രാഹുലിനെ പോലെയല്ല തരൂര്‍; പ്രത്യയശാസ്ത്രം വ്യത്യസ്തമെന്ന് സംഘപരിവാര്‍-നവ ലിബറല്‍ അനുകൂല കുറിപ്പ്; വിലയിരുത്തലിന് നന്ദിയെന്ന് തരൂര്‍
India
രാഹുലിനെ പോലെയല്ല തരൂര്‍; പ്രത്യയശാസ്ത്രം വ്യത്യസ്തമെന്ന് സംഘപരിവാര്‍-നവ ലിബറല്‍ അനുകൂല കുറിപ്പ്; വിലയിരുത്തലിന് നന്ദിയെന്ന് തരൂര്‍
അനിത സി
Monday, 15th December 2025, 9:02 am

ന്യൂദല്‍ഹി: വീണ്ടും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ശശി തരൂര്‍ എം.പി. തരൂരിന്റെയും രാഹുലിന്റെയും പ്രത്യയ ശാസ്ത്രങ്ങള്‍ തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നും ഇതില്‍ നല്ലതിനെ തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസിന് സാധിക്കാത്തതാണ് പ്രശ്‌നമെന്നും ചൂണ്ടിക്കാണിച്ച് സംഘപരിവാറിനെയും നവലിബറല്‍ ആശയങ്ങളെയും പുകഴ്ത്തുന്ന എക്‌സ് പോസ്റ്റ് തരൂര്‍ പങ്കുവെച്ചു.

ലോക്‌സഭാ പ്രതിപക്ഷ നേതാവും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധിയെയും ശശി തരൂര്‍ എം.പിയെയും താരതമ്യം ചെയ്ത് സിവിറ്റാസ് സമീര്‍ എന്ന എക്‌സ് ഉപയോക്താവ് ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു.

ഇത് തന്റെ സ്വന്തം അക്കൗണ്ടിലേക്ക് റീ ഷെയര്‍ ചെയ്താണ് തരൂര്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. തരൂര്‍ ബി.ജെ.പിയുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയങ്ങളുമായും കൂടുതല്‍ അടുക്കുന്നുണ്ടെന്ന വിലയിരുത്തല്‍ തുടരുന്നതിനിടെയാണ് തരൂരിന്റെ നീക്കമെന്നതും ശ്രദ്ധേയമാണ്.

കോണ്‍ഗ്രസിനുള്ളില്‍ നിലനിന്നിരുന്ന വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളെ തരൂരും രാഹുലും പ്രതിഫലിപ്പിക്കുന്നു. ഇരുവരുടെയും സഹവര്‍ത്തിത്വമല്ല യഥാര്‍ത്ഥത്തില്‍ പ്രശ്‌നം, രണ്ട് ആശയങ്ങളെയും കോണ്‍ഗ്രസിന് സംയോജിപ്പിക്കാനോ യോജിച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോവാനോ സാധിക്കാത്തതാണ്.

തൊണ്ണൂറുകളില്‍ കോണ്‍ഗ്രസ് കൈക്കൊണ്ടിരുന്ന പരിഷ്‌കരണത്തിന്റെ മാതൃകയിലുള്ള ആശയങ്ങളാണ് തരൂരിനുള്ളത്. ചരിത്രപരമായ ഈ ദിശാബോധത്തിനൊപ്പമാണ് തരൂരെന്ന് കുറിപ്പില്‍ പറയുന്നു.

പി.വി. നരസിംഹറാവു, അവസാന ഭരണകാലയളവിലെ മന്‍മോഹന്‍ സിങ്, എസ്.എം. കൃഷ്ണ, മോണ്ടേക് സിങ് അലുവാലിയ തുടങ്ങിയ മുന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ടായിരുന്ന ആശയങ്ങളും ചട്ടക്കൂടുകളുമാണ് തരൂരും പിന്തുടരുന്നത്.

