മമ്മൂട്ടി ഭ്രമയുഗം പോലുള്ള സിനിമകള്‍ ചെയ്യുന്നതുപോലെ രജിനികാന്തിന് ചെയ്യാന്‍ പറ്റാത്തതിന്റെ കാരണമെന്ത്?: മറുപടിയുമായി വൈ.ജി. മഹേന്ദ്രന്‍
Film News
മമ്മൂട്ടി ഭ്രമയുഗം പോലുള്ള സിനിമകള്‍ ചെയ്യുന്നതുപോലെ രജിനികാന്തിന് ചെയ്യാന്‍ പറ്റാത്തതിന്റെ കാരണമെന്ത്?: മറുപടിയുമായി വൈ.ജി. മഹേന്ദ്രന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 21st April 2024, 1:04 pm

വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടവരാരും അതിലെ സ്വാമിനാഥനെ മറക്കാനിടയില്ല. കോടമ്പാക്കത്തെത്തുന്ന മുരളിയെയും വേണുവിനെയും സ്വീകരിക്കുന്ന സ്വാമിനാഥാനായി വേഷമിട്ടത് തമിഴിലെ സീനിയര്‍ നടനായ വൈ.ജി. മഹേന്ദ്രയായിരുന്നു. 50 വര്‍ഷത്തിലധികമായി തമിഴ് സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന മഹേന്ദ്രയുടെ മൂന്നാമത്തെ മലയാള ചിത്രമാണിത്.

പണ്ടുമുതലേ മലയാള സിനിമകള്‍ ഫോളോ ചെയ്യുന്ന ആളാണ് താനെന്നും മികച്ച കണ്ടന്റുകള്‍ ഏറ്റവും സിമ്പിളായി അവതരിപ്പിക്കുന്ന ഇന്‍ഡസ്ട്രി എന്ന നിലയില്‍ മലയാള സിനിമ എല്ലാ ഇന്‍ഡസ്ട്രിക്കും മാതൃകയാണെന്നും മഹേന്ദ്ര പറഞ്ഞു. സിനി ഉലകത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ പോലും പരീക്ഷണ സിനിമകള്‍ ധൈര്യപൂര്‍വ്വം ചെയ്യുമെന്നും അതിനെ അംഗീകരിക്കുന്ന പ്രേക്ഷകരാണ് കേരളത്തിലുള്ളതെന്നും മഹേന്ദ്ര അഭിപ്രായപ്പെട്ടു. തമിഴില്‍ രജിനികാന്തിനെപ്പോലുള്ള സൂപ്പര്‍ താരങ്ങള്‍ക്ക് ഭ്രമയുഗം പോലുള്ള പരീക്ഷണ സിനിമകള്‍ ചെയ്യാന്‍ കഴിയാത്തതിന്റെ കാരണം രജിനിയുടെ ആരാധകര്‍ അയാളില്‍ നിന്ന് പരീക്ഷണ സിനിമകള്‍ പ്രതീക്ഷിക്കാത്തുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കൊവിഡിന് ശേഷമാണ് പലരും മലയാളസിനിമയെപ്പറ്റി കൂടുതലും സംസാരിച്ചു തുടങ്ങിയത്. പക്ഷേ ഞാന്‍ പണ്ടുമുതലേ മലയാളത്തിലെ മികച്ച സിനിമകള്‍ തേടിപ്പിടിച്ചു കാണുന്ന ആളാണ്. അവരുടെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്ന് വെച്ചാല്‍ മികച്ച കണ്ടന്റുകളാണ് മിക്ക സിനിമകള്‍ക്കും. അതിനെ ഏറ്റവും സിമ്പിളായി അവതരിപ്പിക്കും. നമ്മളെപ്പോലെ എല്ലായിടത്തും പാട്ട് കുത്തിക്കേറ്റുന്ന പരിപാടി ഒന്നും അവിടെ ഇല്ല. എന്താണോ സിനിമക്ക് ആവശ്യം അതു മാത്രമേ അവര്‍ കാണിക്കുള്ളൂ.

അവിടത്തെ സൂപ്പര്‍സ്റ്റാറുകള്‍ പോലും പരീക്ഷണസിനിമ ചെയ്യാന്‍ ധൈര്യമുള്ളവരാണ്. ഏറ്റവും പുതിയ ഉദാഹരണമാണ് ഭ്രമയുഗം. ഒരൊറ്റ ലൊക്കേഷന്‍ മാത്രമേ സിനിമയിലുള്ളൂ. നാല് കഥാപാത്രങ്ങളും. ആദ്യം തൊട്ട് അവസാനം വരെ ആ സിനിമ നമ്മളെ പിടിച്ചിരുത്തുന്നുണ്ട്. ആ സിനിമയില്‍ കൂടുതലായി എന്തെങ്കിലും ചെലവ് വന്നിട്ടുണ്ടങ്കില്‍ അത് സ്‌പെഷ്യല്‍ എഫക്ട്‌സിനായിരിക്കും.

തമിഴിലെ സൂപ്പര്‍സ്റ്റാര്‍സിന് അതുപോലുള്ള സിനിമകള്‍ ചെയ്യാന്‍ ലിമിറ്റേഷനുകളുണ്ട്. രജിനികാന്തിനൊന്നും ഒരിക്കലും ഭ്രമയുഗം പോലുള്ള സിനിമകള്‍ ചെയ്യാന്‍ കഴിയില്ല. കാരണം രജിനിയുടെ ആരാധകര്‍ അയാളില്‍ നിന്ന് പ്രതീക്ഷിക്കുന്നത് അതുപോലുള്ള സിനിമകളല്ല. അതാണ് വ്യത്യാസം,’ മഹേന്ദ്ര പറഞ്ഞു.

Content Highlight: Y G Mahendran saying Rajinikanth cannot do films like Bramayugam because of his fans