ഗസയിലെ വംശഹത്യയിൽ ന്യൂയോർക്ക് ടൈംസിന് പങ്കുണ്ടെന്ന് വിമർശിച്ച് എഴുത്തുകാരുടെ കൂട്ടായ്മ
Gaza
ഗസയിലെ വംശഹത്യയിൽ ന്യൂയോർക്ക് ടൈംസിന് പങ്കുണ്ടെന്ന് വിമർശിച്ച് എഴുത്തുകാരുടെ കൂട്ടായ്മ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th July 2025, 6:49 am

ഗസ: ഗസയിലെ വംശഹത്യയിൽ ന്യൂയോർക്ക് ടൈംസിന് പങ്കുണ്ടെന്ന് വിമർശിച്ച് എഴുത്തുകാരുടെ കൂട്ടായ്മ. ന്യൂയോർക്ക് ടൈംസ് ഇസ്രഈൽ അനുകൂലവും ഫലസ്തീൻ വിരുദ്ധവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്ന് ആരോപിച്ച് മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ റൈറ്റേഴ്‌സ് എഗെയിൻസ്റ്റ് ദി വാർ ഓൺ ഗസ കുറിപ്പ് പുറത്തിറക്കി. ന്യൂയോർക്ക് ടൈംസിന്റെ പത്രപ്രവർത്തകർ, എഡിറ്റർമാർ, എക്സിക്യൂട്ടീവുകൾ എന്നിവർക്ക് ഇസ്രഈൽ അനുകൂല ലോബിയിങ് ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നും കുറിപ്പിൽ പറയുന്നു.

‘ഗസയിലെ വംശഹത്യയിൽ ന്യൂയോർക്ക് ടൈംസ് പങ്കാളിയാണ്. അവർ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ മുഖപത്രമായി പ്രവർത്തിക്കുകയും വിദേശ നയം അമേരിക്കയുടേയും മറ്റ് സാമ്രജ്യത്വ ശക്തികളുടെയും മാത്രമായി മാറ്റുകയും ചെയ്യുന്നു. ചുറ്റും ഉന്നതരുടെ അഭിപ്രായ സമന്വയം രൂപപ്പെടുത്തുകയും ചെയ്യുന്നു,” റൈറ്റേഴ്‌സ് എഗെയിൻസ്റ്റ് ദി വാർ ഓൺ ഗാസ (വാവോഗ്) പ്രസ്താവനയിൽ പറയുന്നു.

ഗസയിലെ യുദ്ധത്തിൽ ഇസ്രാഈലിന് അനുകൂലമായി വാർത്തകൾ പ്രസിദ്ധീകരിച്ചതിന് നിരവധി മുഖ്യധാരാ വാർത്താ ഏജൻസികളെപ്പോലെ, ന്യൂയോർക്ക് ടൈംസും കടുത്ത വിമർശനം ഏറ്റുവാങ്ങിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം പുറത്തിറക്കിയ കുറിപ്പിൽ ന്യൂയോർക്ക് ടൈംസിന് ഇസ്രഈൽ ഭരണകൂടവുമായോ സൈന്യവുമായോ ബന്ധങ്ങൾ ഉണ്ടെന്ന് പറയുന്നു. വംശഹത്യ, വംശീയ ഉന്മൂലനം, അധിനിവേശ പ്രദേശം തുടങ്ങിയ പദങ്ങൾ ഒഴിവാക്കാനും ഫലസ്തീൻ എന്ന് പോലും പറയരുതെന്നും ന്യൂയോർക്ക് ടൈംസ് ന്യൂസ് എഡിറ്റർമാർ റിപ്പോർട്ടർമാരോട് ഉത്തരവിട്ടതായി റൈറ്റേഴ്‌സ് എഗെയിൻസ്റ്റ് ദി വാർ ഓൺ ഗാസ തങ്ങളുടെ കുറിപ്പിൽ പറഞ്ഞു.

‘ഇതുവരെയുള്ള ഞങ്ങളുടെ രേഖകളിൽ പ്രധാനമായും അധിനിവേശവുമായും വർണവിവേചനവുമായും ബന്ധപ്പെട്ട കാര്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ന്യൂയോർക് ടൈംസിന്റെ ഇസ്രഈലുമായുള്ള ബന്ധത്തെക്കുറിച്ചും ഞങ്ങൾ ഇപ്പോൾ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്,’ വാവോഗിന്റെ വക്താവ് മിഡിൽ ഈസ്റ്റ് ഐയോട് പറഞ്ഞു.

2023 ഒക്ടോബർ ഏഴിന് തെക്കൻ ഇസ്രഈലിൽ ഹമാസിന്റെ നേതൃത്വത്തിൽ നടന്ന പ്രത്യാക്രമണങ്ങൾക്ക് പിന്നാലെ ഇസ്രഈൽ ഗസയിൽ വംശഹത്യ നടത്തി. ഇസ്രഈൽ നടത്തിയ ബോംബാക്രമണത്തിന് ശേഷമുള്ള ആഴ്ചകളിലാണ് എഴുത്തുകാരും മാധ്യപ്രവർത്തകരും അടങ്ങുന്ന കൂട്ടായ്മയായ വാവോഗ് സ്ഥാപിക്കപ്പെടുന്നത്.

Content Highlight: Writers group accuses New York Times of being ‘accomplice to the genocide in Gaza’