സുഡാനിലെ നഗരത്തിലുടനീളം കൂട്ടക്കുഴിമാടങ്ങൾ; മൃതദേഹങ്ങൾ കൊണ്ടു തള്ളുകയാണ്: യു.എസ് യൂണിവേഴ്സിറ്റി ഗവേഷകൻ
Trending
സുഡാനിലെ നഗരത്തിലുടനീളം കൂട്ടക്കുഴിമാടങ്ങൾ; മൃതദേഹങ്ങൾ കൊണ്ടു തള്ളുകയാണ്: യു.എസ് യൂണിവേഴ്സിറ്റി ഗവേഷകൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th November 2025, 5:09 pm

അബുജ: സുഡാനിലെ പടിഞ്ഞാറൻ ഡാഫർ മേഖലയിലെ എൽ ഫാഷറിൽ ആർ.എസ്എഫ് (റാപ്പിഡ് സപ്പോർട്ട് ഫോഴ്സ്) കൂട്ടക്കൊലയെ അപലപിച്ച് യു.എസിലെ യേൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകൻ.

യൂണിവേഴ്സിറ്റിയിലെ സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഹ്യുമാനിറ്റേറിയൻ റിസർച്ച് ലാബിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ ഗവേഷകൻ നഥാനിയേൽ റെയ്മണ്ട് നഗരത്തിലുടനീളം കൂട്ടക്കുഴിമാടങ്ങൾ കുഴിക്കുകയും മൃതദേഹങ്ങൾ ശേഖരിക്കുകയും ചെയ്‌തിരിക്കുന്നുവെന്ന് പറഞ്ഞതായി അൽജസീറ റിപ്പോർട്ട് ചെയ്തു.

‘ആർ. എസ്.എഫ് മൃതദേഹങ്ങൾ ശേഖരിക്കുകയും നഗരത്തിലുടനീളം കുഴിമാടങ്ങൾ കുഴിക്കുകയും ചെയ്യുന്നു. അവർ കൂട്ടക്കൊല തുടച്ചുനീക്കുകയാണ്,’ നഥാനിയേൽ റെയ്മണ്ട് പറഞ്ഞു.

യു.എൻ കണക്കുകളുടെയും എൽ ഫാഷറിൽ കാണാൻ കഴിയുന്നതിന്റെയും അടിസ്ഥാനത്തിൽ ഗസയിലെ കഴിഞ്ഞ രണ്ട് വർഷത്തെ യുദ്ധത്തിൽ മരിച്ചതിനേക്കാൾ കൂടുതൽ ആളുകൾ 10 ദിവസത്തിനുള്ളിൽ സുഡാനിൽ കൊല്ലപ്പെട്ടിട്ടുണ്ടായേക്കാമെന്ന് റെയ്മണ്ട് പറഞ്ഞു.

ഇത് അതിശയോക്തിയല്ലെന്നും ആയിരക്കണക്കിനാളുകൾക്ക് അടിയന്തരസഹായം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുഡാനിലെ നോർത്ത് ഡാഫറിൽ എൽ ഫാഷർ പിടിച്ചെടുത്തതിന് ശേഷം ആർ. എസ്.എഫ് കൂട്ടക്കൊലകൾ നടത്തിയതായുള്ള തെളിവുകളും ഉപഗ്രഹചിത്രങ്ങളും യേലിലെ ഹ്യുമാനിറ്റേറിയൻ റിസർച്ച് ലാബ് നേരത്തെ പുറത്തുവിട്ടിരുന്നു.

‘തിങ്കളാഴ്ച രാവിലെ 1200 പേർ മരിച്ചതായി സ്ഥലത്തുണ്ടായിരുന്ന ആളുകൾ
ഞങ്ങൾക്ക് ഒരു സന്ദേശം അയച്ചിരുന്നു. അന്ന് വൈകുന്നേരം അവർ 10,000 പേർ മരിച്ചുവെന്ന് പറഞ്ഞു. ചൊവ്വാഴ്ചയോടെ ഞങ്ങൾക്ക് അവരെ ബന്ധപ്പെടാൻ കഴിഞ്ഞില്ല,’ നഥാനിയേൽ റെയ്മണ്ട് പറഞ്ഞിരുന്നു.

എൽ ഫാഷറിൽ ആയിരക്കണക്കിനാളുകൾ കുടുങ്ങി കിടക്കുന്നുണ്ടെന്ന് യു.എൻ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസങ്ങളിൽ മുന്നറിയിപ്പ് നൽകിയിരുന്നു.

‘നഗരത്തിൽ കുടുങ്ങി കിടക്കുന്നവർക്ക് ഭക്ഷണവും വെള്ളവും വൈദ്യസഹായവും എത്തിക്കുന്നത് നിലവിലെ അരക്ഷിതാവസ്ഥ തടസമാകുന്നെന്ന് സുഡാനിലെ മുതിർന്ന യു.എൻ അഭയാർത്ഥി ഏജൻസി (യു.എൻ.എച്ച്.സി.ആർ) ഉദ്യോഗസ്ഥയായ ജാക്വലിൻ വിൽമ പാർലെവ്ലിയറ്റ് പറഞ്ഞിരുന്നു.

Content Highlight: Yale University researcher condemns massacre in Sudan