'വാഴയിലെ സുന്നത്ത്' ഐഡിയ ഭഭബ റൈറ്ററുടേത്; ഷോ ഓഫ് ആഗ്രഹിച്ചു വരുന്നവര്‍ അധിക കാലം നമുക്കൊപ്പം നില്‍ക്കില്ല: വിപിന്‍ ദാസ്
Movie Day
'വാഴയിലെ സുന്നത്ത്' ഐഡിയ ഭഭബ റൈറ്ററുടേത്; ഷോ ഓഫ് ആഗ്രഹിച്ചു വരുന്നവര്‍ അധിക കാലം നമുക്കൊപ്പം നില്‍ക്കില്ല: വിപിന്‍ ദാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 22nd April 2026, 2:53 pm

പുതുമുഖങ്ങളെ അണിനിരത്തി ബോക്‌സ് ഓഫീസില്‍ വലിയ ചലനം സൃഷ്ടിച്ച ‘വാഴ’യ്ക്ക് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗമായ വാഴ 2 വും ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്.

ചിത്രത്തിന്റെ മൂന്നാം ഭാഗത്തെക്കുറിച്ചുള്ള തന്റെ പ്രതീക്ഷകള്‍ പങ്കുവെക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ വിപിന്‍ ദാസ്. ‘വാഴ 3’ ലേക്ക് സ്ത്രീപക്ഷ കാഴ്ചപ്പാടുകള്‍ കൂടി ഉള്‍പ്പെടുത്തുന്നതിനായി ഫീമെയില്‍ റൈറ്റേഴ്‌സിനെ തേടുകയാണ് അദ്ദേഹം.

തന്റെ മാത്രം കാഴ്ചപ്പാടില്‍ സിനിമ എഴുതിയാല്‍ അത് പൂര്‍ണ്ണമാകില്ലെന്നും തെറ്റുകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും വിപിന്‍ ദാസ് ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

‘ ഞാന്‍ വാഴ 3 യ്ക്ക് വേണ്ടി ഫീമെയില്‍ റൈറ്റേഴ്‌സിനെ നോക്കുന്നുണ്ട്. കാര്യം എന്റെ വ്യൂ മാത്രം നോക്കിയിട്ട് മണ്ടത്തരങ്ങള്‍ എഴുതിക്കൂട്ടേണ്ടല്ലോ. വാഴ 2 എഴുതാന്‍ നേരത്ത് ഞാന്‍ കുറേ ആള്‍ക്കാരെ ആഡ് ചെയ്തിരുന്നു.

വാഴ 2 ല്‍ നിന്നുള്ള രംഗം Photo: Vazha 2 Trailer Screen Grab/Think Music India

വാഴ 1 ല്‍ ഭഭബയുടെ റൈറ്റര്‍ എന്റെ കൂടെ കുറച്ചുകാലം ഉണ്ടായിരുന്നു. ഈ സുന്നത്തിന്റെ ഇനീഷ്യല്‍ ഐഡിയയൊക്കെ അവന്റേതാണ്. അവന്‍ ഉണ്ടാക്കിയയാണ്. ഈ ഏജ്ഡ് ആയ ആള്‍ക്ക് സുന്നത്ത് ചെയ്യാന്‍ വന്നാല്‍ എങ്ങനെയുണ്ടാകും എന്ന ഐഡിയ അത് മാറ്റിയാണ് ഇങ്ങനെയാക്കിയത്. അത്തരത്തില്‍ ഒരുപാട് ആളുകള്‍ വാഴ 1 ലും വാഴ 2 വിലും കോണ്‍ട്രിബ്യൂട്ട് ചെയ്തിട്ടുണ്ട്.

ഇനിയും കൊളാബൊറേറ്റേഴ്‌സിനെ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. പ്രത്യേകിച്ച് റൈറ്റിങ്ങിലും ഡയറക്ഷനിലും. അക്കാര്യത്തില്‍ ഞാന്‍ ചൂസി ആണ്. അവരുടെ ലക്ഷ്യം പ്രോപ്പര്‍ സിനിമ ചെയ്യുക എന്നതാണോ അതോ ഷോ ഓഫ് ചെയ്തു നടക്കുക എന്നതാണോ എന്ന് നോക്കിയിട്ട് നല്ല ആളുകളെ ചേര്‍ത്ത് നിര്‍ത്തും. അല്ലാത്തവര്‍ നിക്കില്ല. അവര്‍ ഓട്ടോമാറ്റിക്കലി ഔട്ട് ആകും.

