അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയോടൊപ്പം കളിക്കുമ്പോള്‍ ചുറ്റുമുള്ള താരങ്ങളെ മികച്ചവരാക്കി മാറ്റുന്നുവെന്ന് ബാഴ്സലോണ ഇതിഹാസം സാവി ഹെര്‍ണാണ്ടസ്. മെസി എല്ലാ നിലയിലും മികച്ച താരമാണെന്നും അടുത്തെങ്ങും മറ്റൊരു താരത്തിനും അര്‍ജന്റൈന്‍ ഇതിഹാസത്തിന് അടുത്തെത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മെസി ഒരു അജയ്യനായ താരമാണെന്നും പ്രതിഭാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റൊമാരിയോ ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സാവി.
സാവി ഹെർണാണ്ടസ്.
‘ഉടനെയൊന്നും മെസിയെ പോലൊരു താരം ഫുട്ബാളില്‍ ഉണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല. ഒരുപാട് വര്‍ഷം ഞാന്‍ അവനൊപ്പമുണ്ടായിട്ടുണ്ട്. എല്ലാ കാര്യത്തിലും അവന്‍ മികച്ചവനായിരുന്നു. ടെക്നിക്കല്‍ കാര്യത്തിലും ശാരീരികമായും കരുത്തനായിരുന്നതിനൊപ്പം തന്നെ മത്സരങ്ങളെ മനസിലാക്കുന്നതിലും മെസി മിടുക്കനായിരുന്നു.
അവന്റെ ദുര്‍ബലമായ കാല്‍ പോലും അവിശ്വസനീയമാം വിധം കരുത്തുള്ളതായിരുന്നു. മെസി അജയ്യനായ താരമായിരുന്നു, പ്രതിഭാസവും. അവനൊപ്പം കളിക്കുന്നത് ഒരു എളുപ്പമാണ്. നമ്മള്‍ പന്ത് പാസ് ചെയ്താല്‍ മെസി കളിയെ മെച്ചപ്പെടുത്തും.
കൂടാതെ നമ്മളെയും മികച്ച താരമാക്കി മാറ്റും. ചില സമയങ്ങളില്‍ പന്ത് അവന് പാസ് ചെയ്യാതെ മറ്റാര്‍ക്കെങ്കിലും നല്‍കിയാല്‍ ദേഷ്യപ്പെടുമായിരുന്നു. എന്താണ് നിങ്ങള്‍ ചെയ്യുന്നത്? എനിക്ക് പന്ത് തരൂ, എന്റെ അടുത്ത് വന്ന് കളിക്കൂ എന്നാണ് അവന്‍ പറയുക,’ സാവി പറഞ്ഞു.
ലയണൽ മെസി.
ബാഴ്സലോണയില്‍ മെസിയും സാവിയും പത്ത് വര്‍ഷത്തിലധികം ഒരുമിച്ച് കളിച്ചിട്ടുണ്ട്. 2004 മുതല്‍ 2015 വരെ ഇരുവരും ഒരുമിച്ച് പന്ത് തട്ടുകയും അക്കാലയളവില്‍ ടീമിന്റെ അവിഭാജ്യ ഘടകവുമായി മാറിയിരുന്നു. ഇരുവരും 399 മത്സരങ്ങളിലാണ് ബാഴ്‌സക്കായി കളത്തിലിറങ്ങിയത്. ഇരുവരും ചേര്‍ന്ന് 43 ഡയറക്റ്റ് ഗോളുകളാണ് അടിച്ചത്.
2015ല്‍ ബാഴ്‌സ വിട്ട സാവി പിന്നീട് 2021 ല്‍ ടീം പരിശീലകനായി തിരിച്ചെത്തിയിരുന്നു. എന്നാല്‍, അപ്പോഴേക്കും ലയണല്‍ മെസി ക്ലബ്ബ് വിട്ട് പാരീസിലേക്ക് ചേക്കേറിയിരുന്നു.
Content Highlight: Xavi Hernández recalling playing with Lionel Messi in Barcelona