുന്നു. തന്റെ പരാതി ഒരിക്കല്‍ പോലും വായിക്കാന്‍ അദ്ദേഹം തയ്യാറായില്ല. മുഖ്യമന്ത്രിയെ വിശ്വസിച്ചത് തെറ്റായിപ്പോയെന്നും യാമിനി വ്യക്തമാക്കി.
ഗണേഷ് കുമാര്‍ തനിക്കെതിരെ പരാതി നല്‍കിയപ്പോള്‍ വാദി പ്രതിയായ അവസ്ഥയായി. മുഖ്യമന്ത്രി അടക്കമുള്ളവര്‍ വഞ്ചിച്ചതോടെയാണ് മാധ്യമങ്ങള്‍ക്കു മുന്നില്‍ തനിക്ക് വരേണ്ടി വന്നതെന്നും ഇതിനു മുന്‍പ് ഇക്കാര്യത്തില്‍ ഒരു പ്രതികരണത്തിനും മുതിര്‍ന്നിരുന്നില്ലെന്നും യാമിനി വ്യക്തമാക്കി.
പി. സി ജോര്‍ജ്ജ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞത് ശരിയാണ്. ഗണേഷ് കുമാറുമായി അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് ആരോപിക്കുന്ന സ്ത്രീ മകന്റെ സഹപാഠിയുടെ അമ്മയാണെന്നും അവര്‍ തന്റെ സുഹൃത്തു കൂടിയാണെന്നും യാമിനി തങ്കച്ചി വെളിപ്പെടുത്തി. തന്റെ ഭാര്യയുമായി ഗണേഷിന് അവിഹിത ബന്ധമുണ്ടെന്ന മന്ത്രിയെ കാണാന്‍ പോകുന്നതിന് മുമ്പ് കാമുകി ഭര്‍ത്താവ് വീട്ടില്‍ വന്ന് തന്നെ കണ്ടിരുന്നു.
കാര്യങ്ങള്‍ വിശദമാക്കിയ ശേഷം മന്ത്രിയെ കാണാന്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 22 ന് അപ്പോയിന്റ്‌മെന്റ് എടുത്താണ് അയാള്‍ കാണാന്‍ ചെന്നത്. വൈകിട്ട് ആറു മണിക്കാണ് അയാള്‍ മന്ത്രിയുടെ ഓഫീസിലേക്കു പോയത്. തൊട്ടുപിറകെ താനും ഓഫീസ് മുറിയിലേക്ക് ചെന്നിരുന്നു.
രൂക്ഷമായ ആരോപണങ്ങളാണ് കാമുകി ഭര്‍ത്താവ് ഉന്നയിച്ചത്. തന്റെ ഭാര്യയെ ഗണേഷ്‌കുമാര്‍ കാറില്‍ കയറ്റിക്കൊണ്ടു പോയെന്നും അത് എവിടെ വച്ചാണെന്നും ഏതു ഹോട്ടലിലേക്കാണ് കൊണ്ടുപോയതെന്നും കാമുകി ഭര്‍ത്താവ് പറഞ്ഞു. സന്ദര്‍ശകന്‍ പറയുന്നത് മുഴുവന്‍ കേട്ടുകഴിഞ്ഞ ഉടന്‍ ഗണേഷ് കുമാര്‍ തെറ്റുപറ്റിപ്പോയെന്നു പറഞ്ഞ് അയാളുടെ കാലില്‍ വീഴുകയായിരുന്നു.
സന്ദര്‍ശകന്‍ ഗണേഷ്‌കുമാറിനെ മര്‍ദ്ദിക്കുന്നത് കണ്ട് സ്തബ്ധയായ താന്‍ പൊട്ടിക്കരഞ്ഞു കൊണ്ട് മുറിയിലേക്കു പോയി. കുറേ കരഞ്ഞതിനു ശേഷം തിരിച്ച് ഓഫീസിലെത്തിയപ്പോള്‍ സന്ദര്‍ശകന്‍ പോയിരുന്നു.
