ലോകകപ്പ് ഫുട്‌ബോള്‍: പിന്തുണയിലെ വര്‍ഗീയത
2022 FIFA World Cup
ലോകകപ്പ് ഫുട്‌ബോള്‍: പിന്തുണയിലെ വര്‍ഗീയത
ജംഷിദ് പള്ളിപ്രം
Sunday, 11th December 2022, 9:53 pm
മതം നോക്കി മുസ്‌ലിം രാജ്യങ്ങള്‍ പുറത്താകണമെന്ന് പറയുന്ന സംഘികളുടെ അതേ മാനസികാവസ്ഥ തന്നെയാണ് മുസ്‌ലിങ്ങളല്ലാത്തവര്‍ ശരിയല്ല എന്ന് പറയുന്നതും. ആ അസുഖത്തിന് ഒരൊറ്റ പേരെയുള്ളൂ.... മുഴുത്ത വര്‍ഗീയത.

മെസി ഗോളടിച്ചാല്‍ ഇരു കൈകള്‍ മുകളിലേക്ക് ഉയര്‍ത്തും. തന്റെ പത്താം വയസില്‍ മരണപ്പെട്ട അമ്മൂമ്മയുടെ ഓര്‍മയിലേക്കാണ് അയാള്‍ ഓരോ ഗോളും സമര്‍പ്പിക്കുന്നത്.
പെലെ ലോകകപ്പ് കിരീടം നേടിയപ്പോള്‍ ഓടിതിരഞ്ഞു പോയത് അയാളുടെ
അച്ഛനെയാണ്.

നമ്മള്‍ ജയിച്ചു എന്ന് പറയാന്‍, അച്ഛനെ കെട്ടിപിടിച്ചു കരയാന്‍. ക്രിസ്റ്റ്യാനോ റൊണോള്‍ഡോയെക്കാള്‍ ഫുട്‌ബോളില്‍ അമ്മയെ സ്‌നേഹിച്ച ഒരു മനുഷ്യനുണ്ടോ? പോരാട്ട വീര്യമുള്ള ഒരു മകനെ വളര്‍ത്തിയ മരിയ ഡോളൊറസ് എത്രയെത്ര കിരീടങ്ങള്‍ റൊണാള്‍ഡൊയോടൊപ്പം ചേര്‍ന്നുനിന്ന് ഉയര്‍ത്തിപിടിച്ചത് നമ്മള്‍ കണ്ടതാണ്.

ലോകകപ്പില്‍ മുസ്‌ലിങ്ങള്‍ ഉമ്മമാരെ സന്തോഷിപ്പിക്കാന്‍ കളിക്കുന്നതാണെന്നും ബാക്കി മതക്കാര്‍ ഗേള്‍ ഫ്രണ്ട്‌സിനെ സന്തോഷിപ്പിക്കാന്‍ വരുന്നതാണെന്നും പറയുന്നത് എത്രമാത്രം അശ്ലീലമാണ്. എന്തൊരു വെറുപ്പാണത്.

ക്വാര്‍ട്ടര്‍ പരാജയപ്പെട്ട് കരയുന്ന നെയ്മറിന്റെ അടുത്തേക്ക് ആശ്വസിപ്പിക്കാന്‍ ഓടിയെത്തിയ ക്രൊയേഷ്യന്‍ താരത്തിന്റെ മകന്‍ കാണിച്ച മാനവികത മനുഷ്യരെ അല്ലാതെ മറ്റാരെ ഇംപ്രസ് ചെയ്യാനാണ്.

സൗദിയും ഖത്തറും ഇറാനുമടങ്ങുന്ന മുസ്‌ലിം രാജ്യങ്ങളിലെ താരങ്ങള്‍ക്ക് ഉമ്മമാരില്ലെ? അവര്‍ ഗേള്‍ ഫ്രണ്ട്‌സിനെ സന്തോഷിപ്പിക്കാന്‍ വന്നതിനാലാണോ ആദ്യ റൗണ്ടില്‍ പുറത്തായത്. അങ്ങനെ ചിന്തിച്ചാല്‍ എത്രമാത്രം വികലമായ ചിന്തയായിരിക്കുമത്.

സ്വന്തം കഴിവില്‍ അഹങ്കരിക്കുന്നവരാണ് മറ്റ് മതസ്ഥരെന്നും മുസ്‌ലിങ്ങള്‍ മാത്രമാണ് ദൈവത്തോട് നന്ദി പറയുന്നതെന്നുമുള്ള ബോധം ആരുടെതാണ്.
കുരിശ് വരക്കുകയും ജീസസിന് നന്ദി പറയുകയും ചെയ്യുന്ന താരങ്ങളെ നിങ്ങള്‍ കണ്ടിട്ടില്ലെ? ദൈവത്തോട് പ്രാര്‍ത്ഥിച്ച് ഗ്രൗണ്ടിലിറങ്ങുന്ന കളിക്കാരെ കണ്ടിട്ടില്ലെ. അവര്‍ അവരുടെ വിശ്വാസ പ്രകാരം ചെയ്യുന്ന കാര്യങ്ങളെ പോലെ തന്നെയാണ് മുസ്‌ലിങ്ങള്‍ സുജൂദ് ചെയ്യുന്നതും.

രണ്ടും ബഹുമാനിക്കപ്പെടേണ്ടതാണെന്ന നീതി ബോധം ഇവര്‍ക്ക് ആരാണ് പറഞ്ഞുകൊടുക്കുക. മുസ്‌ലിങ്ങള്‍ക്ക് മാത്രമാണ് ഇമോഷന്‍സുള്ളൂ എന്നും മാതാപിതാക്കളോടും മക്കളോടും കരുണയുള്ളൂ എന്നും സ്‌നേഹമുള്ളൂ എന്നും മറ്റു മതക്കാര്‍ ആ രീതിയിലൊരു സ്‌നേഹമോ കരുണയോ മാതാപിതാക്കളോടില്ലാത്തവരാണെന്ന് പഠിപ്പിച്ചത് ആരാണ്.

മതം നോക്കി മുസ്‌ലിം രാജ്യങ്ങള്‍ പുറത്താകണമെന്ന് പറയുന്ന സംഘികളുടെ അതേ മാനസികാവസ്ഥ തന്നെയാണ് മുസ്‌ലിങ്ങളല്ലാത്തവര്‍ ശരിയല്ല എന്ന് പറയുന്നതും. ആ അസുഖത്തിന് ഒരൊറ്റ പേരെയുള്ളൂ…. മുഴുത്ത വര്‍ഗീയത.

Content Highlight: Write up on Racism in Support of  World Cup Soccer