അവരുടെ രാഷ്ട്രീയം ബഹുജനത്തെ കൂടെ കൂട്ടുന്നതോ സാംസ്‌കാരിക പരിവര്‍ത്തനം നടത്തുന്നതോ ആയിരുന്നില്ല, പകരം നയങ്ങളിലും സ്ഥാപനങ്ങളിലും ഭരണ മികവിലും അടിയുറച്ചതായിരുന്നു.


തരൂര്‍ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നതുപോലെ ഒരു വലതുപക്ഷ നേതാവല്ല. അദ്ദേഹം അഭിമാനിയായ ഹിന്ദുവാണെന്നാണ് സ്വയം വിശേഷിപ്പിച്ചിട്ടുള്ളത്. എന്തുകൊണ്ട് ഞാന്‍ ഒരു ഹിന്ദു എന്ന പേരില്‍ അദ്ദേഹം പുസ്തകം പോലും എഴുതിയിട്ടുണ്ട്.

ബി.ജെ.പി ആധിപത്യത്തെ ചെറുക്കുന്ന ഗ്രാമീണ ആവശ്യങ്ങളാല്‍ മുന്നോട്ട് നയിക്കപ്പെടുന്ന ഒരു ബഹുജന പാര്‍ട്ടിയാകാനാണ് 2010ന് ശേഷം കോണ്‍ഗ്രസ് ശ്രമിച്ചത്. ഇതിനെ പ്രതിനിധീകരിക്കുന്ന നേതാവായി രാഹുലും മാറി. എന്നാല്‍ പാര്‍ട്ടിക്കുണ്ടായ വ്യതിയാനം തിരിച്ചടിയായെന്ന് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തന്നെ ചൂണ്ടിക്കാണിക്കുന്നുണ്ടെന്നും കുറിപ്പ് വിശദീകരിക്കുന്നു.

രാഹുലിന്റെ ഗ്രാമീണരുടെ പ്രതിനിധിയെന്ന പ്രതിച്ഛായ വലിയ വിരോധാഭാസമാണെന്നും രാജകുടുംബത്തില്‍ ജനിച്ചുവളര്‍ന്നയാള്‍ക്ക് പാര്‍ട്ടിയുടെയോ സമൂഹത്തിലെയോ അടിസ്ഥാന മേഖലയെ ആഴത്തില്‍ സ്വാധീനിക്കാനാകുന്നില്ലെന്നും യാതൊരു വിശ്വാസ്യതയില്ലെന്നും സിവിറ്റാസ് സമീര്‍ വിമര്‍ശിക്കുന്നു.

ഇന്ത്യയിലെ രാഷ്ട്രീയത്തില്‍ കേഡര്‍ സംവിധാനത്തിലൂടെ ആര്‍.എസ്.എസ് എങ്ങനെയാണ് അടിത്തറയുണ്ടാക്കിയതെന്നും കോണ്‍ഗ്രസിന് അതിന് പെട്ടെന്നൊന്നും സാധിക്കില്ലെന്നും കുറിപ്പ് പറഞ്ഞുവെയ്ക്കുന്നുണ്ട്.

ശരിയായ വിലയിരുത്തലിന് നന്ദിയെന്ന് കുറിച്ച് തരൂര്‍ ഈ പോസ്റ്റ് പങ്കിട്ടിരിക്കുന്നതും ചര്‍ച്ചയാവുന്നു.

കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും നിശിതമായി വിമര്‍ശിക്കുകയും തന്നെ ഉയര്‍ത്തിക്കാണിക്കുകയും ചെയ്യുന്ന സംഘപരിവാര്‍ അനുകൂല കുറിപ്പ് പങ്കിട്ട് തരൂര്‍ നിലപാട് വ്യക്തമാക്കിയതോടെ വരും ദിവസങ്ങളിലും ഇക്കാര്യം ചര്‍ച്ചയാകുമെന്നാണ് സൂചന.

Content Highlight: X user criticizes Congress and Rahul Gandhi, Shashi Tharoor Shares the post

അനിത സി
ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