മൂല്യനിര്‍ണയത്തിന് തെറ്റായ ഉത്തര സൂചിക; കാലിക്കറ്റ് സര്‍വകലാശാലയില്‍ കൂട്ടത്തോല്‍വി
Kerala News
മൂല്യനിര്‍ണയത്തിന് തെറ്റായ ഉത്തര സൂചിക; കാലിക്കറ്റ് സര്‍വകലാശാലയില്‍ കൂട്ടത്തോല്‍വി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th June 2025, 8:25 am

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോല്‍വിക്കിരയായതായി പരാതി. തെറ്റായ ഉത്തര സൂചിക നല്‍കിയതാണ് മൂല്യനിര്‍ണയത്തില്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ പരാജയപ്പെടാന്‍ കാരണമെന്നാണ് പരാതി.

ഡിഗ്രി ആറാം സെമസ്റ്റര്‍ ഇംഗ്ലീഷ് പരീക്ഷയുടെ ഉത്തരസൂചിക പരീക്ഷ കണ്‍ട്രോളറുടെ ഓഫീസില്‍ നിന്ന് തെറ്റായി നല്‍കിയതോടെ ആദ്യത്തെ മൂല്യ നിര്‍ണയത്തില് വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ പരാജയപ്പെടുകയായിരുന്നു.

മെയ് 12നാണ് ഫലം പ്രഖ്യാപിച്ചത്. ബി.എ ഇംഗ്ലീഷിന്റെ ക്ലാസിക്‌സ് ഓഫ് വേള്‍ഡ് ലിറ്ററേച്ചര്‍ പേപ്പറിലാണ് കൂട്ടത്തോല്‍വിയുണ്ടായത്.

പിന്നാലെ നിലമ്പൂര്‍ അമല്‍ കോളജിലെ വിദ്യാര്‍ത്ഥികള്‍ പുനര്‍മൂല്യ നിര്‍ണയത്തിനും പേപ്പറിന്റെ പകര്‍പ്പ് ലഭിക്കുന്നതിനും അപേക്ഷ നല്‍കുകയായിരുന്നു. എന്നാല്‍ പുനര്‍മൂല്യ നിര്‍ണയത്തിന് നല്‍കിയപ്പോള്‍ 30 ശതമാനത്തിലധികം മാര്‍ക്ക് വര്‍ധിച്ചതിന് പിന്നാലെ ഫലം തടഞ്ഞുവെച്ചതായും പരാതിയില്‍ പറയുന്നു.

ഉത്തരസൂചികയില്‍ രണ്ട് മാര്‍ക്കിന്റെ ആറ് ചോദ്യങ്ങശള്‍ അടങ്ങിയ ഉത്തരസൂചികയും അഞ്ച് മാര്‍ക്കിന്റെ രണ്ട് പാരഗ്രാഫ് ചോദ്യങ്ങള്‍ അടങ്ങിയ ഉത്തരസൂചികയും തെറ്റായിരുന്നുവെന്ന് പരാതിക്കാര്‍ പറയുന്നു.

ജൂണ്‍ 13ന് പുനര്‍മൂല്യനിര്‍ണയ ഫലം പുറത്തുവന്നപ്പോള്‍ തോറ്റ പേപ്പറില്‍ 30 ശതമാനം മാര്‍ക്ക് വര്‍ധിച്ചതിനാല്‍ പരീക്ഷ ഭവനില്‍ നിന്നും ഫലം തടഞ്ഞുവെക്കുകയായിരുന്നു.

പുനര്‍മൂല്യ നിര്‍ണയത്തിന് ശരിയായ ഉത്തരസൂചിക നല്‍കിയതാണ് 30 ശതമാനത്തിലധികം മാര്‍ക്ക് വര്‍ധിക്കാന്‍ രാരണമെന്നും ഇതിനിടയില്‍ തുടര്‍ പഠനത്തിന് അപേക്ഷിക്കാനുള്ള സമയം കഴിഞ്ഞുവെന്നും പരാതിക്കാര്‍ പറയുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ തുടര്‍പഠനത്തിന് അപേക്ഷിക്കേണ്ട തീയതിയും ഇന്നത്തോടെ അവസാനിക്കും. എന്നാല്‍ ഫലം നിലവില്‍ പുറത്ത് വന്നിട്ടില്ല.

Content Highlight: Wrong answer key for evaluation; Mass failure at Calicut University