റിലീസിന് പിന്നാലെ വിമര്‍ശനം, മാപ്പ് പറച്ചില്‍, പിന്‍വലിക്കല്‍; എന്തായിരുന്നു ആ ഡയലോഗിന്റെ കുഴപ്പം
Film News
റിലീസിന് പിന്നാലെ വിമര്‍ശനം, മാപ്പ് പറച്ചില്‍, പിന്‍വലിക്കല്‍; എന്തായിരുന്നു ആ ഡയലോഗിന്റെ കുഴപ്പം
അമൃത ടി. സുരേഷ്
Sunday, 7th August 2022, 1:56 pm

പൃഥ്വിരാജ് ചിത്രം കടുവ ജൂലൈ ഏഴിനാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ഒരു ഇടവേളക്ക് ശേഷം മലയാളത്തിലേക്ക് എത്തിയ മാസ് ആക്ഷന്‍ ചിത്രമെന്ന നിലയിലും സംവിധായകന്‍ ഷാജി കൈലാസിന്റെ മടങ്ങിവരവ് എന്ന നിലയിലും കടുവ നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പാലായിലെ പ്ലാന്ററായ കടുവാക്കുന്നേല്‍ കുര്യച്ചന്റെ കഥയാണ് ചിത്രം പറയുന്നത്. ഐ.ജി ജോസഫ് ചാണ്ടിയുമായുള്ള കുര്യച്ചന്റെ കൊമ്പുകോര്‍ക്കലാണ് കടുവയുടെ അടിസ്ഥാനം. ഒരു ഘട്ടത്തില്‍ ജോസഫ് ചാണ്ടിയുമായി ഉടക്കേണ്ടി വരുന്നതും തുടര്‍ന്നുള്ള കോണ്‍ഫ്ളിക്റ്റുകളുമൊക്കെയായി മാസ് പടത്തിന് വേണ്ട ചേരുവകളെല്ലാം ചേര്‍ത്ത് തന്നെയാണ് ഷാജി കൈലാസ് ചിത്രം ഒരുക്കിയിരിക്കുന്നത്.

റിലീസിന്റെ പിന്നാലെ തന്നെ ചിത്രത്തിലെ ഒരു ഡയലോഗ് വന്‍ വിമര്‍ശനത്തിന് വഴി വെച്ചിരുന്നു. ചിത്രത്തില്‍ വില്ലനായ ജോസഫ് ചാണ്ടിയുടെ ഇളയ മകന്റെ കഥാപാത്രം ഡൗണ്‍ സിന്‍ഡ്രോമുള്ള കുട്ടിയാണ്. ആ കുട്ടിക്ക് അങ്ങനെ സംഭവിച്ചത് ജോസഫ് ചാണ്ടിയുടെ പ്രവൃത്തികള്‍ കാരണമാണെന്ന് കുര്യച്ചന്‍ അയാളോട് പറയുന്നുണ്ട്.

സിനിമയുടെ പൊളിറ്റിക്കല്‍ കറക്റ്റ്‌നെസും ശരിയും തെറ്റുമെല്ലാം ഇഴകീറി പരിശോധിക്കപ്പെടുന്ന കാലത്ത് പ്രേക്ഷകര്‍ക്ക് അംഗീകരിക്കാനാവാത്ത ഒരു പിഴവായിരുന്നു കടുവയില്‍ ഈ ഡയലോഗ്. വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് ചിത്രത്തിലെ നായകനും സംവിധായകനും പ്രേക്ഷകരോട് ക്ഷമ ചോദിച്ച് രംഗത്തെത്തുകയും ഡയലോഗ് പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം തിയേറ്ററുകളിലും ഇപ്പോള്‍ ഒ.ടി.ടിയിലും ഈ ഡയലോഗ് മ്യൂട്ട് ചെയ്താണ് കേള്‍പ്പിക്കുന്നത്.

സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ക്ഷമ പറഞ്ഞിട്ടും നിരവധി പേര്‍ ഈ ഡയലോഗിനെ ന്യായീകരിച്ച് സോഷ്യല്‍ മീഡിയയില്‍ കമന്റ് ചെയ്യുന്നുണ്ടായിരുന്നു. പിന്തിരിപ്പന്‍ ചിന്താഗതി ഉള്ളവരും സമൂഹത്തിലുണ്ടെന്നും എല്ലാത്തിലും പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ് ചികയാന്‍ പോയാല്‍ സിനിമ എടുക്കാന്‍ പറ്റില്ലെന്നുമായിരുന്നു ഇക്കൂട്ടരുടെ വാദം.

പൊളിറ്റിക്കലി കറക്റ്റ് അല്ലാത്ത അളുകളും സമൂഹത്തിലുണ്ട്. അങ്ങനെയുള്ളവരെയും സിനിമയില്‍ കാണിക്കേണ്ടി വരും. ഒരു വിഭാഗത്തെ ഇകഴ്ത്തുന്നതോ പരിഹസിക്കുന്നതോ ആയ രംഗങ്ങള്‍ ഗ്ലോറിഫൈ ചെയ്യപ്പെടുന്നതിലോ ശരിയായി കാണിക്കുന്നതിലോ ആണ് പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കടുവയിലെ ഡയലോഗില്‍ പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ് വരുന്നത് നായകന്‍ ഹീറോയും നല്ലവനുമാകുന്നത്‌കൊണ്ടാണ്. തെറ്റുകള്‍ സംഭവിക്കാത്ത, നാട്ടുകാരുടെ ഹീറോയായ നായകനാണ് കുര്യച്ചന്‍. കുര്യച്ചന്റെ സുഹൃത്ത് ഒരു തെറ്റ് ചൂണ്ടിക്കാണിക്കുമ്പോള്‍ അത് തിരുത്താനും മാപ്പ് പറയാനും അയാള്‍ തയാറാകുന്നണ്ട്. അപ്പോള്‍ കുര്യച്ചന് തെറ്റും ശരിയും തിരിച്ചറിയാനുള്ള വിവരമുണ്ട്.

നീതിമാനായ, ശരിക്ക് വേണ്ടി നിലകൊള്ളുന്ന നായകനില്‍ നിന്നും അത്തരമൊരു ഡയലോഗ് വരുമ്പോഴാണ് അവിടെ പൊളിറ്റിക്കല്‍ കറക്റ്റ്‌നസിന്റെ പ്രശ്‌നം ഉണ്ടാവുന്നത്. അയ്യപ്പനും കോശിയിലേയും കോശി കുര്യനെ പോലെ തെറ്റുകള്‍ സംഭവിക്കുന്ന, സാധാരണക്കാരനെ പോലെയാണ് കടുവയിലെ കുര്യച്ചനെങ്കില്‍ അവിടെ അത്രയും പ്രശ്‌നം വരില്ലായിരുന്നു.

90കളില്‍ നടക്കുന്ന കഥയാണ് ചിത്രത്തില്‍ കാണിക്കുന്നത്. അക്കാലത്ത് ആളുകളുടെ ചിന്താഗതി അത്തരത്തിലായിരിക്കാമുള്ളത്. എന്നാല്‍ കുര്യച്ചന്‍ പറയുന്നത് ഒരു തെറ്റായിട്ടല്ല ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്. ഇനി അങ്ങനെയാണ് സിനിമ ഉദ്ദേശിച്ചതെങ്കില്‍ അത് പ്രേക്ഷകരിലേക്ക് എത്തിയിട്ടില്ല. ഈ സ്ഥാനത്ത് ഇങ്ങനെയൊരു രംഗത്തിന് പകരം മറ്റൊരു കാരണം പറയാമായിരുന്നു. ഒരു മെഡിക്കല്‍ കണ്ടീഷനെ ശാപമായി കണ്ട പിന്തിരിപ്പന്‍ ചിന്താഗതിയെ വീണ്ടും കൊണ്ടുവരേണ്ടതില്ലായിരുന്നു.

Content Highlight: write up of why criticism against the dialogue about the child with down syndrome in kaduva  reshare

അമൃത ടി. സുരേഷ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ജേര്‍ണലിസത്തില്‍ പി.ജിയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.