വിപിന്‍ദാസും സവിന്‍ സായും

അങ്ങനെയുള്ള ആള്‍ക്കാര്‍ വരുമ്പോള്‍ അത് സ്ത്രീയാണോ പുരുഷനാണോ എന്ന വ്യത്യാസമൊന്നുമില്ല. ആര് വന്നാലും പ്രത്യേകിച്ച് വാഴ 3 യില്‍ എനിക്ക് സ്ത്രീകളുടെ ആവശ്യമുണ്ട്. വാഴ 3 ഗേള്‍സിനെ വെച്ച് ചെയ്യൂ എന്ന് ഒരുപാട് മെസ്സേജുകള്‍ വരുന്നുണ്ട്. ജയഹേയുടെ സമയത്ത് വന്നപോലുള്ള മെസ്സേജുകള്‍ തന്നെയാണ് വാഴ 2 വിന്റെ സമയത്തും വരുന്നത്,’ വിപിന്‍ ദാസ് പറഞ്ഞു.

സിനിമയിലേക്ക് അഭിനേതാക്കളെ തിരഞ്ഞെടുക്കുന്ന രീതിയെക്കുറിച്ചും വിപിന്‍ ദാസ് മനസ്സ് തുറന്നു. ഹാഷിറിനെ ക്രിയേറ്റീവ് സ്‌പേസില്‍ നിന്നാണ് കണ്ടെത്തിയതെങ്കില്‍ വാഴ 1 ലെ ജോമോനും സിജുവുമൊക്കെ ഇന്‍സ്റ്റഗ്രാമിലൂടെയും മറ്റും ശ്രദ്ധേയരായവരാണെന്ന് വിപിന്‍ പറയുന്നു.

വാഴ 2 ല്‍ നിന്നുള്ള രംഗം Photo: Theratrical Release Poster

‘ഹാഷിറിനെ ക്രിയേറ്റീവ് സ്‌പേസില്‍ നിന്നാണ് നോക്കിയത് എന്ന് വേണമെങ്കില്‍ പറയാം. എന്നാല്‍ ജോമോനും സിജുവുമൊന്നും അങ്ങനെ ആയിരുന്നില്ല. വാഴ 3 യില്‍ എങ്ങനെയാണെന്ന് അറിയില്ല. അഭിനയിക്കാന്‍ താത്പര്യമുള്ളവര്‍ എന്തായാലും വീട്ടില്‍ വെറുതെ ഇരിക്കുന്നില്ല. അവള്‍ ഓള്‍റെഡി ഇന്‍സ്റ്റഗ്രാമില്‍ നിറഞ്ഞുകഴിഞ്ഞു.

അത് നമുക്ക് അവോയ്ഡ് ചെയ്യാന്‍ കഴിയില്ല. കണ്ടന്റ് ക്രിയേറ്റേഴ്‌സ് എന്ന് പറഞ്ഞ് മാറ്റിനിര്‍ത്താന്‍ കഴിയില്ല. നാടകം, മിമിക്രി, ടെലിവിഷന്‍ ആക്ടേഴ്‌സ്, ഇന്‍സ്റ്റഗ്രാം , സോഷ്യല്‍മീഡിയ ഇതിലൊക്കെ ഉള്ളവരെ എങ്ങനെ മാറ്റിനിര്‍ത്തും? അതില്‍ നിന്നൊക്കെയല്ലേ ആളുകളേ കണ്ടെത്തുന്നത്. നമ്മള്‍ ഒരു ഓഡീഷന്‍ വിളിച്ചാല്‍ വരുന്നതും ഇതില്‍ നിന്നൊക്കെ തന്നെയല്ലേ. സിനിമയാണ് അള്‍ട്ടിമേറ്റെങ്കെിലും ഇത്തരം പാഷനുള്ളവര്‍ വെറുതെ ഇരിക്കില്ല,’ വിപിന്‍ ദാസ് പറഞ്ഞു.

Content Highlight: Writer Director Vipin Das about Vazha 2 Sunnath Scene and Vazha 3 Female writer