സിനിമാ പരസ്യത്തെപ്പോലും ഭയക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍ നിങ്ങള്‍ക്ക് സാരമായ എന്തോ ബാധിച്ചിരിക്കുന്നു; ന്നാ താന്‍ കേസ് കൊട് സിനിമക്ക് പിന്തുണയുമായി ബെന്യാമിന്‍
Kerala News
സിനിമാ പരസ്യത്തെപ്പോലും ഭയക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍ നിങ്ങള്‍ക്ക് സാരമായ എന്തോ ബാധിച്ചിരിക്കുന്നു; ന്നാ താന്‍ കേസ് കൊട് സിനിമക്ക് പിന്തുണയുമായി ബെന്യാമിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th August 2022, 1:54 pm

കൊച്ചി: ‘ന്നാ താന്‍ കേസ് കൊട്’ സിനിമാ പോസ്റ്ററുമായി ബന്ധപ്പെട്ട വിവാദത്തില്‍ സിനിമക്ക് പിന്തുണയുമായി സാഹിത്യകാരന്‍ ബെന്യാമിന്‍.
ഒരു സിനിമാ പരസ്യത്തെപ്പോലും ഭയക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍ നിങ്ങള്‍ക്ക് സാരമായ എന്തോ ബാധിച്ചിരിക്കുന്നുവെന്നും, സിനിമ തിയേറ്ററില്‍ തന്നെ കാണാന്‍ ആണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബെന്യാമിന്‍ അഭിപ്രായം പങ്കുവെച്ചത്.

കുഞ്ചാക്കോ ബോബന്‍ നായകനായ ന്നാ താന്‍ കേസ് കൊട് എന്ന പുതിയ ചിത്രത്തിന്റെ പോസ്റ്ററിലെ ക്യാപ്ഷനാണ് വിവാദത്തിലായത്. വ്യാഴാഴ്ച ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് പുറത്ത് വന്ന പോസ്റ്ററിനെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നത്. കുഞ്ചാക്കോ ബോബന്‍ തന്നെയാണ് പോസ്റ്റര്‍ തന്റെ സോഷ്യല്‍ മീഡിയാ പ്രൊഫൈലുകളിലൂടെ പങ്കുവെച്ചിരിക്കുന്നത്.

‘തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ,’ എന്നാണ് പോസ്റ്ററിലെ ക്യാപ്ഷന്‍. ഇതിനെതിരെയാണ് ഇടത് പ്രൊഫൈലുകളില്‍ നിന്നും വിമര്‍ശനമുയര്‍ന്ന്ത്. പിന്നാലെ ചിത്രം ബഹിഷ്‌കരിക്കണമെന്നതുള്‍പ്പെടെയുള്ള സൈബര്‍ അറ്റാക്കും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു.

അങ്കമാലിയില്‍ ദേശീയപാതയിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചതിന് പിന്നാലെ റോഡിലെ പാതയിലെ കുഴികള്‍ സമീപകാലത്ത് വലിയ ചര്‍ച്ചയായിരുന്നു. വിഷയത്തില്‍ സര്‍ക്കാരും പ്രതിപക്ഷവും തമ്മിലുള്ള പോര് രൂക്ഷമാകവെയാണ് കുഞ്ചാക്കോ ബോബന്‍ ചിത്രത്തിന്റെ പോസ്റ്ററില്‍ റോഡിലെ കുഴിയെ പറ്റിയുള്ള പരാമര്‍ശമുണ്ടായത്.

അതേസമയം, ന്നാ താന്‍ കേസ് കൊട് എന്ന ചിത്രം സര്‍ക്കാരിനെയോ ഏതെങ്കിലും പാര്‍ട്ടിയെയൊ ടാര്‍ഗറ്റ് ചെയ്യുന്നില്ലെന്ന് കുഞ്ചാക്കോ ബോബന്‍. സിനിമയില്‍ റോഡിലെ കുഴിയെ പറ്റി മാത്രമല്ല പറയുന്നതെന്നും സാധാരണക്കാരന്‍ നേരിടുന്ന പ്രശ്നങ്ങളാണ് പറയുന്നതെന്നും കുഞ്ചാക്കോ ബോബന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഏതെങ്കിലും പാര്‍ട്ടിയെയൊ ജനവിഭാഗത്തെയോ മാത്രം ടാര്‍ഗെറ്റ് ചെയ്യുന്ന സ്വഭാവത്തിലല്ല സിനിമ പോകുന്നത്. മാറി മാറി വരുന്ന ഏത് സര്‍ക്കാരും ജനങ്ങളെ എങ്ങനെ മനസിലാക്കണമെന്നും ഏതൊക്കെ തരത്തിലുള്ള പ്രശ്നങ്ങള്‍ നടക്കുന്നു എന്നതുമൊക്കെയാണ് വളരെ സിമ്പിളായി കാണിക്കുന്നത്.

സര്‍ക്കാരിനെയോ പാര്‍ട്ടിയെയൊ ടാര്‍ഗറ്റ് ചെയ്യുന്നില്ല. ആരാണ് എന്താണെന്നുള്ളതിന് ഉപരി സാധാരണക്കാരുടെ പ്രശ്നങ്ങളാണ് സിനിമ പറയുന്നത്,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

Content Highlight: Writer Benyamin’s Reaction on Nna than case kodu movie poster controversy