കാത്തിരിപ്പിനൊടുവില്‍ എം.ഐ എ2 ഇന്ത്യയില്‍ പുറത്തിറങ്ങി; വില 17,000
Science and Technology
കാത്തിരിപ്പിനൊടുവില്‍ എം.ഐ എ2 ഇന്ത്യയില്‍ പുറത്തിറങ്ങി; വില 17,000
ന്യൂസ് ഡെസ്‌ക്
Wednesday, 8th August 2018, 5:43 pm

കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഷവോമിയുടെ എം.ഐ എ2 ഇന്ത്യയില്‍ പുറത്തിറങ്ങി. ഇന്ന് വൈകീട്ട് നടന്ന ചടങ്ങിലാണ് ഷവോമി ഫോണിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഫോണിന്റെ ആദ്യ വേര്‍ഷന്‍ ആയ എം.ഐ എ വണ്‍ മികച്ച പ്രകടനമാണ് മാര്‍ക്കറ്റില്‍ കാഴ്ച വെച്ചത്.

4ജിബി റാമും 64ജിബി ഇന്റേണല്‍ മെമ്മറിയുമുള്ള മോഡലിന്‌ 17,000 രൂപയാണ് വില. 6ജിബി റാമും 128ജിബി ഇന്റേണല്‍ മെമ്മറിയുമുള്ള മോഡല്‍ പുറത്തിറക്കുന്നുണ്ടെങ്കിലും വില എത്രയാണെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടില്ല.5.99ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഫോണില്‍ ഉള്ളത്. കരുത്ത് പകരുക സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസറും.

ആന്‍ഡ്രോയിഡ് ഓറിയോവില്‍ ആണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ആന്‍ഡ്രോയിഡ് വണ്‍ ഫോണ്‍ ആയതിനാല്‍ അടുത്ത രണ്ട് ആന്‍ഡ്രോയിഡ് വേര്‍ഷന്‍ അപ്‌ഡേറ്റുകളും ഫോണില്‍ ലഭ്യമാവും എന്നാണ് കരുതപ്പെടുന്നത്. ഷവോമിയുടെ രണ്ടാമത്തെ ആന്‍ഡ്രോയ്ഡ് വണ്‍ ഫോണാണ് എം.ഐ എ2.

ഇരട്ടക്യാമറ സംവിധാനമാണ് ഫോണിലുള്ളത്. 12 മെഗാപിക്‌സലിന്റെ സോണി ലെന്‍സും, 20 മെഗാപിക്‌സലിന്റെ മറ്റൊരു ലെന്‍സുമാണ് ക്യാമറക്ക് കരുത്ത് പകരുക. സെല്‍ഫികള്‍ പകര്‍ത്തുന്നതിനായി 20 മെഗാ പിക്‌സലിന്റെ മുന്‍ ക്യാമറയും ഫോണിലുണ്ട്. കമ്പനി പുറത്ത് വിട്ട ചിത്രങ്ങള്‍ എല്ലാം മിഴിവേറിയതാണ്.

ഈ വിലനിലവാരത്തില്‍ ലഭ്യമാവുന്ന ഏറ്റവും മികച്ച ക്യാമറയാണ് ഫോണില്‍ ഉള്ളതെന്ന് കരുതപ്പെടുന്നു.