വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ വിജയത്തിനരികില്‍ സൗത്ത് ആഫ്രിക്ക. രണ്ട് ദിവസം ശേഷിക്കെ 69 റണ്‍സ് കൂടി കണ്ടെത്താന്‍ സാധിച്ചാല്‍ സൗത്ത് ആഫ്രിക്കയ്ക്ക് കിരീടമണിയാം. എട്ട് വിക്കറ്റും ശേഷിക്കുന്നുണ്ട്.
ഇതിന് പിന്നാലെ ഒരു ചരിത്ര നേട്ടവും ബാവുമയെ തേടിയെത്തിയിരിക്കുകയാണ്. തുടര്‍ച്ചയായ ഏറ്റവുമധികം ടെസ്റ്റ് ഇന്നിങ്‌സുകളില്‍ 30+ സ്‌കോര്‍ ചെയ്യുന്ന ക്യാപ്റ്റന്‍ എന്ന നേട്ടത്തില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുകയാണ് തെംബ ബാവുമ.
A supreme captain’s knock from Temba Bavuma! 👑🔥 Patience, class, and unshakable resilience at the crease.
70, 113. 78. 66, 31, 40, 106, DNB, 36, 65* എന്നിങ്ങനെയാണ് വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ഇന്നിങ്‌സ് അടക്കമുള്ള ഒമ്പത് ഇന്നിങ്‌സിലെ സ്‌കോറുകള്‍.
പാകിസ്ഥാന്‍ സൂപ്പര്‍ താരം ഇന്‍സമാം ഉള്‍ ഹഖിനൊപ്പമാണ് ബാവുമ രണ്ടാം സ്ഥാനം പങ്കിടുന്നത്. ഇംഗ്ലണ്ട് താരം ടെഡ് ഡെക്സ്റ്റര്‍ മാത്രമാണ് നിലവില്‍ ബാവുമയ്ക്ക് മുമ്പിലുള്ളത്.
തുടര്‍ച്ചയായി ഏറ്റവുമധികം ഇന്നിങ്‌സുകളില്‍ 30+ സ്‌കോര്‍ സ്വന്തമാക്കുന്ന ടെസ്റ്റ് ക്യാപ്റ്റന്‍
(താരം – ടീം – എത്ര 30+ സ്‌കോര്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
ടെഡ് ഡെക്സ്റ്റര്‍ – ഇംഗ്ലണ്ട് – 11 – 1962-63
തെംബ ബാവുമ – സൗത്ത് ആഫ്രിക്ക – 9 – 2024-25*
ഇന്‍സമാം ഉള്‍ ഹഖ് – പാകിസ്ഥാന്‍ – 9 – 2005
ബാബര്‍ അസം – പാകിസ്ഥാന്‍ – 8 – 2021-22
സ്റ്റീവ് സ്മിത് – ഓസ്‌ട്രേലിയ – 8 – 2016
ഐ.പി.എല്‍ 2025ല്‍ സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവും സമാന റെക്കോഡിലെത്തിയിരുന്നു. ടി-20 ഫോര്‍മാറ്റില്‍ തുടര്‍ച്ചയായി ഏറ്റവുമധികം തവണ 25+ സ്‌കോര്‍ സ്വന്തമാക്കുന്ന താരമെന്ന റെക്കോഡാണ് സ്‌കൈ സ്വന്തമാക്കിയത്.
മുംബൈ പരാജയപ്പെട്ട് പുറത്തായ രണ്ടാം ക്വാളിഫയര്‍ മത്സരം അടക്കം 16 തവണയാണ് സ്‌കൈ ടി-20യില്‍ 25+ അടിച്ചെടുത്തത്. തെംബ ബാവുമയെ പിന്നിലാക്കിയാണ് സ്‌കൈ ഈ നേട്ടത്തിലെത്തിയത് എന്നതാണ് രസകരമായ മറ്റൊരു വസ്തുത. 13 തവണയാണ് ബാവുമ ടി-20യില്‍ ഈ നേട്ടം സ്വന്തമാക്കിയത്.
അതേസമയം, മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ മികച്ച ലീഡ് സ്വന്തമാക്കിയ കങ്കാരുക്കള്‍ക്ക് രണ്ടാം ഇന്നിങ്‌സില്‍ ഒരിക്കല്‍ക്കൂടി ബാറ്റിങ്ങില്‍ പിഴച്ചു. ആദ്യ ഇന്നിങ്‌സിലേതെന്ന പോലെ രണ്ട് താരങ്ങളുടെ മാത്രം ചെറുത്തുനില്‍പ്പിലാണ് ഓസീസ് കരകയറിയത്.
മാര്‍നസ് ലബുഷാന്‍, ഉസ്മാന്‍ ഖവാജ, സ്റ്റീവ് സ്മിത്, കാമറൂണ്‍ ഗ്രീന്‍ തുടങ്ങിയ ടോപ്പ് ഓര്‍ഡര്‍ താരങ്ങളെല്ലാം അമ്പേ പരാജയപ്പെട്ടപ്പോള്‍ സൂപ്പര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഓസീസിന് തുണയായത്. 136 പന്ത് നേരിട്ട സ്റ്റാര്‍ക് പുറത്താകാതെ 58 റണ്‍സ് നേടി. 50 പന്ത് നേരിട്ട് 43 റണ്‍സിന് പുറത്തായ അലക്‌സ് കാരിയാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.
ഒടുവില്‍ ടീം 207ന് പുറത്താവുകയും 282 റണ്‍സിന്റെ വിജയലക്ഷ്യം പ്രോട്ടിയാസിന് മുമ്പില്‍ വെക്കുകയും ചെയ്തു.
രണ്ടാം ഇന്നിങ്‌സില്‍ സൗത്ത് ആഫ്രിക്കയ്ക്കായി കഗീസോ റബാദ നാല് വിക്കറ്റ് നേടിയപ്പോള്‍ ലുങ്കി എന്‍ഗിഡി മൂന്ന് വിക്കറ്റും സ്വന്തമാക്കി. വിയാന്‍ മുള്‍ഡര്‍, ഏയ്ഡന്‍ മര്‍ക്രം, മാര്‍കോ യാന്‍സെന്‍ എന്നിവരാണ് ശേഷിച്ച വിക്കറ്റ് വീഴ്ത്തിയത്.
282 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്കയ്ക്ക് മൂന്നാം ഓവറിലെ ആദ്യ പന്തില്‍ തന്നെ റിയാന്‍ റിക്കല്‍ടണിനെ നഷ്ടമായിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിക്ക് ക്യാച്ച് നല്‍കിയായായിരുന്നു താരത്തിന്റെ മടക്കം.
ടീം സ്‌കോര്‍ 70ല്‍ നില്‍ക്കവെ 50 പന്തില്‍ 27 റണ്‍സുമായി വിയാന്‍ മുള്‍ഡറും പുറത്തായി. മൂന്നാം വിക്കറ്റില്‍ 143 റണ്‍സിന്റെ കൂട്ടുകെട്ടുമായി മര്‍ക്രം – ബാവുമ കൂട്ടുകെട്ട് ടീമിനെ വിജയത്തിലേക്ക് അടുപ്പിക്കുകയാണ്.
Content Highlight: WTC 2025: Final: SA vs AUS: Temba Bavuma equals Inzamam Ul Haq’s record of most consecutive 30+ scores for a captain in Tests