സുരേഷ് ഗോപി അധിക കാലം ബി.ജെ.പിയില്‍ കാണില്ല; പൃഥ്വിരാജിനെ പിന്തുണച്ചതില്‍ പ്രതികരണവുമായി എന്‍.എസ് മാധവന്‍
Kerala News
സുരേഷ് ഗോപി അധിക കാലം ബി.ജെ.പിയില്‍ കാണില്ല; പൃഥ്വിരാജിനെ പിന്തുണച്ചതില്‍ പ്രതികരണവുമായി എന്‍.എസ് മാധവന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 29th May 2021, 9:15 am

തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തില്‍ പൃഥ്വിരാജിന് പിന്തുണയര്‍പ്പിച്ച നടനും ബി.ജെ.പി എം.പിയുമായ സുരേഷ് ഗോപിയെ അഭിനന്ദിച്ച് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. സ്വന്തം പാര്‍ട്ടിയായ ബി.ജെ.പി തന്നെ പൃഥ്വിരാജിനെതിരെ സൈബര്‍ ആക്രമണം നടത്തുന്ന സന്ദര്‍ഭത്തിലാണ് സുരേഷ് ഗോപി പിന്തുണയുമായി എത്തിയതെന്നും കേരളത്തിലെ മറ്റൊരു സൂപ്പര്‍സ്റ്റാറും ഈ പിന്തുണ പ്രഖ്യാപിച്ചില്ലെന്നും എന്‍.എസ് മാധവന്‍ ട്വീറ്റ് ചെയ്തു.

‘സുരേഷ് ഗോപിയുടെ രാഷ്ട്രീയം അങ്ങനെയാണെങ്കിലും എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയമൊഴികെ മറ്റെല്ലാം മികച്ചതാണ്. മനുഷ്യത്വം എന്നും അദ്ദേഹത്തില്‍ തിളങ്ങി നില്‍ക്കാറുണ്ട്.

ഇപ്പോള്‍ തന്നെ നോക്കൂ, പൃഥ്വിരാജിനെ പിന്തുണക്കാന്‍ മറ്റൊരു സൂപ്പര്‍ സ്റ്റാറും തയ്യാറാകാത്തതിരുന്നപ്പോഴും സുരേഷ് ഗോപിയെത്തി. അതും, സ്വന്തം പാര്‍ട്ടിയായ ബി.ജെ.പി തന്നെ പൃഥ്വിരാജിനെതിരെ സൈബര്‍ ആക്രമണത്തിന് നേതൃത്വം കൊടുക്കുന്ന സന്ദര്‍ഭത്തില്‍. അദ്ദേഹം അധികകാലം ആ വിഷമയമായ അന്തരീക്ഷത്തില്‍ തുടരുമെന്ന് തോന്നുന്നില്ല,’ എന്‍.എസ് മാധവന്റെ ട്വീറ്റില്‍ പറയുന്നു.

കഴിഞ്ഞ ദിവസമാണ് പൃഥ്വിരാജിനും കുടുംബത്തിനുമെതിരായ അധിക്ഷേപത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി രംഗത്തുവന്നത്. അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറയുന്നത് ജീവിതം അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. അതില്‍ സത്യമുണ്ടാകാം സത്യമില്ലായിരിക്കാം. വിവരമുണ്ടായിരിക്കാം വിവരമില്ലായിരിക്കാം. പ്രചരണമുണ്ടാവാം കുപ്രചരണമുണ്ടാവാം. പക്ഷെ അതിനെ പ്രതിരോധിക്കുമ്പോള്‍ ആരായാലും ഏത് പക്ഷത്തായാലും പ്രതികരണം മാന്യമായിരിക്കണം എന്ന് സുരേഷ് ഗോപി പറഞ്ഞു.

ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഭാഷയില്‍ ഒരു ദൗര്‍ലഭ്യം എന്ന് പറയാന്‍ മാത്രം മലയാളം അത്ര ശോഷിച്ച ഒരു ഭാഷയല്ല. അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറയുന്നത് ഒരാളുടെ അവകാശമാണെങ്കില്‍ ആ അഭിപ്രായത്തെ ഖണ്ഡിക്കുവാനുള്ള അവകാശം മറ്റൊരാളുടെ അവകാശമാണ്, അംഗീകരിക്കുന്നു.

വ്യക്തിപരമായ ബന്ധങ്ങളെ വലിച്ചിഴയ്ക്കരുത്. അച്ഛന്‍, അമ്മ, സഹോദരങ്ങള്‍ എല്ലാവര്‍ക്കുമുണ്ട്. അതേസമയം ഇത് ഒരു വ്യക്തിക്കും പക്ഷത്തിനുമുള്ള ഐക്യദാര്‍ഢ്യമല്ല. ഇന്ത്യന്‍ ജനതയ്ക്കുള്ള ഐക്യദാര്‍ഢ്യമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച നടന്‍ പൃഥ്വിരാജിനെതിരെ സൈബര്‍ ആക്രമണം ആരംഭിച്ചത്. ഇതിന് പിന്നാലെ സംഘപരിവാര്‍ അനുകൂല ചാനലായ ജനം ടി.വിയില്‍ പൃഥ്വിയെയും കുടുംബത്തിനെയും അധിക്ഷേപിച്ച് ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.

സുകുമാരന്റെ മൂത്രത്തില്‍ ഉണ്ടായ പൗരുഷമെങ്കിലും പൃഥ്വിരാജ് കാണിക്കണമെന്നും രാജ്യവിരുദ്ധ ശക്തികള്‍ക്കൊപ്പം പൃഥ്വിരാജ് കുരച്ചുചാടുമ്പോള്‍ നല്ല നടനായ സുകുമാരനെ ആരെങ്കിലും ഓര്‍മ്മിപ്പിച്ചാല്‍ അത് പിതൃസ്മരണയായിപ്പോകുമെന്നുമായിരുന്നു ജനം ടി.വിയുടെ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറഞ്ഞത്.

തുടര്‍ന്ന് ജനം ടിവിക്കും സംഘപരിവാറിനുമെതിരെ വലിയ പ്രതിഷേധനം തന്നെയായിരുന്നു കേരളത്തിലുടനീളം രൂപപ്പെട്ടത്. പൃഥ്വിരാജിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സിനിമാ സാംസ്‌കാരിക രാഷ്ട്രീയ മേഖലയില്‍ നിന്ന് നിരവധി പേര്‍ രംഗത്തുവന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


Content Highlight: Writer N S Madhavan congratulates Suresh Gopi for supporting Prithviraj n Lakshadweep cyber-attack by Sangh Parivar