മികച്ച ചിത്രത്തിന് ഓസ്‌കാര്‍ നേടിയ ചിത്രം പോലെ തന്നെയാണോ നിവിന്‍ പോളിയുടെ മഹാവീര്യറും?
Film News
മികച്ച ചിത്രത്തിന് ഓസ്‌കാര്‍ നേടിയ ചിത്രം പോലെ തന്നെയാണോ നിവിന്‍ പോളിയുടെ മഹാവീര്യറും?
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 22nd July 2022, 8:16 pm

മഹാവീര്യർ മറ്റൊരു പാരാസൈറ്റോ ?

SPOILER ALERT

മഹാവീര്യര്‍ കാണാത്തവര്‍ ദയവായി വായിക്കരുത്.

ഗുരുവും പാരാസൈറ്റും പോലെ പ്രതീകാത്മകമായ പല അര്‍ത്ഥതലങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു ചിത്രമാണിത്.

ആരാണ് അപൂര്‍ണാനന്ദന്‍? പ്രശ്‌നങ്ങളെ തന്നിലേക്ക് വിളിച്ചുവരുത്തി അത് കോടതിക്ക് മുമ്പാകെ എത്തിച്ച്, നീതിന്യായ വ്യവസ്ഥയുടെ തകര്‍ക്കപ്പെടേണ്ട കാഴ്ചപ്പാടുകളേയും നിയമങ്ങളെയും വെളിപ്പെടുത്തുകയാണ് അയാള്‍ ചെയ്യുന്നത്.

അവിടെയെല്ലാം എക്കിളുള്ള രാജാവിന്റെ കഥ തന്നെ പറഞ്ഞ് കാലങ്ങളില്‍ നിന്നും കാലങ്ങളിലേക്കും ദേശങ്ങളില്‍ നിന്നും ദേശങ്ങളിലേക്കും അയാള്‍ സഞ്ചാരം തുടരുകയാണ്.

മഹാ വീരന്മാരായ കോടതിയിലെ പലര്‍ക്കും സാധിക്കാത്തത് ഈ സന്യാസി ചെയ്തപ്പോള്‍ തല്ല് കൊണ്ടല്ല തലോടല്‍ കൊണ്ടും നിയമം അനുസരിപ്പിക്കുവാന്‍ സാധിക്കും എന്ന് സന്യാസി തെളിയിച്ചിരിക്കുകയാണ്.

അധികാരവര്‍ഗത്തിന്റെ മേല്‍ക്കോയ്മയും ഭരണാധികാരികള്‍ക്ക് അടിയറവ് വെക്കപ്പെട്ട നീതിന്യായ വ്യവസ്ഥയും നിസ്സഹായരായി നിലകൊള്ളേണ്ടി വരുന്ന സമൂഹവുമെല്ലാം ആ കോടതി മുറിയില്‍ പ്രതീകാത്മകമായി പ്രത്യക്ഷപ്പെടുന്നുണ്ട്.

ഗുരു, പാരാസൈറ്റ് എന്നീ ചിത്രങ്ങള്‍ പുറത്തിറങ്ങിയപ്പോള്‍ അത് കണ്ട മിക്കവര്‍ക്കും ഒന്നും മനസ്സിലായില്ല. പിന്നീട് ആ ചിത്രങ്ങള്‍ ഡീകോഡിങ്  നടത്തിയപ്പോഴാണ് എല്ലാവര്‍ക്കും ആ ചിത്രങ്ങള്‍ മനസ്സിലായതും ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ വരെ നേടിയെടുത്തതും.

പാരാസൈറ്റ്, ഗുരു പോലെ അത്തരത്തില്‍ നിരവധി തലങ്ങള്‍ ഉള്ളൊരു ചിത്രമാണ് മഹാവീര്യറും. അത് മനസ്സിലാക്കി കഴിയുമ്പോള്‍ മഹാവീര്യറിനോടുള്ള നിങ്ങളുടെ സമീപനവും മാറും. പുതിയ അര്‍ത്ഥതലങ്ങള്‍ ചിത്രത്തിന് വന്നു ചേരും.

മുമ്പ് ‘ആക്ഷന്‍ ഹീറോ ബിജു’ റിലീസ് ചെയ്തപ്പോള്‍ ഫസ്റ്റ് വീക്ക് ചിത്രത്തിന് വളരെ വലിയ രീതിയിലുള്ള നെഗറ്റീവ് അഭിപ്രായമായിരുന്നു. പക്ഷെ ആ ചിത്രം പിന്നീട് 100 ദിവസം തിയറ്ററില്‍ ഓടുകയും സൂപ്പര്‍ ഹിറ്റ് ആകുകയും ചെയ്തു.

ചിലതൊക്കെ അങ്ങനെയാണ്. വളരെ സാവകാശമേ നമുക്ക് തിരിച്ചറിയാനും ഉള്‍ക്കൊള്ളാനും പറ്റു. മേക്കിങ് വൈസ് ഗംഭീര അഭിപ്രായമുള്ള ഈ ചിത്രവും ഒരു വലിയ വിജയമാകട്ടെ എന്നു ആശംസിക്കുന്നു.

 

മൂവി സ്ട്രീറ്റ്

 

Content Highlight: Writeup about Mahaveeryar Movie