സന്ദര്‍ശകന്‍ പറഞ്ഞത് ഗണേഷിനോട് ചോദിച്ചപ്പോള്‍ തനിക്കെതിരെ പൊട്ടിത്തെറിക്കുകയും ഓഫീസില്‍ വച്ച് തലങ്ങും വിലങ്ങും മര്‍ദ്ദിക്കുകയായിരുന്നുവെന്നും യാമിനി പറഞ്ഞു. മര്‍ദ്ദനത്തില്‍ കൈക്ക് ഒടിവുണ്ടാകുകയും ചെയ്തു. കാലില്‍ പരിക്ക് പറ്റുകയും തലയിലും ദേഹത്തും മര്‍ദ്ദനമേറ്റപ്പോള്‍ സഹിക്കാന്‍ വയ്യാതെ നിലവിളിച്ചപ്പോള്‍ മര്‍ദ്ദനം നിര്‍ത്തി ഗണേഷ് കുമാര്‍ മുറിയില്‍ നിന്ന് പുറത്തേക്കു പോയി.
തന്റെ മകന്‍ അപ്പോഴടുത്തുണ്ടായിരുന്നു. അല്‍പ സമയത്തിനു ശേഷം ഷൂട്ടിംഗ് ഉണ്ടെന്നു പറഞ്ഞ് ഗണേഷ് എറണാകുളത്തേക്കു പോവുകയും ചെയ്തു. യാമിനി പറഞ്ഞു.
പതിനാറു വര്‍ഷമായി താന്‍ പീഡനത്തിനിരയാണ്. ഗണേഷ് കുമാറിന്റെ അച്ഛന്‍ ആര്‍ ബാലകൃഷ്ണ പിള്ളക്ക് ഇക്കാര്യങ്ങളെല്ലാം അറിയാം. തന്നെ പിന്തുണച്ചിരുന്ന അദ്ദേഹം പറയുന്നത് കേള്‍ക്കാന്‍ ഗണേഷ് കുമാര്‍ തയാറായിരുന്നില്ല.
ഗാര്‍ഹിക പീഡനവും പരസ്ത്രീ ബന്ധവും അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് ഗണേഷ് കുമാറിനെതിരേ പരാതി നല്‍കും. മുമ്പ് ഇതേ ആരോപണങ്ങള്‍ ഉന്നയിച്ചാണ് വിവാഹ മോചനത്തിന് അപേക്ഷ നല്‍കിയിരുന്നത്.
ജസ്റ്റീസ് ശ്രീദേവിയുടെ മധ്യസ്ഥ ശ്രമത്തിനൊടുവില്‍ ഒരുമിച്ചു പോകാന്‍ തീരുമാനിച്ച അന്നത്തെ തീരുമാനം തെറ്റായിപ്പോയെന്നും യാമിനി വ്യക്തമാക്കി. ഇത്തരമൊരു മന്ത്രി കേരളത്തിനു വേണമോ എന്ന് ജനങ്ങള്‍ തീരുമാനിക്കണമെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു കൊണ്ട് യാമിനി പറഞ്ഞു.
എന്നാല്‍ ഭാര്യ യാമിനി തങ്കച്ചിയില്‍ നിന്ന് വിവാഹമോചനം തേടിക്കൊണ്ട് മന്ത്രി ഗണേഷ്‌കുമാര്‍ കുടുബ കോടതിയില്‍ ഹര്‍ജി നല്‍കി. തിരുവനന്തപുരം കുടുംബ കോടതിയില്‍ അഭിഭാഷകരായ കെ.രാംകുമാര്‍ , അബ്ദുള്‍കരീം എന്നിവര്‍ മുഖേനയാണ് യാമിനിയില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. ജൂണ്‍ 29ന് ഹര്‍ജി പരിഗണിക്കുന്ന കോടതി ഗണേഷിന്റെ വാദം കേട്ടശേഷം യാമിനി തങ്കച്ചിക്ക് നോട്ടീസയക്കും.
