തകരാറിലായി എക്‌സ്; ആക്‌സസ് ചെയ്യാന്‍ ബുദ്ധിമുട്ടുന്നുവെന്ന് ഉപയോക്താക്കള്‍
World News
തകരാറിലായി എക്‌സ്; ആക്‌സസ് ചെയ്യാന്‍ ബുദ്ധിമുട്ടുന്നുവെന്ന് ഉപയോക്താക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th May 2025, 11:39 pm

വാഷിങ്ടണ്‍: എലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന് സാങ്കേതിക തകരാറുകള്‍ നേരിടുന്നതായി പരാതി. ഉപയോക്താക്കള്‍ക്ക് പ്ലാറ്റ് ഫോം ആക്‌സസ് ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് ഉപയോക്താക്കള്‍ പരാതിപ്പെടുന്നത്.

ഇന്ത്യ, യു.എസ്. കാനഡ തുടങ്ങിയ രാജ്യങ്ങളിലുള്ള ഉപയോക്താക്കളെയാണ് തകരാര്‍ ബാധിക്കുന്നതെന്നാണ് വിവരം.

മൈക്രോബ്ലോഗിങ് പ്ലാറ്റ്‌ഫോം ഉപയോഗിക്കാന്‍ ശ്രമിക്കുമ്പോള്‍ പോസ്റ്റ് വീണ്ടെടുക്കാന്‍ കഴിയുന്നില്ലെന്ന സന്ദേശങ്ങളാണ് ലഭിക്കുന്നതെന്നും ദയവായി വീണ്ടും ശ്രമിക്കാനാണ് പറയുന്നതെന്നും ഉപയോക്താക്കള്‍ പരാതിപ്പെടുന്നു.

ഡൗണ്‍ഡിക്ടേറ്ററാണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയില്‍ നിന്നുമുള്ള 2000ത്തിലധികം ആളുകള്‍ക്ക് പ്രശ്‌നങ്ങള്‍ നേരിട്ടുവെന്നും വൈകുന്നേരത്തോടെയാണ് പ്രശ്‌നം ആരംഭിച്ചതുമെന്നാണ് പറയുന്നത്.

യു.എസിലും കാനഡയിലും എക്‌സ് വെബ്‌സൈറ്റിലും ആപ്പിലും പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും സാധാരണയുണ്ടാവുന്നതിനേക്കാള്‍ പ്രശ്‌നങ്ങള്‍ക്ക് വര്‍ധനവുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. മാര്‍ച്ച് പത്തിനും സമാനമായ പ്രശ്‌നം നേരിട്ടിരുന്നുവെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: X is down; users say they are having trouble accessing it