ശ്രീലങ്കയ്‌ക്കെതിരായ രണ്ടു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര 1-0ന് സ്വന്തമാക്കിയതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2025-27 ഫൈനല്‍ യോഗ്യതയ്ക്കായുള്ള ഇന്ത്യയുടെ പാത കൂടുതല്‍ ദുഷ്‌കരമാകുന്നു.
ഗല്ലെയില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ 165 റണ്‍സിന്റെ ഉജ്ജ്വല ജയം നേടിയ ഇന്ത്യ, കൊളംബോയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സില്‍ 213 റണ്‍സിന്റെ ലീഡ് നേടി ശ്രീലങ്കയെ ഫോളോ ഓണ്‍ ചെയ്യിപ്പിച്ചിരുന്നു.
A victory in the first Test at Galle and a closely contested second Test ending in a draw at Colombo.
India win the Series 1–0. #SLvIND pic.twitter.com/SjCwxmZtIS
— BCCI (@BCCI) August 27, 2026
എന്നാല്‍ അവസാന ദിനം സോനല്‍ ദിനുഷയുടെ (133*) ചെറുത്തുനില്‍പ്പില്‍ ശ്രീലങ്ക മത്സരം സമനിലയിലാക്കി. ഇതോടെ പരമ്പരയില്‍ നിന്നും ലഭിക്കാന്‍ സാധ്യതയുള്ള 24 പോയിന്റില്‍ 16 പോയിന്റ് (12+4) മാത്രമാണ് ഇന്ത്യയ്ക്ക് നേടാന്‍ സാധിച്ചത്.
ഈ സമനിലയോടെ പോയിന്റ് പട്ടികയില്‍ 51.52% പോയിന്റ് ശതമാനത്തോടെ (പി.സി.ടി) ഇന്ത്യ അഞ്ചാം സ്ഥാനത്ത് തുടരുകയാണ്. ഓസ്‌ട്രേലിയ (80.00%), ദക്ഷിണാഫ്രിക്ക (75.00%), ന്യൂസിലന്‍ഡ് (72.22%), ബംഗ്ലാദേശ് (55.56%) എന്നിവരാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ നിലവില്‍ ഇന്ത്യ
നിലവിലെ പോയിന്റ് ശതമാനം: 51.52%
കളിച്ച മത്സരങ്ങള്‍: 11
ശേഷിക്കുന്ന മത്സരങ്ങള്‍: 7
അടുത്ത പരമ്പര: ന്യൂസിലാന്‍ഡിനെതിരെ രണ്ട് എവേ മത്സരം. ശേഷം ഓസ്‌ട്രേലിയക്കെതിരെ അഞ്ച് ഹോം മത്സരങ്ങള്‍.
ഇന്ത്യയുടെ സാധ്യതകള്‍
ഏഴില്‍ ഏഴ് ജയം (7-0-0)
ശേഷിക്കുന്ന ഏഴ് മത്സരങ്ങളിലും വിജയിച്ചാല്‍ ഇന്ത്യയ്ക്ക് പോയിന്റ് ശതമാനം 70.37 ആക്കി ഉയര്‍ത്താം. ഫൈനലില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഒന്നിലെത്തി യോഗ്യത നേടാന്‍ ഇത് വളരെ ശക്തമായ സാധ്യത ഉറപ്പുനല്‍കുന്നു.
ആറ് ജയവും ഒരു തോല്‍വിയും (6-1-0)
6 ജയവും 1 തോല്‍വിയുമാണെങ്കില്‍ ഇന്ത്യയുടെ പോയിന്റ് ശതമാനം 64.8 ആകും. ഇന്ത്യയുടെ സാധ്യകള്‍ ഉയര്‍ത്തുമെങ്കിലും ഫൈനല്‍ പ്രവേശനം മറ്റ് ടീമുകളുടെ മത്സരഫലങ്ങളെ ആശ്രയിച്ചായിരിക്കും.
അഞ്ച് ജയം, ഒരു തോല്‍വി, ഒരു സമനില (5-1-1)
60% പോയിന്റ് ശതമാനം മാത്രമാണ് ഇതിലൂടെ ലഭിക്കുക. ഫൈനല്‍ യോഗ്യത നേടാന്‍ ഇത് പര്യാപ്തമല്ല.
അഞ്ച് ജയവും രണ്ട് തോല്‍വിയും (5-2-0)
59.3% പോയിന്റ് ശതമാനം മാത്രം നല്‍കുന്ന ഈ ഫലവും ഫൈനലില്‍ കടക്കാന്‍ പര്യാപ്തമല്ല.
കൊളംബോയിലെ സമനില നല്‍കിയ തിരിച്ചടി കാരണം ഇനി വരാനിരിക്കുന്ന ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ പരമ്പരകളില്‍ വിജയം മാത്രം ലക്ഷ്യമിട്ട് ഇന്ത്യയ്ക്ക് കടുത്ത പോരാട്ടം നടത്തേണ്ടിവരും.
Content Highlight: WTC 2025-27 cycle: India’s chances to reach final
